തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിയുടെ സോഴ്‌സ് കോഡ് മോഷ്ടിച്ചതായി പരാതി. കേസ് അന്വേഷിക്കുന്ന സൈബര്‍ പോലീസ് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിക്ക് നോട്ടീസ് അയച്ചു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തുന്ന എക്‌സാറ്റ് ഡാറ്റ ഡിസ്‌കവറി എന്ന കമ്പനിക്ക് നോട്ടീസ് നല്‍കിയതായി സൈബര്‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ‘ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ല. അടുത്ത് എന്ത് നടപടിയെടുക്കുമെന്ന് ആലോചിക്കുകയാണ്’- പോലീസ് വ്യക്തമാക്കി.

രബ്ബോനി കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസ് റിസര്‍ച്ച് ഏന്റ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീഫന്‍ ആന്റണിയുടെ പരാതിപ്രകാരം നവംബര്‍ അവസാനമാണ് സൈബര്‍ വിങ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ ഡൊമിനിക് തോമസ് എന്ന വ്യക്തിയുമായി ചേര്‍ന്ന് തന്റെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ സാങ്കേതിക വിവരങ്ങള്‍ യു.എസ് കമ്പനിക്ക് കൈമാറിയെന്നാണ് പരാതി.

സോഴ്‌സ് കോഡ്, അല്‍ഗോരിതം, സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്ചര്‍ തുടങ്ങിയവയാണ് ഇങ്ങിനെ കൈമാറിയത്. ഡി.ജി.പി ജേക്കബ് പുന്നൂസിനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു.