എഡിറ്റര്‍
എഡിറ്റര്‍
തെഹല്‍ക്ക: ഇരയുടെ വിവരം വെളിപ്പെടുത്തിയ് ബി.ജെ.പി നേതാവില്‍ നിന്ന് വനിതാ കമ്മീഷന്‍ വിശദീകരണം തേടി
എഡിറ്റര്‍
Sunday 1st December 2013 12:54am

meenakshi-lekhi

ന്യൂദല്‍ഹി: തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരം ലൈംഗികാരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിക്ക് വനിതാ കമ്മീഷന്റെ കടുത്ത വിമര്‍ശനം.

ഇക്കാര്യത്തെ സംബന്ധിച്ച് മീനാക്ഷി ലേഖിയോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ കുടുംബ പേര് ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു മീനാക്ഷി ലേഖി.

ഉത്തരവാദിത്തപ്പെട്ട ചുമതലകല്‍ വഹിക്കുന്ന ലേഖിയെ പോലുള്ളവര്‍ ഇത്തരം തെറ്റുകള്‍ വരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കമ്മീഷന്‍ അംഗം ഷമീനാ ഷഫീഖ് പറഞ്ഞു.

മാനഭംഗക്കേസുകളില്‍ ഇരയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 228 എ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കേയാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തല്‍.

ലേഖിയുടെ വിശദീകരണം ലഭിച്ച ശേഷം കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കും. കേസില്‍ കുറ്റാരോപിതനായ തരുണ്‍ തേജ്പാല്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുചിതവും നിരുത്തരവാദപരവുമാണ്- ഷമീനാ ഷഫീഖ് പറഞ്ഞു.

നവംബര്‍ ആദ്യവാരം പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ യുവപത്രപ്രവര്‍ത്തകയെ തരുണ്‍ തേജ്പാല്‍ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

Advertisement