എഡിറ്റര്‍
എഡിറ്റര്‍
ബുള്ളറ്റ് പ്രൂഫ് സുരക്ഷയും ക്യാമറ സംവിധാനവുമുള്ള വീട്ടില്‍ വന്‍ കവര്‍ച്ച
എഡിറ്റര്‍
Monday 21st January 2013 4:27pm

തിരുവനന്തപുരം: അത്യാധുനിക സുരക്ഷാ സംവിധാനമുള്ള തിരുവനന്തപുരത്തെ വീട്ടില്‍ വന്‍ കവര്‍ച്ച. ബുള്ളറ്റ് പ്രൂഫ് സുരക്ഷയും ക്യാമറകളുമുള്ള വീട് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ട്ടാക്കള്‍ കവര്‍ന്നത്.

Ads By Google

പേരൂര്‍ക്കട മുട്ടട ടി.കെ ദിവാകരന്‍ റോഡ് മാങ്കുളം ക്ഷേത്രത്തിനു സമീപം വിഷ്ണുഭവനില്‍ വേണുഗോപാലന്‍ നായരുടെ (57) വീട്ടിലാണ് കവര്‍ച്ച നടന്നത്.

28 ലക്ഷം രൂപ വരുന്ന മിത്‌സുബിഷി ജീപ്പ്, സോണി എറിക്‌സന്റെ 1,05,000 രൂപ വിലയുള്ള ലാപ് ടോപ്പ്, 40,000 ഓളം രൂപ വിലവരുന്ന ഒരു നോക്കിയ ലൂമിയ ഫോണ്‍, 15,000 രൂപ വിലമതിക്കുന്ന മറ്റൊരു ഫോണ്‍, 10,000 രൂപയിലേറെ വിലവരുന്ന അരപ്പവന്റെ ഒരു മോതിരം, 2,000 രൂപ എന്നിവയാണ് കവര്‍ന്നത്. മൊത്തം 29, 72,000 ഓളം രൂപയുടെ മോഷണമാണ് നടന്നിട്ടുള്ളത്.

വീടിന്റെ മുന്‍വശത്തെ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് അറുത്തുമാറ്റിയശേഷമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. ഇരുനിലക്കെട്ടിടത്തിന്റെ നാലുഭാഗത്തും കാമറകള്‍ സ്ഥാപിച്ചിരുന്നു.

വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇവിടെനിന്ന് നിരവധി ഫയലുകളും മോഷണം പോയിട്ടുള്ളതായി വീട്ടുടമ പറയുന്നു.  മുന്‍വശത്തെ ക്യാമറ നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.

വീടിന്റെ ഗേറ്റ് ക്യാമറ ഉള്ളതും ഗേറ്റിന് സമീപം ആരെങ്കിലും വന്നാല്‍ അത് വീടിനകത്ത് അറിയുന്ന രീതിയില്‍ ഇലക്ട്രോണിക്ക് സംവിധാനം ഉള്ളതുമായിരുന്നു. എന്നാല്‍ ഇതെല്ലാം വെട്ടിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

കവര്‍ച്ച ചെയ്യപ്പെട്ട മിത്‌സുബിഷി ജീപ്പ് അത്യാധുനിക ജി.പി.എസ് സംവിധാനമുള്ളതാണ്. ഇതിന്റെ സഹായത്തോടെ മോഷ്ടാക്കളുടെ ലൊക്കേഷന്‍ കണ്ടെത്താനാവുമെന്ന് പോലീസ് വ്യക്തമാക്കി.

പേരൂര്‍ക്കട സി.ഐ പ്രതാപന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement