എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം കവര്‍ച്ച: മോഷ്ടാവിനെ തിരിച്ചറിഞ്ഞു
എഡിറ്റര്‍
Tuesday 22nd January 2013 1:00pm

തിരുവനന്തപുരം: അത്യാധുനിക സുരക്ഷാ സംവിധാനമുള്ള തിരുവനന്തപുരത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.

Ads By Google

ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങാണ് മോഷ്ടാവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ അന്താരാഷ്ട്ര മോഷ്ടാവാണെന്നാണ് പോലീസിന്റെ നിഗമനം.

ഇയാള്‍ 500 ലധികം മോഷണങ്ങള്‍ ഇതിന് മുന്‍പ് നടത്തിയിട്ടുണ്ട്. ഇയാള്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സി.സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായിരുന്നു. ഇതാണ് ഇയാളെ കണ്ടുപിടിക്കാന്‍ പോലീസിനെ സഹായിച്ചത്.

ബുള്ളറ്റ് പ്രൂഫ് സുരക്ഷയും ക്യാമറകളുമുള്ള വീട് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് ഇയാള്‍ കഴിഞ്ഞ ദിവസം കവര്‍ന്നത്.

പേരൂര്‍ക്കട മുട്ടട ടി.കെ ദിവാകരന്‍ റോഡ് മാങ്കുളം ക്ഷേത്രത്തിനു സമീപം വിഷ്ണുഭവനില്‍ വേണുഗോപാലന്‍ നായരുടെ (57) വീട്ടിലാണ് കവര്‍ച്ച നടത്തിയത്.

28 ലക്ഷം രൂപ വരുന്ന മിത്‌സുബിഷി ജീപ്പ്, സോണി എറിക്‌സന്റെ 1,05,000 രൂപ വിലയുള്ള ലാപ് ടോപ്പ്, 40,000 ഓളം രൂപ വിലവരുന്ന ഒരു നോക്കിയ ലൂമിയ ഫോണ്‍, 15,000 രൂപ വിലമതിക്കുന്ന മറ്റൊരു ഫോണ്‍, 10,000 രൂപയിലേറെ വിലവരുന്ന അരപ്പവന്റെ ഒരു മോതിരം, 2,000 രൂപ എന്നിവയാണ് കവര്‍ന്നത്. മൊത്തം 29, 72,000 ഓളം രൂപയുടെ മോഷണമാണ് നടന്നിട്ടുള്ളത്.

വീടിന്റെ മുന്‍വശത്തെ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് അറുത്തുമാറ്റിയശേഷമാണ് ഇയാള്‍ ഉള്ളില്‍ക്കടന്നത്. ഇരുനിലക്കെട്ടിടത്തിന്റെ നാലുഭാഗത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇവിടെനിന്ന് നിരവധി ഫയലുകളും മോഷണം പോയിട്ടുള്ളതായി വീട്ടുടമ പറയുന്നു.  മുന്‍വശത്തെ ക്യാമറ നശിപ്പിച്ചിരുന്നു.

വീടിന്റെ ഗേറ്റ് ക്യാമറ ഉള്ളതും ഗേറ്റിന് സമീപം ആരെങ്കിലും വന്നാല്‍ അത് വീടിനകത്ത് അറിയുന്ന രീതിയില്‍ ഇലക്ട്രോണിക്ക് സംവിധാനം ഉള്ളതുമായിരുന്നു. എന്നാല്‍ ഇതെല്ലാം വെട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

കവര്‍ച്ച ചെയ്യപ്പെട്ട മിത്‌സുബിഷി ജീപ്പ് അത്യാധുനിക ജി.പി.എസ് സംവിധാനമുള്ളതാണ്. ഇതിന്റെ സഹായത്തോടെ മോഷ്ടാക്കളുടെ ലൊക്കേഷന്‍ കണ്ടെത്താനാവുമെന്ന് പോലീസ് വ്യക്തമാക്കി.

പേരൂര്‍ക്കട സി.ഐ പ്രതാപന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisement