തിരുപ്പൂര്‍: തിരിപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ജീവനക്കാരെ കെട്ടിയിട്ടശേഷം 3,489 പവനും 2,34,114 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. 7.5 കോടിയുടെ നഷ്ടം കണക്കാക്കുന്നു.

ഏഴംഗ സംഘം ജീവനക്കാരെ കത്തി കാണിച്ച് ഭയപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരുപ്പൂര്‍ കാങ്കയം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ എത്തിയ സായുധ സംഘം മാനേജര്‍ ഉള്‍പ്പെടെ നാലു ജീവനക്കാരെ ഭീഷണിപ്പെടുത്തി കയറില്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയാണ് കവര്‍ച്ച നടത്തിയത്.

ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസില്‍ കവര്‍ച്ച നടക്കവെ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ മുകളിലേക്ക് ഉപഭോക്താക്കളെ കടത്തിവിട്ടില്ല. തിരുപ്പൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബാലകൃഷ്ണന്‍ സ്ഥലത്ത് എത്തി. തിരുപ്പൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ തേടുന്നു.