എഡിറ്റര്‍
എഡിറ്റര്‍
നായകള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണസംഘം
എഡിറ്റര്‍
Friday 16th November 2012 11:08am

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നായകള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അന്വേഷണസംഘം.

Ads By Google

രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തില്‍ 20ലേറെ നായകളെയാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. ഇവയില്‍ ഒരു നായയുടെ മുറിവുപോലും പുതിയതല്ലെന്നും മറ്റ് നായകളില്‍നിന്ന് കടിയേറ്റത് മൂലമുണ്ടായതാണെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് മലപ്പുറം ഡി.വൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.

രാത്രി ഇരുചക്ര വാഹനങ്ങളിലും മറ്റും പോകുന്നവരെ ശല്യപ്പെടുത്താനെത്തുന്ന നായകളെ വിരട്ടിയോടിക്കുന്നതിനിടെ പറ്റുന്ന മുറിവുകള്‍ വ്രണങ്ങളായി മാറിയതാവാം വെട്ടേറ്റെന്ന പരിഭ്രാന്തി പരക്കാന്‍ കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍.

അരീക്കോട്, കാളികാവ്, ചങ്ങരംകുളം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നായകളെ പരിശോധിച്ചപ്പോഴും ഇതുതന്നെയാണ് വ്യക്തമായതെന്ന് അന്വേഷണ സംഘം അറിയിച്ചു. നായകളുടെ ഉമിനീരിന് അതിന്റെ തന്നെ മുറിവുണക്കാനുള്ള ഔഷധഗുണമുണ്ട്. അതിനാലാണ് നായ മുറിവുകളില്‍ എപ്പോഴും നക്കുന്നത്.

എന്നാല്‍, കഴുത്തിലും പുറത്തും മുറിവേറ്റാല്‍ നക്കിതുടക്കാനാവില്ല. ഇതാണ് മുറിവുകള്‍ വ്രണങ്ങളായി മാറാനിടയാക്കിയത്. കഴിഞ്ഞ ദിവസം പെരുവള്ളൂരില്‍ മുറിവേറ്റ നായയെ മയക്കിക്കിടത്തി പരിശോധിച്ചപ്പോഴും വെട്ടേറ്റതല്ലെന്ന് തെളിഞ്ഞിരുന്നു.

കാളികാവില്‍ മുറിവേറ്റ നിലയില്‍ കണ്ട നായയുടെ കുടല്‍ പുറത്തെത്തിയതിനാല്‍ വന്യജീവികളുടെ ആക്രമണമാണുണ്ടായതെന്ന വിലയിരുത്തലിലാണ് പൊലീസ്. രാമനാട്ടുകര ബൈപാസില്‍ നായയേയും കുറുക്കനേയും ചത്ത നിലയില്‍ കണ്ടെത്തിയതും ദുരൂഹത പരത്തിയിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ വാഹനമിടിച്ചാണ് ഇവ ചത്തതെന്ന് കണ്ടെത്തിയതായി ഡി.വൈ.എസ്.പി അറിയിച്ചു.

Advertisement