dr-k-madhavankutty

കോഴിക്കോട്: പാര്‍ട്ടികള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു 1991 ലെ കോ.ലീ.ബീ സഖ്യമെന്ന് അന്നത്തെ ബേപ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി  ഡോ. കെ മാധവന്‍കുട്ടി.

കോ.ലീ.ബീ സഖ്യത്തിന് കരാര്‍ ഉറപ്പിച്ചത് ആര്‍.എസ്.എസ് കാര്യാലയത്തില്‍വെച്ചായിരുന്നെന്ന് അന്നത്തെ ബേപ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. കെ മാധവന്‍കുട്ടി വെളിപ്പെടുത്തി.

താനും രത്‌നസിങ്ങും 1991ല്‍ ബേപ്പൂരിലും വടകരയിലും കോ.ലീ.ബി സ്ഥാനാര്‍ത്ഥികളായി മല്‍സരിച്ചത് ആര്‍.എസ്.എസ് കാര്യാലയത്തില്‍ ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കിയതിനു ശേഷമാണെന്ന് ഡോ. കെ മാധവന്‍കുട്ടി പറഞ്ഞു. ചര്‍ച്ചചെയ്ത് പരസ്പര ധാരണയുണ്ടാക്കിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും ലീഗും ചേര്‍ന്ന് തങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയത്. ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു മാധവന്‍കുട്ടി.

മല്‍സരിക്കും മുമ്പ് കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായും കോ.ലീ.ബി സഖ്യമുണ്ടായിരുന്നില്ലെന്ന കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വാദം വസ്തുകക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ആര്‍.എസ്്.എസ് കാര്യാലയത്തിലായിരുന്നു പ്രാഥമിക ചര്‍ച്ച. യോഗത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും താനും രത്‌നസിങ്ങും പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത് എം.പി ഗംഗാധരനായിരുന്നു.

കെ കരുണാകരനും സഖ്യമുണ്ടാക്കുന്നതില്‍ പങ്കുവഹിച്ചു. ബി.ജെ.പിയുടെ ഭാഗത്തുനിന്ന് കെ.ജി മാരാരും പി.പി മുകുന്ദനുമുണ്ടായിരുന്നു. ആര്‍.എസ്.എസ് നേതാക്കളായ പി പരമേശ്വരനും പി ഗോപാലന്‍കുട്ടിയും മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഫറോക്ക് പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിലായിരുന്നു ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എന്‍.എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായും മാധവന്‍കുട്ടി വെളിപ്പെടുത്തി.

എല്ലാവരും തനിക്കായി ഒന്നിച്ച് പ്രചാരണം നടത്തിയെന്നും ഫറോക്കിലെ ബേപ്പൂര്‍മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ബി.ജെ.പിയും ലീഗും അവരുടെ പ്രവര്‍ത്തകരെ നിയോഗിച്ചാണ് പ്രവര്‍ത്തനം നിയന്ത്രിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായി ജോലിചെയ്ത ഡോ. മാധവന്‍കുട്ടി 1989ല്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്വതന്ത്രനായാണ് ആദ്യം തിരഞ്ഞെടുപ്പ് രംഗത്തെത്തിയത്.