കൊച്ചി: യുവനടിക്കെതിരായ ആക്രമണം ഗൂഢാലോചനയാണെന്ന വാദത്തില്‍ ഉറച്ച് നടി മഞ്ജു വാര്യര്‍. ആക്രമണ സംഭവം യാദൃശ്ചികമല്ലെന്നും ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നുവെന്നും മഞ്ജു പറയുന്നു. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മഞ്ജു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.


Also Read: സാരമില്ല മകളേ.. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക: ആക്രമിക്കപ്പെട്ട നടിയോട് സുഗതകുമാരി


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢലോചന നടന്നിട്ടുണ്ടെന്നാരോപിച്ച് ആദ്യം രംഗത്തെത്തിയതും മഞ്ജുവായിരുന്നു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജു സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചത്.

‘ കഴിഞ്ഞ ദിവസത്തെ സംഭവം യാദൃശ്ചികമല്ല. ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. ഡ്രൈവറെ വിലക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുക, പിന്തുടരുക, റോഡില്‍ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചു കയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിലിംഗിന് ശ്രമിക്കുകയും ചെയ്യുക… അങ്ങനെ ഒരോന്നും നേരത്തെ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടണ് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ പറഞ്ഞതും. അതാണ് അന്വേഷണത്തില്‍ തെളിയേണ്ടത്. എനിക്ക് നമ്മുടെ സര്‍ക്കാരിലും അന്വേഷണ ഉദ്യോസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവില്‍ തെളിയുക തന്നെ ചെയ്യും. ‘ മഞ്ജു പറയുന്നു.

ഒരു സ്ത്രീയ്ക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകണം. നിര്‍ഭയമായി ജോലി ചെയ്യാനും സഞ്ചരിക്കാനുമാകണമെന്നും മഞ്ജു പറയുന്നു. ആ ദിവസത്തിന്റെ പിറ്റേന്ന് ആക്രമണത്തിന് ഇരയായ നടിയെ കണ്ടപ്പോള്‍ അവരുടെ മുഖം ഉടഞ്ഞുപോകാത്ത കണ്ണാടിയായാണ് തനിക്ക് തോന്നിയതെന്നും അതില്‍ തന്നെയും ഒരുപാട് അമ്മമാരേയും പെണ്‍മക്കളേയും കണ്ടതായും മഞ്ജു ലേഖനത്തില്‍ എഴുതുന്നു.

സിനിമാതാരം ആക്രമിക്കപ്പെട്ടത് കൊണ്ടാണ് ഇത്രയും വാര്‍ത്തകളും പ്രതികരണങ്ങളുമെന്ന വാദങ്ങളെയും മഞ്ജു വിമര്‍ശിക്കുന്നുണ്ട്. അവളെ ഒരു പെണ്‍കുട്ടിയായി മാത്രം കാണുക. എപ്പോഴും ചിരിച്ചു കൊണ്ടു നടന്ന പെണ്‍കുട്ടി. ജീവിതത്തില്‍ ഏറ്റവും ക്രൂരമായി അവള്‍ക്ക് മുറിവേല്‍ക്കുന്നു. അത് നമ്മളില്‍ ആര്‍ക്കും സംഭവിക്കാമായിരുന്നുവെന്നും അതാണ് ചിന്തിക്കേണ്ടതുമെന്നുമായിരുന്നു മഞ്ജുവിന്റെ വിമര്‍ശനം. സിനിമാ താരാമായിരുന്നു എന്നത് രണ്ടാമത്തെ കാര്യം മാത്രമാണെന്നും ദയവായി അവളെ നമ്മളിലൊരാളായി കാണാനും മഞ്ജു പറയുന്നു.


Also Read: ചില സംശയങ്ങളുണ്ട്; സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിക്കട്ടെ; കേസ് പിന്‍വലിക്കില്ലെന്നും നടിയുടെ കുടുംബം


അഹങ്കരിക്കാന്‍ പലതുമുണ്ട് കേരളത്തിന് എന്നാല്‍ അവ സോപ്പുകുമിളയെന്നോളം പൊട്ടിപ്പോകുന്നതുകണ്ട് തലകുനിക്കുകയാണ് നാം ഇപ്പോളെന്നും മഞ്ജു അഭിപ്രായപ്പെടുന്നുണ്ട്. രാത്രിയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍പ്പോലും പെണ്‍കുട്ടി സുരക്ഷിതയല്ലാത്ത നാടിന് എങ്ങനെയാണ് മറ്റുള്ളവര്‍ക്കു മുന്നില്‍ നിവര്‍ന്ന് നില്‍ക്കാനാകുകയെന്നും മഞ്ജു ചോദിക്കുന്നു.

കുറ്റവാളിയുടെ സ്ഥാനത്ത് മലയാളിയുടെ മനോഭാവമാണെന്ന് അഭിപ്രായപ്പെടുന്ന താരം സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുന്ന സമൂഹക്രമത്തില്‍ ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സ്ത്രീയില്‍ നിന്നും കിട്ടുന്ന ബഹുമാനം തിരിച്ച് അവള്‍ക്കും നല്‍കാനുളള മനോനില പുരുഷന്‍ കൈവരിച്ചാല്‍ അന്നുതീരും ഇതെല്ലാമെന്നും മഞ്ജു പറയുന്നു.