blackകോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാ­ര­നുമായ തെരുവത്ത് രാമന്‍ (93) നി­ര്യാ­ത­നായി. ഞായറാഴ്ച പുലര്‍­ച്ചെ ഒ­രു­മണി­യോടെ കോഴി­ക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയില്‍ പ്രവേശി­പ്പി­ക്കു­ക­യാ­യി­രുന്നു.

മലയാള മാധ്യമരംഗത്ത് സായാഹ്ന ദിനപത്ര പ്രസ്ഥാന­ത്തി­ന് തുട­ക്കം കു­റി­ച്ച് കൊ­ണ്ട് പ്ര­ദീ­പ­ം പത്രം ആ­രം­ഭിച്ച­ത് രാ­മേ­ട്ട­നാ­യി­രുന്നു. സാഹിത്യകാഹളം മാസികയുടെ പത്രാധിപരായിട്ടാ­ണ് മാ­ധ്യ­മ­പ്ര­വര്‍ത്ത­നം തു­ട­ങ്ങി­യത്. പിന്നീട് ‘കാഹളം’ വാരികയുടെ പത്രാധിപരായി. സ്വാതന്ത്ര്യസമരകാലത്ത് കാഹളത്തി­ലെ മുഖപ്രസംഗത്തിന്റെ പേരില്‍ ആറു മാസത്തെ തട­വ് അ­നു­ഭ­വി­ക്കേ­ണ്ടി വന്നു. തുടര്‍ന്ന് പത്രവും പ്രസ്സും സര്‍­ക്കാര്‍ കണ്ടുകെട്ടി. ഇ­തെ­തു­ടര്‍ന്ന് ‘ഭാ­രതി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. തിരുവിതാംകൂര്‍ ഉത്തരവാദഭരണ പ്രക്ഷോഭത്തെ അനുകൂലിച്ച് മുഖപ്രസംഗവും ലേഖനവും പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തിരുവിതാംകൂറില്‍ ഭാരതി നിരോധിച്ചു. ഭാരതിയുടെ പ്രസിദ്ധീകരണം നി­ല­ച്ച­തി­നെ­തു­ടര്‍­ന്നാണ് മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപം ആരം­ഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലം അതിന്റെ പത്രാധിപരായിരു­ന്നു. ചെറൂട്ടിനഗര്‍ പൂര്‍ണിമയിലായിരുന്നു താമസം.

ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍­സ്റ്റിറ്റിയൂട്ട്, ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌­സ് കോണ്‍ഫറന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. പ്രസ്സ് അക്കാദമി സ്ഥാപക കമ്മിറ്റി അംഗം, സ്‌­മോള്‍ ന്യൂസ്‌­പേപ്പര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ സ്‌­മോള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌­പേപ്പേഴ്‌­സ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, സ്‌റ്റേറ്റ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, പ്രസ് അഡൈ്വസറി കമ്മിറ്റി അംഗം, നോണ്‍ ജേര്‍ണലിസ്റ്റ് തൊഴില്‍ ബന്ധ കമ്മിറ്റി അംഗം, സെന്‍ട്രല്‍ കോര്‍പ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, സഹകരണ ഭൂപണയ ബാങ്ക് ഡയറക്ടര്‍, സീനിയര്‍ സിറ്റിസണ്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേസരി അവാര്‍ഡ്, ചെറുകിട പത്രങ്ങളുടെ പ്രിന്റിങ്ങിനും ലേ ഔട്ടിനും ഉള്ള പ്രത്യേക അവാര്‍ഡ്, ജെയന്റ്‌­സ് ഔട്ട്സ്റ്റാന്‍ഡിങ് പേഴ്‌­സണാലിറ്റി അവാര്‍ഡ്, കൊറിയന്‍ പ്രസ് സെന്ററിന്റെ വിശിഷ്ടാംഗത്വം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

സുപ്രഭാതം, നെടുവീര്‍പ്പ്, ജയ്ഹിന്ദ്, ബുദ്ധചരിതം, ഓര്‍മയുടെ നിറങ്ങള്‍, നേതാജി, ജയപ്രകാശ് തുട­ങ്ങി­ പു­സ്­ത­ക­ങ്ങള്‍ ര­ചി­ച്ചി­ട്ടുണ്ട്. ഭാര്യ: ശിവശങ്കരി മക്കള്‍: ഷീല, സോനില. മരുമക്കള്‍: സുരേഷ് (കുവൈത്ത്), വിനോദ്ബാബു (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്).