ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഒരു രാജ്യം മുഴുവന്‍. എന്നാല്‍ ഗൗരി ലങ്കേഷിന് യാതൊരു വിധത്തിലുള്ള വധഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്ന വിചിത്ര നിലപാടുമായി രംഗത്തെത്തിയിരിക്കുയാണ് കര്‍ണാടക ഡി.ജി.പി ആര്‍.കെ ദത്ത. മാത്രമല്ല കൊലപാതകികളെ കുറിച്ച് കാര്യമായ സൂചനയൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് കൂടി ഇദ്ദേഹം പറയുന്നു.

തനിക്ക് വധഭീഷണിയുണ്ടായിരുന്നെന്നും ഹിന്ദുത്വശക്തികളുടെ കൈകളാല്‍ താന്‍ കൊലചെയ്യപ്പെടുമെന്നും നിരവധി തവണ ഗൗരി ലങ്കേഷ് തന്നെ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ഗൗരി ലങ്കേഷിന് ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.


Dont Miss നിങ്ങളുടെ ബുള്ളറ്റുകള്‍ക്ക് അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാവില്ല; ഗൗരി ലങ്കേഷ് ഞങ്ങള്‍ക്ക് അമ്മയെപ്പോലെ; നടുക്കം രേഖപ്പെടുത്തി ജിഗ്നേഷ് മെവാനിയും കനയ്യകുമാറും ഉമര്‍ ഖാലിദും


ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഡി.ജി.പിയുടെ പരാമര്‍ശം. വധഭീഷണിയുണ്ടെന്ന് കാണിച്ച് അവര്‍ ഒരു പരാതിയും എനിക്ക് നല്‍കിയിട്ടില്ല. നക്‌സല്‍ ബന്ധവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ക്ക് ഞാന്‍ കുറച്ചു തവണ അവരെ കണ്ടിരുന്നു.

എന്നാല്‍ അന്നൊന്നും അവര്‍ ജീവന് ഭീഷണിയുണ്ടായിരുന്നതായി എന്നോട് പറഞ്ഞിരുന്നില്ല. അധികം വൈകാതെ തന്നെ കൊലപാതകികളെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി.ജി.പി പറയുന്നു.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവര്‍ മരണപ്പെട്ടു എന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. രാജേശ്വരി നഗറിലെ അവരുടെ വീടിന് മുന്നിലെ ഗെയ്റ്റ് തുറക്കുമ്പോഴാണ് അക്രമികള്‍ വെടിവെച്ചതെന്ന് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ചുരുക്കം ചില വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കൊലപാതകത്തിനായി മുന്‍കൂട്ടി പദ്ധതിയിട്ടെന്ന് വേണം മനസിലാക്കാന്‍. അക്രമികള്‍ 7,30 മുതല്‍ അവരുടെ വീടിന് മുന്‍പില്‍ കാത്തിരുന്നു. അവര്‍ എത്തി ഗെയ്റ്റ് തുറക്കുമ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഡി.ജി.പി പറയുന്നു.

അതേസമയം കൊലപാതകത്തില്‍ അന്വേഷണം കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പിടികൂടുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. രണ്ട് ആഴ്ചമുന്‍പ് താന്‍ ഡി.ജി.പിയെ കണ്ടിരുന്നെന്നും എന്നാല്‍ ഗൗരി ലങ്കേഷിനെതിരായ വധഭീഷണിയെ കുറിച്ചൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും രാമലിംഗ റെഡ്ഡി പറയുന്നു.

അതേസമയം കല്‍ബുര്‍ഗിയുടെ മരണവുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് സാമ്യമുണ്ടോയെന്ന ചോദ്യത്തിന് അതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ പ്രതികരിക്കാന്‍ കഴിയുള്ളൂവെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.