ലണ്ടന്‍: റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനും സോവിയറ്റ് യൂണിയന്‍ ശില്‍പ്പിയുമായ വഌദിമിര്‍ ഇല്ലിച്ച് ലെനിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമി ജോസഫ് സ്റ്റാലിന്‍ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്ന് ആരോപണം.  റഷ്യന്‍ ചരിത്രകാരന്‍ ലീവ് ലൂറി തന്റെ പുതിയ തിയറിയുടെ ബലത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അവസാനകാലത്ത് സംഭവിച്ച പക്ഷാഘാതവും മറ്റ് ശാരീരിക വൈഷമത്യകളുംമൂലം  ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായിക്കൊണ്ടിരുന്ന ലെനിനെ ഇല്ലാതാക്കാന്‍ സ്റ്റാലിന്‍ ചെറിയ തോതില്‍ വിഷം പ്രയോഗിക്കുകയായിരുന്നത്രേ. ആദ്യകാലത്ത് സ്റ്റാലിന്‍ തന്റെ പിന്ഗാമിയായി തീരുന്നതിനെ പിന്തുണച്ച ലെനിന്‍ തന്റെ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ലിയോണ്‍ ട്രോട്‌സ്‌കിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചതാണ് സ്റ്റാലിനെ ചൊടിപ്പിച്ചതെന്നാണ് ലൂറി തന്റെ തിയറിയില്‍ പറയുന്നത്.

മരണത്തിന് തൊട്ടുമുന്‍പെഴുതിയ കുറിപ്പുകളില്‍ സ്റ്റാലിന്റെ മോശമായ രീതികളെയും അതിമോഹങ്ങളെയും ലെനിന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സ്റ്റാലിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുവരെ ലെനിന്‍ നിര്‍ദേശിച്ചിരുന്നതായി ലൂറി പറയുന്നു.

ലെനിനെ കൊലചെയ്ത അതേ രീതി തന്നെ പിന്നീട് അധികാരത്തിലെത്തിയ ശേഷം തന്റെ ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ സ്റ്റാലിന്‍ പ്രയോഗിച്ചിരുന്നതായും ലൂറി തന്റെ തിയറിയില്‍ പറയുന്നു. തന്റെ തിയറിയെ നിഷേധിക്കുന്നവര്‍ മോസ്‌കോയില്‍ സൂക്ഷിച്ചിരിക്കുന്ന ലെനിന്റെ തലച്ചോറില്‍ പരിശോധന നടത്തണമെന്നും ലൂറി വെല്ലുവിളിക്കുന്നു.

ന്യൂറോളജിസ്റ്റ് കൂടിയായ ലൂറി, ഡോ. ഹാരി വിന്റേഴ്‌സിനൊപ്പമാണ് ലെനിന്റെ മരണത്തെക്കുറിച്ച് പഠനം നടത്തിയത്. മണ്‍മറഞ്ഞ നിരവധി പ്രമുഖരുടെ മരണരഹസ്യങ്ങള്‍ എന്ന പേരില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ മേരിലാല്‍ഡ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം ഇരുവരും വിശദീകരിച്ചിരുന്നു.

Malayalam News

Kerala News in English