Administrator
Administrator
തേക്കടി : ബോട്ട് ഡ്രൈവര്‍ അറസ്റ്റില്‍
Administrator
Monday 5th October 2009 8:44am

victer-thekkadyകുമളി: 46 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ടപകടത്തിലെ അപകടത്തില്‍പ്പെട്ട ബോട്ട് ഓടിച്ചിരുന്ന ഡ്രൈവര്‍ വിക്ടര്‍ സാമുവലിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.

12 യാത്രക്കാര്‍ അധികം കയറിയിരുന്നെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വിക്ടര്‍ സാമുവലിനെ ഒന്നാം പ്രതിയാക്കി നരഹത്യയ്ക്കു കേസെടുക്കാന്‍ കേസ് അന്വേഷണ ചുമതലയുള്ള എസ്.പി പി.വി. ശ്രീവല്‍സന്‍ നേരെത്തെ നിര്‍ദേശം നല്‍കിയിരുന്നു.

മേല്‍ത്തട്ടില്‍ 12 പേര്‍ അധികം കയറിയതോടെ ബോട്ടിന്റെ ബാലന്‍സ് തുടക്കത്തിലെ തെറ്റിയിരുന്നു.ബോട്ടിന്റെ സീറ്റിങ് ശേഷിയായ 75 പേര്‍ക്കുള്ള ടിക്കറ്റുകള്‍ മാത്രമാണു തങ്ങള്‍ നല്‍കിയതെന്നു കെ.ടി.ഡി.സി അധികൃതര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. കൗണ്ടറില്‍നിന്നു നല്‍കുന്ന ടിക്കറ്റുകള്‍ പരിശോധിച്ചു സഞ്ചാരികളെ ബോട്ടില്‍ കയറ്റുന്ന ചുമതലയുള്ള കെ.ടി.ഡി.സി സൂപ്പര്‍ വൈസര്‍ ദുരന്തം നടന്ന ദിവസം അവധിയിലായിരുന്നു. ഇയാളുടെ അഭാവത്തില്‍ ഡ്രൈവര്‍ തന്നെയാണു ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്.

അപകടത്തെപ്പറ്റി ബോട്ടിന്റെ ഡ്രൈവറും സഹായികളും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.ബോട്ട് മറിയുന്നതിനു മുമ്പ് സഞ്ചാരികള്‍ ഒന്നാകെ വലതുസൈഡിലേക്ക് നീങ്ങിയെന്നാണ് ഡ്രൈവര്‍ വിക്ടര്‍ സാമുവലിന്റെ മൊഴി. എന്നാല്‍ സഹായി അനീഷിന്റെ മൊഴി, തീരത്ത് എത്തിയ മൃഗങ്ങളെ കണ്ട് ബോട്ട് നിര്‍ത്തിയിരുന്നുവെന്നും ഇതിനുശേഷം തിരിക്കുമ്പോഴാണ് ബോട്ട് മറിഞ്ഞതെന്നുമാണെന്ന് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി. പി.എ. വത്സണ്‍ പറഞ്ഞു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകും.

Advertisement