തേക്കടി: ബോട്ട് ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന തേക്കടിയിലെ ബോട്ട് സര്‍വ്വീസ് നാളെ തുടങ്ങും. വനം വകുപ്പാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. പെരിയാര്‍, വംജ്യോത്സന എന്നീ ബോട്ടുകളാണ് സര്‍വ്വീസ് തുടങ്ങുക. ഇവക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം നല്‍കിയരുന്നു.

തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 30നാണ് ഇവിടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. കര്‍ശനമായ നിബന്ധനകളോടെയാണ് ഇപ്പോള്‍ സര്‍വ്വീസിന് അനുമതി നല്‍കിയത്. ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് കര്‍ശനമായി തടഞ്ഞിട്ടുണ്ട്. തേക്കടി വന്യ ജീവി സങ്കേതത്തിലേക്ക് ടിക്കറ്റെടുത്ത് വരുന്ന സന്ദര്‍ശകര്‍ക്ക് മാത്രമേ ഇനി മുതല്‍ ബോട്ട് സര്‍വ്വീസിന് ടിക്കറ്റ് നല്‍കൂ. നേരത്തെ സങ്കേതത്തിലെ ജീവനക്കാരും മറ്റും ടിക്കറ്റ് മുന്‍കൂട്ടി വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.