തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വന്‍ കവര്‍ച്ച. വെറൈറ്റി ഫാന്‍സി ഉടമ ജോണിന്റെ കുന്നുകുഴിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Ads By Google

വീട്ടില്‍ നിന്നും 130 പവന്‍ മോഷണം പോയതായാണ് പ്രാഥമിക വിവരം. അത്യാധുനിക സുരക്ഷാസംവിധാനമുള്ള വീടാണിത്. വീട്ടില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രിയിലായിരുന്നു മോഷണം. മ്യൂസിയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ക്യാമറ സംവിധാനം ഉള്ളതിനാല്‍ തന്നെ മോഷ്ടാവിനെ ഉടന്‍ പിടിക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്.

കഴിഞ്ഞദിവസം പേരൂര്‍ക്കട മുട്ടടയില്‍ മാങ്കുളം ക്ഷേത്രത്തിന് സമീപമുള്ള വേണുഗോപാലന്‍ നായരുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നതിന് പിന്നാലെയാണ് നഗരത്തെ ഞെട്ടിച്ച് വീണ്ടും മോഷണം നടന്നത്.

മുട്ടടയിലെ കവര്‍ച്ച നടത്തിയത് അന്താരാഷ്ട്ര മോഷ്ടാവായ ബണ്ടിചോര്‍ ആണെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ഇയാള്‍ 500 ലധികം മോഷണങ്ങള്‍ ഇതിന് മുന്‍പ് നടത്തിയിട്ടുണ്ട്. ഇയാള്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സി.സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായിരുന്നു. ഇതാണ് ഇയാളെ കണ്ടുപിടിക്കാന്‍ പോലീസിനെ സഹായിച്ചത്.

ബുള്ളറ്റ് പ്രൂഫ് സുരക്ഷയും ക്യാമറകളുമുള്ള വീട് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് ഇയാള്‍ കഴിഞ്ഞ ദിവസം കവര്‍ന്നത്.