സിനിമയില്‍ നിന്നും ഒതുക്കപ്പെട്ട തിലകനെ വീണ്ടും പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ ധൈര്യം കാണിച്ചയാളാണ് സംവിധായകന്‍ രഞ്ജിത്. തനിക്കാവശ്യമുണ്ടെങ്കില്‍, ആരെയും തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുമെന്നും ആരുടെ വിലക്കും താന്‍ കാര്യമാക്കുന്നില്ലെന്നും പറഞ്ഞാണ് ഇന്ത്യന്‍ റുപ്പിയില്‍ രഞ്ജിത് തിലകനെ കാസ്റ്റ് ചെയ്തത്. രഞ്ജിത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ശിഷ്യനും ആ ധൈര്യം കാട്ടുകയാണ്.

പ്രശസ്ത സംവിധായകനായ അന്‍വര്‍ റഷീദാണ് തിലകനെ തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഥയെക്കുറിച്ചും, കഥാപാത്രത്തെക്കുറിച്ചും കേട്ട തിലകന്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. മലബാറുകാരനായ പാചകക്കാരനായാണ് തിലകന്‍ ഈ സിനിമയില്‍ അഭിയനിക്കുന്നത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനാണ് ഈ ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്. അഞ്ജലി മേനോനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ട്രാഫിക്ക്, ചാപ്പാക്കുരിശ്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളെപ്പോലെ യുവതാരങ്ങളെ ഉപയോഗിച്ച് ഒരു ഹിറ്റ് ഒരുക്കാനാണ് അന്‍വര്‍ റഷീദിന്റെ നീക്കം.

തിലകനെതിരായ വിലക്ക് പിന്‍വലിച്ചിട്ടും മലയാളസിനിമയിലെ പല മുന്‍നിര സംവിധായകന്‍മാര്‍ക്കും അദ്ദേഹത്തെ ഉപയോഗിക്കാന്‍ മടിയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹവീടില്‍ നിന്നും സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയത് ആരെയൊക്കെയോ ഭയന്നിട്ടാണെന്ന് തിലകന്‍ കുറ്റപ്പെടുത്തിയിരുന്നു. ഏതായാലും സംഘടനയെ ഭയക്കാത്ത ചില സംവിധായകരുള്ളതുകൊണ്ട് മലയാള സിനിമയ്ക്ക് തിലകനെ നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷിക്കാം.