tekkadi-boat-accident-2

തേക്കടി: തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി സ്ഥിരീകരിച്ചു, ഇന്ന് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്.നാവികസേനയുടെ പ്രത്യേക സംഘം ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. മൃതദേഹങ്ങള്‍ക്കായി നാവികസേന നടത്തുന്ന തിരച്ചില്‍ പ്രതീകൂല കാലാവസ്ഥ കാരണം നിര്‍ത്തി. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ തിരച്ചില്‍ നാളെയും തുടരും.

മരിച്ചവരില്‍ തമിഴ്‌നാട്ടിലെ കുംഭകോണത്ത് താമസമാക്കിയ തൃശൂര്‍ സ്വദേശികളായ മൂന്ന് മലയാളികളുമുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. നാലുപേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ടെന്നാണ് വിവരം. കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. തമിഴ്‌നാട്ടിലുള്ളവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വിമാന മാര്‍ഗം കൊണ്ട് പോകേണ്ട മൃതദേഹങ്ങള്‍ എംബാം ചെയ്യാനായി ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ 15 പേര്‍ കുമിളിയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രസഹായം തേടി. വ്യോമസേനയുടെ പ്രത്യേക വിമാനം വിട്ടുതരണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെക്കുറിച്ച് ജുഡീഷ്വല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. അപകടമുണ്ടായ ബോട്ടിന്റെ ഘടനയെപ്പറ്റി ആരോപണമുയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായ രീതിയിലായിരുന്നു ബോട്ട് നിര്‍മ്മിച്ചതെന്നും ഇതാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നുമാണ് ആരോപണം. ഫൈബര്‍ ബോട്ട് ഓടിക്കാന്‍ തനിക്ക് വേണ്ടത്ര പരിചയമില്ലെന്ന് ബോട്ട് ഡ്രൈവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിനോദയാത്രികരുമായി പോയ കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ഫൈബര്‍ ഡബിള്‍ ഡക്കര്‍ ബോട്ടാണ് ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ജലാശയത്തില്‍ തലകീഴായി മറിഞ്ഞത്. സഞ്ചാരികളും ജീവനക്കാരും അടക്കം 76 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഡല്‍ഹി, കോല്‍ക്കത്ത, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരായിരുന്നു ഏറെയും. ബോട്ടിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കക്കാരായ നാലു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മലയാളികളായ രണ്ടു ബോട്ടു ഡ്രൈവര്‍മാരും നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. ബോട്ടിന്റെ മുകളിലത്തെ ഡക്കിലുണ്ടായിരുന്നവര്‍ക്കാണ് രക്ഷപ്പെടാനായത്. താഴത്തെ ഡക്കിലുണ്ടായിരുന്നവര്‍ സീറ്റിനിടയില്‍ കുടുങ്ങിയതും ഫൈബര്‍ ചില്ലുകള്‍ തകര്‍ക്കാന്‍ കഴിയാതെയും ബോട്ടിനകത്ത് കുടുങ്ങുകയായിരുന്നു.

വനം വകുപ്പും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചവരില്‍ മരിച്ചവരും ജീവനുള്ളവരുമുണ്ടായിരുന്നു. ചിലര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.ഇനിയും മൃതദേഹങ്ങളാണ് കണ്ടെടുക്കാനുണ്ടെന്നാണ് വിവരം. കുമളി, പെരിയാര്‍, ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയവരില്‍ പലരെയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഇടുക്കി കോട്ടയം ജില്ലകളില്‍ നിന്നായി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ സംഘം പുലര്‍ച്ചെ തന്നെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു. രാവിലെ കുമിളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി കൊച്ചി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി.