കഷ്ടകാലങ്ങള്‍ തിലകനെ വിട്ടൊഴിയുകയാണ്. ഈ അഭിനയപ്രതിഭ വെള്ളിത്തിരയില്‍ സജീവമാകാന്‍ പോകുകയാണ്.

രഞ്ജിത്താണ് ഈ മഹാനടന്റെ രണ്ടാവരവിന് വേദിയൊരുക്കുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം രഞ്ജിത്തൊരുക്കുന്ന ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ പ്രധാന കഥാപാത്രമായുണ്ടാവും.

തിരക്കഥയ്ക്കുശേഷം പൃഥ്വിരാജ് നായകനാകുന്ന രഞ്ജിത്ത് ചിത്രമാണിത്. റീമാ കല്ലിങ്കലാണ് നായിക. വളരെ സാധാരണക്കാരനായ ചെറുപ്പക്കാരനാണ് ജയപ്രകാശ്. ജെ.പി എന്ന ജയപ്രകാശിന്റെ ജീവിതത്തിലൂടെയാണ് ഇന്ത്യന്‍ റുപ്പി കടന്നുപോകുന്നത്. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിക്കുന്നത്.

ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ പകുതിയോടെ ആരംഭിക്കും.

മാമുക്കോയ, കല്‍പ്പന, ബാബുരാജ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ്.കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷഹബാസ്അമനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.