Categories

പാചകവാതക വിലവര്‍ദ്ധനയില്‍ മാറ്റമില്ലെന്ന് വീരപ്പ മൊയ്‌ലി

veerappa-moily

ന്യൂദല്‍ഹി: പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിറക്കിയിട്ടുണ്ടെന്നും മൊയ്‌ലി പറഞ്ഞു. രാജ്യത്തെവിടെയും പാചകവാതക വിതരണം തടസപ്പെട്ടിട്ടില്ല, ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല- മൊയ്‌ലി പറഞ്ഞു.

പാചകവാതകത്തിന് ഒറ്റയടിക്ക് 230.16 രൂപ വര്‍ധിപ്പിച്ചതിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കേയാണ് മൊയ്‌ലിയുടെ പ്രസ്താവന.

ഇതിനിടെ ചിലയിടങ്ങളില്‍ പാചകവിതരണം നിലച്ചുവെന്ന വാര്‍ത്തയും വന്നിരുന്നു. കേരളത്തില്‍ ഉദയംപേരൂരുള്ള ഐ.ഒ.സി പ്ലാന്റില്‍ ടാങ്കുകള്‍ കെട്ടിക്കിടക്കുന്നതായും വാര്‍ത്ത വന്നിരുന്നു.

ഇന്ന് രാവിലെയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായുള്ള സിലിണ്ടറിന് 230.16 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1293.50 രൂപയാകും.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് 714 രൂപ സബ്‌സിഡിയായി ലഭിക്കും.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പുതിയ വില 2184.50 രൂപയും ആക്കി. 385.95 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ വര്‍ധിപ്പിച്ചത്.

എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് പാചകവാതകത്തിന്റെ വില 2000ന് മുകളില്‍ എത്തുന്നത്.

പുതിയ വില വര്‍ധനവ് വരുന്നതോടെ നികുതിയിനത്തില്‍ 64 രൂപ കൂടി ഉപഭോക്താവിന് നഷ്ടമാകും. ആധാറുമായി സിലിണ്ടറുകളെ ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്‌സിഡി ലഭ്യമാകില്ല എന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തിയ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍  കുത്തനെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Tagged with: |