ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവര്‍ ജീവിച്ചിരിക്കെ തിലകനോട് നീതി കാട്ടിയില്ലെന്നു മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞു ആക്രമിച്ചുകൊണ്ടേയിരുന്നു. തെറ്റുചെയ്യാതെ പുറത്താക്കപ്പെട്ട തിലകനെക്കൊണ്ട് മാപ്പ് പറയിക്കാന്‍ അമ്മയുടെ തലതൊട്ടപ്പന്‍ ഇന്നസെന്റിന് യാതൊരു ഉളുപ്പും തോന്നിയില്ല. വഴങ്ങിക്കൊടുത്തില്ല. അഭിനയമെന്ന തന്റെ പ്രതിഭകൊണ്ട് മധുരമായി പ്രതികാരം കൊടുക്കുകയായിരുന്നു തിലകന്‍…വീഡിയോ സ്‌റ്റോറി/ ഷഫീക്ക് എച്ച്.


ഇവിടെ നിന്നാണ് ആ പരുക്കന്‍ ശബ്ദം നമ്മളെ പേടിപ്പിച്ചിട്ടുള്ളത്, കരയിപ്പിച്ചിട്ടുള്ളത്, കുടുകുടെ ചിരിപ്പിച്ചിട്ടുള്ളത്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി ‘ആ ശബ്ദമില്ലെങ്കില്‍ ഞാനില്ലെ’ന്ന്.. ആ ശബ്ദത്തെ അദ്ദേഹം അത്രയ്ക്ക് ഇടിഷ്ടപ്പെട്ടിരുന്നു.. വിശ്വസിക്കാന്‍ പറ്റുന്നില്ല അത് പെട്ടെന്ന് നമ്മളെ വിട്ടുപിരിയുമെന്ന്..

Ads By Google

തിലകന് ഏത് പരിവേഷമാണ് നമുക്ക് നല്‍കാനാവുക? ഏത് വാക്കുകൊണ്ടും നമുക്ക് പൂര്‍ണാണാര്‍ത്ഥത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല. അത്രയ്ക്കുണ്ട് ആ അഭിനയ പ്രതിഭ നമുക്കായി ഇവിടെ അവശേഷിപ്പിച്ച് കടന്നുപോയ ഓര്‍മകള്‍.. പോരാളിയുടെ മനക്കരുത്തും നന്‍മയുടെ ലാളിത്യമുള്ള പുഞ്ചിരിയും കരുത്താര്‍ന്ന പ്രതിഭയും അദ്ദേഹത്തില്‍ ഒന്നായലിഞ്ഞു ചേര്‍ന്നിരുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

തിരശ്ശീലയില്‍ തിലകന്‍ തിലകനല്ലാതായിത്തീരുകയായിരുന്നു. അച്യുതമേനോനും കള്ളുവര്‍ക്കിയും പെരുന്തച്ചനും രാമേട്ടനും ളോഹയിട്ട പള്ളീലച്ചനും ചാക്കോ മാഷൊക്കെ മാത്രമേ പ്രേക്ഷക ഹൃദയങ്ങളിലുള്ളു. ഓരോ കഥാപാത്രങ്ങളും മിഴിവോടെ നമ്മുടെ കണ്ണുകളില്‍ കാഴ്ച്ചയായും കാതുകളില്‍ ശബ്ദമായും ഇപ്പൊഴും തങ്ങി നില്‍പ്പുണ്ട്. ഉസ്താദ് ഹോട്ടലിലെ ഉപ്പാപ്പ പറയുന്നതുപോലെ വയറു നിറയുമ്പോഴല്ല മനസ്സു നിറയുമ്പോഴാണ് കലാകാരനും കലാകാരനാവുന്നത്. ഒരടയാളമെങ്കിലും ബാക്കിവെച്ച് പോവാത്ത കലാകാരനെ കലാകാരന്‍ എന്നു വിളിക്കാന്‍ കഴിയില്ലല്ലോ. അങ്ങനെയെങ്കില്‍ തിലകനെന്ന ആരുടെ മുന്നിലും മുട്ടുമടക്കാത്ത ആ കലാകാരന്‍ നമുക്ക് അവശേഷിപ്പിച്ച് കടന്നുപോയത് കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു.

പോരാടുന്ന ഒരാള്‍ക്ക് തന്റെ ജീവിതത്തിലുടനീളം പോരാട്ടം തുടരേണ്ടി വരും. മരണം കൊണ്ടാണ് ഒരു പോരാളി തന്റെ പ്രസക്തി തെളിയിക്കുന്നത്. വ്യവസ്ഥാപിത മൂല്യങ്ങോളോടും സംസ്‌ക്കാരത്തോടും തിലകന്‍ പടവെട്ടി. പലയിടങ്ങളിലും അദ്ദേഹം ഒറ്റപ്പെട്ടു. കലയുടെ സ്ഥാപനവല്‍ക്കരണ രൂപങ്ങള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു, അമ്മയുടെ രൂപത്തിലും മാക്ടയുടെ രൂപത്തിലും താരരാജാക്കന്‍മാരുടെ രൂപത്തിലും. തന്റെ പോര്‍നിലം തന്നെ അദ്ദേഹത്തിന് ഒരു ഘട്ടത്തില്‍ നഷ്ടമാവുകയുണ്ടായി. എന്നിട്ടും അദ്ദേഹം തളരാതെ എല്ലാ പ്രതിബന്ധങ്ങളെയും തന്റെ കാല്‍ക്കീഴിലെത്തിച്ചു എന്നത് നമ്മള്‍ കണ്ടതാണ്.

ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവര്‍ ജീവിച്ചിരിക്കെ തിലകനോട് നീതി കാട്ടിയില്ലെന്നു മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞു ആക്രമിച്ചുകൊണ്ടേയിരുന്നു. തെറ്റുചെയ്യാതെ പുറത്താക്കപ്പെട്ട തിലകനെക്കൊണ്ട് മാപ്പ് പറയിക്കാന്‍ അമ്മയുടെ തലതൊട്ടപ്പന്‍ ഇന്നസെന്റിന് യാതൊരു ഉളുപ്പും തോന്നിയില്ല. വഴങ്ങിക്കൊടുത്തില്ല. അഭിനയമെന്ന തന്റെ പ്രതിഭകൊണ്ട് മധുരമായി പ്രതികാരം കൊടുക്കുകയായിരുന്നു തിലകന്‍… A sweet revenge… എന്നെന്നും ഇവരുടെ നെഞ്ചകത്തെ കുറ്റബോധം ഒരു ഉമിത്തീപോലെ കത്തിക്കാന്‍ അതുമതി. ഇന്ത്യന്‍ റുപ്പീയിലെ അച്യുതമേനോനും ഉസ്താദ് ഹോട്ടലിലെ ഫൈസിയുടെ ഉപ്പുപ്പായും. നാടകത്തട്ടില്‍ നിന്നും ആ അതുല്യ പ്രതിഭയെ തിരികെ വിളിക്കേണ്ടി വന്നു മലയാള സിനിമയ്ക്ക്.

സിനിമ വളരെ ആഴത്തില്‍ അലിഞ്ഞ് ചേര്‍ന്ന മലയാളിയുടെ ജീവിതത്തില്‍ തിലകന്‍ അവശേഷിപ്പിച്ച ശൂന്യത വളരെ വലുതാണ്, കലാകാരനെന്ന നിലയിലും ആര്‍ക്കും തോറ്റകൊടുക്കാത്ത പോരാളിയെന്ന നിലയിലും.