തിരുവനന്തപുരം: കൈവിലങ്ങ് വെച്ച് കൊണ്ടുപോവുകയായിരുന്ന പൂജപ്പുര ജയിലിലെ വിചാരണത്തടവുകാരന്‍ ട്രെയിന്‍ യാത്രയ്ക്കിടെ പൊലീസിനെ വെട്ടിച്ച് ചാടി രക്ഷപ്പെട്ടു. കാസര്‍കോട് കമ്പള പൊലീസ് സ്‌റ്റേഷനിലെ ഒരു കേസിലെ പ്രതി ബാവ എന്നു വിളിക്കുന്ന ലോകേഷ് (28) ആണ് ഇന്ന് പുലര്‍ച്ചെ 4.40 ന് വര്‍ക്കലയ്ക്കടുത്ത് നിന്ന് രക്ഷപ്പെട്ടത്.

മോഷണകേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കാസര്‍കോഡ് കോടതിയിലെ മറ്റൊരു കേസിലെ വിചാരണക്ക് കൊണ്ടുപോയി മടങ്ങും വഴിയാണ് രക്ഷപ്പെട്ടത്. സിറ്റി എ.ആര്‍. ക്യാമ്പിലെ കിരണ്‍, അന്‍സര്‍ എന്നീ പൊലീസുകാര്‍ക്കൊപ്പമായിരുന്നു യാത്ര. കോടതിയില്‍ ഹാജരാക്കി മംഗലപുരം എക്‌സ്പ്രസ്‌സില്‍ തിരിച്ചുകൊണ്ടുവരവെ പൊലീസുകാര്‍ ഉറങ്ങിപ്പോയ സമയം നോക്കിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സൂചന.

ഒരു കൈയില്‍ വിലങ്ങുണ്ടായിരുന്ന ബാവ വര്‍ക്കല സ്‌റ്റേഷന്‍ വിട്ടതും ട്രെയിന്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസുകാര്‍ പ്രതി ചാടിപ്പോയ കാര്യംപോലും അറിയുന്നത്. ഇവര്‍ വിവരം തമ്പാനൂര്‍ പൊലീസില്‍ അറിയിച്ചശേഷം വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.

ട്രെയിനില്‍ നിന്നും ചാടിയ പ്രതിചെക്കാല വിളാകം ജംഗ്ഷനിലെത്തി സമീപത്തെ കടക്കാരനോട് ടാക്‌സി കിട്ടുമോയെന്ന് അന്വേഷിച്ചതായി വിവരമുണ്ട്. മുണ്ടും നീലഷര്‍ട്ടുമാണ് വേഷം. പൊലീസ് എല്ലാ സ്ഥലത്തും സന്ദേശം നല്‍കി അന്വേഷണമാരംഭിച്ചിട്ടുണ്ട്.