tekkadi-boat-accidentതേക്കടി: തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഇന്നലെ 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അഞ്ചിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇവര്‍ക്കു വേണ്ടി ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ തുടരും. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് വത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ മരണം 44 ആയെന്ന വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് 41 ആയി സ്ഥിരീകരിക്കുകയായിരുന്നു.

അപകടം നടന്ന ബുധനാഴ്ച 31 മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ താമസക്കാരായ മലയാളികളാണ്. 23 സ്ത്രീകളും 10 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷപ്പെട്ടവരില്‍ 15 പേര്‍ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. 76 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സൂചന.

തമിഴ്‌നാട് സ്വദേശികളായ 11 പേരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. 60 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ സ്വദേശങ്ങളിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിമാനത്തില്‍ കൊണ്ടുപോകേണ്ട മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിന് വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ബാംഗ്ലൂര്‍ സ്വദേശി രാജശേഖരന്റെ ഭാര്യ ശാന്തകുമാരി (35), മകള്‍ ഐശ്വര്യ (4), ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ സിനുവിന്റെ മക്കള്‍ അഭിലാഷ് (19), അപൂര്‍വ (15) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അപകടകാരണത്തെക്കുറിച്ചുള്ള അവ്യക്തതകള്‍ തുടുമ്പോഴും ബോട്ടിന്റെ ഘടനയെ ചൊല്ലി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബോട്ടിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നാണ് ആരോപണം. ഇതാണ് അപകടത്തില്‍ കൂടുതല്‍ പേര്‍ മരിക്കാനിടയായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെ സ്ഥിരമായി മരത്തിന്റെ ബോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഭാരക്കൂടുതലുള്ള ഈ ബോട്ട് എളുപ്പത്തില്‍ മറയാന്‍ സാധ്യതയില്ല. എന്നാല്‍ താരതമ്യേന ഭാരം കുറഞ്ഞ ഫൈബര്‍ ബോട്ടില്‍ ബാരം കൂടുതലുണ്ടാവുമ്പോള്‍ ബാലന്‍സ് ചെയ്യാന്‍ കഴിയില്ല. മരക്കുറ്റികള്‍ ധാരാളമായുള്ള ഇവിടെ ഫൈബര്‍ ബോട്ടു യാത്ര അപകടകരമാണെന്നും പലരും ചൂണ്ടിക്കാട്ടി. യാത്ര തുടങ്ങിയപ്പോഴെ ബോട്ടിന് വലതു വശത്തേക്ക് ചെരിവുണ്ടായിരുന്നതായി ജലകന്യകയിലെ യാത്രക്കാരനായിരുന്ന ലണ്ടന്‍ സ്വദേശി പീറ്റര്‍ റയാന്‍ വ്യക്തമാക്കി. ബോട്ടിനുണ്ടായ തകരാര്‍ കാരണം അടിത്തട്ടില്‍ വെള്ളം കയറിയതാകാം അപകട കാരണമെന്നും പീറ്റര്‍ പറഞ്ഞു.

അതേസമയം, ബോട്ട് പെട്ടെന്ന് വളച്ചതാണ് അപകടകാരണമെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. കരയില്‍ മൃഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാരില്‍ ചിലര്‍ വെളിപ്പെടുത്തി. മൃഗങ്ങളെ കണ്ടു യാത്രക്കാര്‍ ഒരു വശത്തേക്കു നീങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍ പറഞ്ഞു. ഫൈബര്‍ ബോട്ടുകള്‍ ഓടിക്കാന്‍ തനിക്ക് വേണ്ടത്ര പരിചയമില്ലായിരുന്നെന്നും സാമുവല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യക്തമാക്കി. ബോട്ടപകടത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് അറിയിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണച്ചുമതല.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കും. സംസ്ഥാനമന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്ക്, കെ.പി രാജേന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍, പി.ജെ ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ് ടി, കെ.എം മാണി തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ കേരളത്തിലെത്തിക്കുന്നതിന് റെയില്‍വേ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് റെയില്‍ സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു.

ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാനത്ത് പ്രത്യേക പരിശോധന നടത്തുമെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ലൈഫ് ജാക്കറ്റ് ധരിക്കുന്നതടക്കം നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.