എഡിറ്റര്‍
എഡിറ്റര്‍
സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണം: തിയേറ്റര്‍ ഉടമകള്‍ സമരത്തിലേക്ക്
എഡിറ്റര്‍
Tuesday 11th September 2012 9:51am

കൊച്ചി: തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 20നാണ് സമരം.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 17 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Ads By Google

നിലവില്‍ സര്‍വീസ് ചാര്‍ജ് രണ്ട് രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം. കറന്റ് ചാര്‍ജ് ഉള്‍പ്പെടെ ചിലവ് വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.

രാഷ്ട്രീയ പാര്‍ട്ടികക്ഷികളും പ്രേക്ഷകരും എതിര്‍ക്കുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ല. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാല്‍ പഴി കേള്‍ക്കേണ്ടത് തിയേറ്റര്‍ ഉടമകളാണ്. 60% ഷെയര്‍ എന്ന നിബന്ധനയില്‍ നിര്‍മാതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. ഷെയര്‍ 50% ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയിട്ടുണ്ട്.

തിയേറ്ററുകള്‍ എ.സിയാക്കണമെന്ന സാംസ്‌കാരിക മന്ത്രിയുടെ നിര്‍ദേശം മാനിച്ച് സംസ്ഥാനത്തെ ഒട്ടുമിക്ക തിയേറ്ററുകളും എ.സിയാക്കി. അതുകൊണ്ട് കറന്റ്ചാര്‍ജ് വര്‍ധന താങ്ങാനാകുന്നില്ല. ഇക്കാര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെടണം. താരങ്ങള്‍ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കില്ലെന്ന് താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയതാണ്. ഇത് പാലിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന പരിപാടികള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും താരങ്ങള്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം നടന്മാര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് തിയേറ്ററുകളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

Advertisement