കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടന്‍ തിലകന്‍ പറഞ്ഞു.

‘ സത്യം തെളിയട്ടെ, സത്യം തെളിഞ്ഞാല്‍ ഇതിന്റെ ഉത്തരവാദികള്‍ ആരായാലും അര്‍ഹമായ ശിക്ഷ ലഭിക്കണം. അതേത് പാര്‍ട്ടിയിലുള്ളവരായാലും’

താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയില്‍ ഉള്ളവര്‍ ആയാല്‍പോലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് തിലകന്‍ ഇന്ത്യാവിഷന്‍ ചാനലിനോട് പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ കണ്ണൂരില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ചന്ദ്രശേഖരന്‍ വിഷയത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് തിലകന്‍ ചെയ്തത്. പത്താംക്ലാസുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തിയപ്പോഴും അച്ഛന്‍ മകളെ കൊലപ്പെടുത്തിയപ്പോഴും വാമൂടി നിന്ന്
ദൃശ്യമാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധം കൊട്ടിഘോഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നാണ് തിലകന്‍ പറഞ്ഞത്.

കേരളത്തില്‍ സമീപകാലത്ത് ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണമാരായാന്‍ ഒരു മാധ്യമവും തയ്യാറായില്ലെന്നും തിലകന്‍ കുറ്റപ്പെടുത്തി. കാങ്കോല്‍ ആര്‍ട്‌സ്് ലവേഴ്‌സ് അസോസിയേഷന്‍(കല) 20ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നും കഴിഞ്ഞദിവസം മോഹന്‍ലാലിന്റെ അഭിപ്രായം പുറത്തുവന്നിരുന്നു. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് ലാല്‍ അഭിപ്രായ പ്രകടനം നടത്തിയത്. കൊല്ലുകയും, കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നെന്നാണ് ലാല്‍ പറഞ്ഞത്.