tekkadiകുമളി: തേക്കടി ബോട്ടു ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തു. ഐ ആര്‍ എസ് സര്‍വേയര്‍ കെ.കെ. സഞ്ജീവ്, ബോട്ട് നിര്‍മാണ കമ്പനി വിഘ്‌­നേശ് മറൈന്‍ ടെക്‌­നിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എന്‍ ഗിരി എന്നിവരാണ് അറസ്റ്റിലായ­ത്. ക്രൈബ്രാഞ്ചിന്റെ ആവശ്യപ്രകാരം ബോട്ട് പരിശോ­ധ­ന­ക്കായി തേക്കടിയില്‍ എത്തിയ ഇരുവരെ­യും അറ­സ്റ്റു ചെയ്യുകയായിരു­ന്നു.

മന:പൂര്‍വമല്ലാത്ത ന­രഹത്യക്കാണ് കേസെടുത്തിരി­ക്കു­ന്നത്. ബോട്ട് പൂര്‍ണമായും പരിശോധിച്ച ശേഷമാണ് ഐ ആര്‍ എസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറഞ്ഞു. ബോട്ടിന് ചരിവുണ്ടായിരുന്നുവെന്ന് നിര്‍മാതാവിന് അറിയാമായിരുന്നുവെന്നും അവര്‍ പ­റഞ്ഞു.

തേക്കടി ബോട്ടപകടത്തിന്റെ സാങ്കേതിക പിഴവുകള്‍ കണ്ടെത്തുന്നതിനുള്ള ചെരിവ് പരിശോധന ഇന്നു പൂര്‍ത്തിയായി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഷിപ്പ് ടെക്‌നോളജി വിഭാഗം തലവന്‍ ഡോ. പ്യാരിലാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന നാലുമണിക്കൂര്‍ നീണ്ടുനിന്നു. ക്രൈംബ്രാഞ്ച് ഐജി ആര്‍.ശ്രീലേഖ, മറ്റ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ഫൊറന്‍സിക് വിദഗ്ധര്‍, ഐ ആര്‍ എസ് അധികൃതര്‍, ബോട്ട് രൂപകല്‍പന ചെയ്ത പ്രഫ. അനന്ത സുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോ­ധന.