കൊച്ചി: സിനിമകളുടെ വൈഡ് റിലീസിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടു സമരം തുടങ്ങി. ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന തിയറ്ററുകളെ റിലീസിംഗ് കേന്ദ്രങ്ങളാക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിച്ചതിലും ടി.ബാലകൃഷ്ണന്‍ കമ്മിറ്റി ശിപാര്‍ശ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തില്‍ മുന്നൂറോളം തിയറ്ററുകള്‍ പങ്കെടുക്കുന്നതായി അസോസിയേഷന്‍ അറിയിച്ചു.

എ. സി, ഡി. ടി. എസ് തുടങ്ങിയ സംവിധാനം ഏര്‍പ്പെടുത്തുന്ന തിയറ്റുകള്‍ക്ക് ഓണത്തിനു മുന്‍പ് വൈഡ് റിലീസിംഗിന് അവസരമൊരുക്കുമെന്നാണു സിനിമയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഉടമകളില്‍ ഒരു വിഭാഗം നയിക്കുന്ന സംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി ഈ തീരുമാനം അട്ടിമറിച്ചതായി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

തൃശൂരില്‍ തിയറ്ററുടമകള്‍ പ്രകടനവും ധര്‍ണയും നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് വി. മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ പ്രസംഗിച്ചു.