എഡിറ്റര്‍
എഡിറ്റര്‍
ഉത്സപ്പറമ്പിനെ അനുസ്മരിപ്പിച്ച് ആറാമത് നവോദയ വാര്‍ഷികാഷോഷം; അവിസ്മരണീയ അനുഭവമായി തീപ്പൊട്ടന്‍ നാടകം
എഡിറ്റര്‍
Saturday 9th May 2015 11:04pm

navodaya-01

തുറന്ന മൈതാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വലിയ സ്റ്റേജ്, വശങ്ങളില്‍ ചെറിയ സ്റ്റാളുകള്‍, നിറഞ്ഞ മൈതാനം, ഒരുവേള ആരും കേരളത്തിലെ ഉത്സവവേദിയാണെന്ന് സംശയിച്ചുപോകും നവോദയയുടെ ആറാം വാര്‍ഷികാഘോഷത്തിന് ഒരുക്കിയ സ്‌റ്റേജും പരിസരവും കണ്ടാല്‍. റിയാദ് കേന്ദ്രമായാണ് നവോദയ പ്രവൃത്തിക്കുന്നത്.

നഗരത്തില്‍ നിന്ന് അല്പമകന്ന് അല്‍-ഹൈര്‍ റോഡിലെ ഒവൈദ ഫാമില്‍ നടത്തിയ നവോദയ അല്‍ മദീന കലാസാംസ്‌കാരിക സന്ധ്യ 2015 പ്രവാസികള്‍ക്ക് ഗൃഹാതുരതയുണര്‍ത്തുന്ന അവിസ്മരണീയ അനുഭവമായി. ചാറ്റല്‍ മഴയും പൊടിക്കാറ്റും തുറന്ന വേദിയിലെ പരിപാടിക്ക് ആദ്യം ആശങ്ക ഉയര്‍ത്തിയെങ്കിലും പിന്നീട് പ്രകൃതിയും നവ്യാനുഭവത്തിന് കൈകോര്‍ത്തു.

പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമനയും സഹസംവിധായകന്‍ സജീവനും ചേര്‍ന്നൊരുക്കിയ ‘തീപ്പൊട്ടന്‍’ എന്ന നാടകമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ജന്മിത്വത്തിനും ജാതിമേല്‍ക്കോയ്മയ്ക്കുമെതിരെ പ്രവര്‍ത്തിച്ച അലങ്കാരന്‍ എന്ന തീപ്പൊട്ടന്റെ കഥ പറയുകയും അതിനെ പുതിയ കാലഘട്ടവുമായി ബന്ധിപ്പിച്ച് കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന നാടകമാണ് ‘തീപ്പൊട്ടന്‍’.

navodaya-03അധ്വാനവും മണ്ണും മാത്രമല്ല പെണ്‍മക്കളുടെ ചാരിത്ര്യം പോലും ജന്മിയുടെ മുന്നില്‍ അടിയറവെച്ച് കൊടും ക്രൂരതയ്ക്കും ചൂഷണത്തിനും വിധേയരാകേണ്ടിവന്ന അധകൃത വിഭാഗത്തിന്റെ അവസ്ഥ തീവ്രത ഒട്ടും ചോരാതെ തന്നെ നാടകത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 2009 ല്‍ ആറ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച നാടകമാണിത്. ഒപ്പന, വിപ്ലവ ഗാനങ്ങളുടെ നൃത്താവിഷ്‌കാരം, വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഭാരതീയം, നാടന്‍ പാട്ടുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം എന്‍.ആര്‍.കെ ചെയര്‍മാന്‍ ബലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അല്‍ മദീന സി.ഇ.ഒ നാസര്‍ അബൂബക്കര്‍, ജയന്‍ തിരുമന, സജീവന്‍ എന്നിവര്‍ സംസാരിച്ചു. ജയന്‍ തിരുമന, സജീവന്‍ എന്നിവരെ ഉദയഭാനുവും വിക്രമലാലും പൊന്നാടയണിയിച്ചു. നവോദയ സെക്രട്ടറി അന്‍വാസ് സ്വാഗതവും വൈസ് പ്രസിഡന്റ് പൂക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

Advertisement