തേക്കടി: തേക്കടി ബോട്ടപകടം അന്വേഷിച്ച കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടിന്റെ നിര്‍മ്മാണത്തിലുണ്ടായ പിഴവാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ജസ്റ്റിസ് ഇ മൊയ്തീന്‍ ചെയര്‍മാനായ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബോട്ട് നിര്‍മ്മിച്ച കമ്പനിക്കാണ് അപകടത്തിന്റെ പ്രധാന ഉത്തരവാദിത്തം. തമിഴ്‌നാട്ടിലെ വിഘ്‌നേശ്വര മരൈന്‍ എന്‍ജിനിയറിംങ് കമ്പനിയാണ് കെ.ടി.ഡി.സിക്ക് ബോട്ട് നിര്‍മ്മിച്ചുനല്‍കിയത്. രൂപകല്പനയില്‍ പിഴവുള്ള ബോട്ട് വേണ്ടത്ര പരിശോധനങ്ങള്‍ നടത്താതെ വാങ്ങിയ കെ.ടി.ഡി.സിയും കുറ്റക്കാരാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കെ.ടി.ഡി.സി എം.ഡിക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ബോട്ടിന്റെ നിര്‍മ്മാണ രൂപരേഖ ഡിസൈനര്‍ തയ്യാറാക്കി നല്‍കിയിരുന്നു. ഇതില്‍ അപാകതയൊന്നും ഉണ്ടായിരുന്നില്ല. ഇത് പരിഗണിക്കാതെയാണ് കമ്പനി ബോട്ട് നിര്‍മ്മിച്ചത്. ഇതിന് 180 ഡിഗ്രി ചരിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ബോട്ടിന് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളെ കുത്തിനിറച്ചിട്ടുണ്ടായിരുന്നു. അപകടസമയത്ത് വേണ്ടത്ര ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ബോട്ട് ഓടിച്ചിരുന്ന ഡ്രൈവര്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്ത ആളായിരുന്നതും അപകടത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 22 നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. അപകടമുണ്ടാകുന്ന സമയത്ത് യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി ബോട്ടുകളില്‍ സുരക്ഷാ സംവിധാനം സജ്ജമാക്കണമെന്നും വിനോദ സഞ്ചാരത്തിനായി സര്‍ക്കാരിന്റെ അധീനതയിലുള്ള ബോട്ട് മാത്രമേ ഉപയോഗിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

60തിലധികം സാക്ഷിമൊഴികളും 125 രേഖകളും ഇതുസംബന്ധിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ചശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

തേക്കടി തടാകത്തില്‍ 2009 സപ്തംബര്‍ 30ന് കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ഫൈബര്‍ ബോട്ട് മറിഞ്ഞ് 45 യാത്രക്കാരണ് മരിച്ചത്.