എഡിറ്റര്‍
എഡിറ്റര്‍
‘ജീവിക്കുന്ന ഇതിഹാസം ‘സംസ്ഥാന ശാസ്ത്ര നാടകമത്സരത്തില്‍ ഒന്നാമത്
എഡിറ്റര്‍
Thursday 29th November 2012 1:16pm

കോഴിക്കോട് :  ആധുനിക ഭൗതീക ശാസ്ത്രത്തിലെ ഏറ്റവും വലിയ ജീനീയസ് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം നാടവേദിയില്‍. ശാസ്ത്രരംഗത്തെ അദ്ഭുതപ്രതിഭയായ ഐന്‍സ്റ്റീനു തുല്ല്യം ഐക്യു ഉള്ള ആധുനികശാസ്ത്രഞ്ജന്‍ ഹോക്കിങ് വൈദ്യശാസ്ത്രത്തിനുതന്നെ പിടികിട്ടാത്ത പ്രതിഭസമാണ്.

23ാം വയസ്സില്‍ എ.എല്‍.എസ് എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് പടിപടിയായി അവയവങ്ങള്‍ ഓരോന്നായി നിശ്ചലവും നിര്‍ജ്ജീവവുമായ ഒരു യുവാവ്. അദ്ദേഹം ശാരീരികവും ഭൗതീകവുമായ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് വിദ്യാഭ്യാസവും ഗവേഷണവും തൊഴിലും നിര്‍വ്വഹിച്ചു കുടുംബജീവിതം നയിച്ചു.

Ads By Google

ഭൗമോല്‍പ്പത്തിയെക്കുറിച്ച് ബിഗ്ബാങ്ക് തിയറിയും കത്തിതീരുന്ന നക്ഷത്രങ്ങളെക്കുറിച്ച് തമോഗര്‍ത്ത സിദ്ധാന്തവും അവതരിപ്പിച്ചു. രണ്ടുവര്‍ഷത്തിനകം മരിച്ചുപോകുമെന്ന് മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയ ആ മഹാമസ്തിഷ്‌കം ഈ 2012 ലും പുതിയ അന്വേഷണങ്ങളുമായി സജീവമായി ജീവിക്കുന്നു.

ശാസ്ത്രസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ പുസ്തകമെഴുതികൊണ്ട്, പ്രഭാഷണം നടത്തിക്കൊണ്ട്, അംഗവൈകല്യവും ബുദ്ധിമാന്ദ്യവും നേരിടുന്ന കുട്ടികളെ ഉത്തേജിതരാക്കാന്‍ തയ്യാറായികൊണ്ട്….

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സംഭവബഹുലമായ ജീവിതത്തെയാണ് കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷത്തെ ശാസ്ത്രനാടകവേദിയില്‍ ഇതുവരെയില്ലാത്ത ഒരനുഭവമായി ആവിഷ്‌കരിച്ചത്.

തമോഗര്‍ത്തങ്ങള്‍ക്കിടയില്‍ എന്ന ഈ നാടകം ഒരു ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസിലെ ഒരു പാഠപുസ്തകം എന്നതുപോലെ അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു.

കഴിഞ്ഞവര്‍ഷം മേരിയുടെ ഡയറിയുമായി ദേശീയതലത്തില്‍ വിസ്മയം സൃഷ്ടിച്ച നടി വിസ്മയും സംഘവും ഇത്തവണ സംസ്ഥാനശാസ്ത്രനാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദക്ഷിണേന്ത്യന്‍ മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

മേരിയുടെ ഡയറി അണിയിച്ചൊരുക്കിയ പ്രകാശന്‍ കരിവെള്ളൂരും രതീശന്‍ അന്നൂരൂം ഇത്തവണയും സ്‌കൂള്‍ സംഘത്തിന്റെ കൂട്ടിനുണ്ട്. വീല്‍ചെയറില്‍  ഉരുണ്ടുതീര്‍ക്കുന്ന സ്റ്റീഫന്റെ ജീവിതം അരങ്ങില്‍ അവിസ്മരണീയമാക്കിയ പ്രണവിന്റെ അഭിനയം സബ്ജില്ലാ ജില്ലാതല മത്സരങ്ങളിലും സംസ്ഥാനതല മത്സരത്തിലും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു.

നക്ഷത്രങ്ങളായി തേജസ്വിനിയും, ശരത്തും ,അഖിലും ,വൈശാഖും വേദിയില്‍ നിറഞ്ഞാടി. ഹോക്കിങ്ങിന്റെ പിതാവായി ശ്രീഹരിയും , സ്‌കുള്‍ അധ്യാപികയായി അനഘയും വേഷമിട്ടു.

ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങളും കരിഞ്ഞുതീരുന്ന തമോഗര്‍ത്തങ്ങളും  കുട്ടികളുടെ നാടകവേദിയില്‍ പുതിയപാറ്റേണുകളായാണ് സംവിധായകന്‍ രംഗവല്‍ക്കരിച്ചിരിക്കുന്നത്. ശാസ്ത്രനാടകവേദിയില്‍ ഇതിനുമുമ്പൊരിക്കലും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത വിഷയവും അവതരണവും കൊണ്ട് തമോഗര്‍ത്തങ്ങള്‍ക്കിടയില്‍ എന്ന നാടകം ഒരു പുതിയഅദ്ധ്യായം രചിക്കുകയാണ്. പ്രേക്ഷകരും നാടകപ്രവര്‍ത്തകരും വ്യത്യസ്തമായ ഈ സംരഭത്തെ ഏറെ കൗതുകത്തോടെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

Advertisement