തൃശൂര്‍: ന്യൂമോണിയ ബാധയെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന  നടന്‍ തിലകന്റെ  നിലഗുരുതരമായി തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന തിലകന് അപകടകരമായ നിലയില്‍ അണുബാധയേറ്റിട്ടുണ്ട്.

Ads By Google

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒറ്റപ്പാലത്ത് സിനിമാ ചിത്രീകരണത്തിനിടെ അസുഖബാധിതനായ തിലകനെ അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ന്യൂറോ വിഭാഗത്തിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. തിലകന്റെ വൃക്കയ്ക്ക് നേരിയ തോതില്‍ അണുബാധയേറ്റതായി കണ്ടെത്തിയിട്ടുണ്ട്. സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഹൃദയാലയ സ്‌പെഷല്‍ ബ്ലോക്കിലെ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ് തിലകന്‍. ന്യൂറോളജി വിദഗ്ധന്‍ ഡോ. ഗില്‍വാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘമാണ് ചികിത്സകള്‍ക്കു നേതൃത്വം നല്‍കുന്നത്. നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗവും സംഘത്തിലുണ്ട്.