99 ശതമാനത്തിന്റെ വര്‍ഷം
Discourse
99 ശതമാനത്തിന്റെ വര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2011, 5:05 pm

99-percentage

മുസ്തഫ പി എറയ്ക്കല്‍

കടന്നു പോകുന്ന വര്‍ഷത്തെ ലോകത്തെയാകെ അടയാളപ്പെടുത്തുന്ന പ്രതീകമേതെന്ന് ചോദിച്ചാല്‍ ഏറ്റവും അനുയോജ്യമായ ഉത്തരം ഒരു മുദ്രാവാക്യമാണ്. അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെ മുദ്രാവാക്യം-“ഞങ്ങള്‍ 99 ശതമാനം”. സമ്പത്തിന്റെയും അധികാരത്തിന്റെയും അമിതാത്മവിശ്വാസത്തില്‍ കഴിഞ്ഞിരുന്ന അതിശക്തരെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യര്‍ തെരുവില്‍ ചോദ്യം ചെയ്യുകയും വലിച്ച് താഴെയിടുകയും ചെയ്തതിന്റെ പേരിലാകും ഈ വര്‍ഷം അറിയപ്പെടുക. മുല്ലപ്പൂ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെട്ട അറബ് നാടുകളിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ റഷ്യയില്‍ അരങ്ങേറിയ പുടിന്‍ വിരുദ്ധ പ്രകടനങ്ങള്‍ വരെ 99 ശതമാനത്തിന്റെ വിധിനിര്‍ണായകമായ ഇടപെടലുകളായിരുന്നു. സമരത്തിന്റെ സാധ്യതകള്‍ അപാരമാണെന്ന ചരിത്ര സത്യം ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു ഇവിടങ്ങളിലെല്ലാം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടുണീഷ്യയിലെ ഉന്തുവണ്ടിക്കച്ചവടക്കാരന്‍ സ്വന്തം ജീവന് തീ കൊളുത്തി പടര്‍ത്തിയ പ്രക്ഷോഭത്തീക്കാറ്റ് അണയാതെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നത് കണ്ടുകൊണ്ടാണ് ഈ വര്‍ഷം പിറന്നത്. ജനുവരിയില്‍ തന്നെ 24 പേരെ ടുണീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ സൈന്യം വകവരുത്തിയിരുന്നു. അതോടെ ആയിരക്കണക്കിന് യുവാക്കള്‍ പ്രക്ഷോഭത്തിന്റെ വഴിയില്‍ എത്തിച്ചേര്‍ന്നു. ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊടിയും നേതാവുമില്ലാതെ അവര്‍ സംഘടിച്ചു. ഭരണമാറ്റം അവരുടെ ലക്ഷ്യമായിരുന്നില്ല. മുതലാളിത്ത, കമ്പോളകേന്ദ്രീകൃത സാമ്പത്തിക നയത്തിന്റെ കെടുതികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നായിരുന്നു അവരുടെ മുദ്രാവാക്യം.

ഭരണമാറ്റത്തിലൂടെ ടുണീഷ്യന്‍ പ്രക്ഷോഭം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ അമേരിക്കയില്‍ അരങ്ങേറിയ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യവും അത് തന്നെയായിരുന്നുവെന്ന് കാണുമ്പോഴാണ് തെരുവിന്റെ സത്യം വെളിപ്പെടുന്നത്. അറബ് മേഖലയിലെ മാത്രം പ്രതിഭാസമായി പ്രക്ഷോഭത്തെ ചുരുക്കിക്കെട്ടാന്‍ നോക്കിയവര്‍ക്കുള്ള മറുപടിയായിരുന്നു ഒക്‌ടോബറില്‍ അമേരിക്കയില്‍ ആരംഭിച്ച് ലോകത്തെ വമ്പന്‍ രാഷ്ട്രങ്ങളിലെ മഹാനഗരങ്ങളിലേക്ക് പടര്‍ന്ന “പിടിച്ചെടുക്കല്‍” സമരം. ജനുവരിയില്‍ നിന്ന് ഒക്‌ടോബറിലേക്ക് മാസങ്ങളുടെ ദൂരമുണ്ട്. പക്ഷേ പ്രത്യയശാസ്ത്രപരമായി ഈ ജനകീയ ദൗത്യങ്ങള്‍ ഒരേ നൂലില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. അത് മുതലാളിത്തവിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമാണ്.

അടുത്ത പേജില്‍ തുടരുന്നു

Egypt-revolution

ടുണീഷ്യന്‍ വിപ്ലവത്തിന്റെ അര്‍ഥം തന്നെയാണോ അവിടെ പുലരുന്നത് എന്നറിയാന്‍ ഡിസംബര്‍ കടന്ന് പുതിയ വര്‍ഷം പിറന്ന് പിന്നെയും മാസങ്ങള്‍ പിന്നിടേണ്ടിവരും. അന്നഹ്ദയെന്ന ഇസ്‌ലാമിസ്റ്റ് സംഘടനയാണ് അവിടെ അധികാരത്തിലേറിയിരിക്കുന്നത്. അവരുടെ തനിനിറം ബിന്‍ അലിയുടെ തീവ്ര മതേതരത്വവും ഉദാര സാമ്പത്തിക നയവുമാണെങ്കില്‍ മുഹമ്മദ് ബൗസിസുമാര്‍ വീണ്ടും സ്വയം തീ കൊളുത്തേണ്ടി വരും. ഹമദി ജലബിയെന്ന അന്നഹ്ദ നേതാവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയെന്നാണ് അവിടുന്ന് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

ഫെബ്രുവരിയിലെത്തുമ്പോഴേക്ക് പ്രക്ഷോഭം ഈജിപ്തിലേക്കും യമനിലേക്കും ബഹ്‌റൈനിലേക്കും ലിബിയയിലേക്കും സിറിയയിലേക്കും പടര്‍ന്നിരുന്നു. കൈറോയിലെ തഹ്‌രീര്‍ ചത്വരം പ്രക്ഷോഭത്തിന്റെ പ്രതീകവും കേന്ദ്രവുമാകുന്നതാണ് പിന്നെ കണ്ടത്. ഹുസ്‌നി മുബാറക് തന്റെ സാമ്രാജ്യത്വ യജമാനന്‍മാരുടെയെല്ലാം പിന്തുണ തേടി. അമേരിക്കയടക്കമുള്ളവര്‍ അണിയറയില്‍ മുബാറക്കിന്റെ രക്ഷാ മാര്‍ഗങ്ങള്‍ ആരാഞ്ഞു കൊണ്ടിരുന്നു. ഇത് പ്രക്ഷോഭകാരികളെ കൂടുതല്‍ പ്രകോപിതരാക്കി. ഇതോടെ അമേരിക്കയും സഖ്യകക്ഷികളും കളം മാറ്റി ചവിട്ടി. മുബാറക്കിന് മുമ്പില്‍ എല്ലാ വഴികളും അടഞ്ഞു. അപ്പോഴേക്കും ടുണീഷ്യയില്‍ ബിന്‍ അലി സഊദിയിലേക്ക് പലായനം ചെയ്തിരുന്നു.

ഈജിപ്തില്‍ ഭരണം സൈന്യത്തിന്റെ കൈകളിലേക്കാണ് നീങ്ങിയത്. സൈനിക കൗണ്‍സിലിന്റെ മൂക്കുകയറില്‍ ചലിക്കുന്ന സിവിലിയന്‍ ഇടക്കാല സര്‍ക്കാറാണ് ഇന്ന് അവിടെയുള്ളത്. പാര്‍ലിെമന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡാണ് ജയിച്ചു വരാന്‍ പോകുന്നത്. പക്ഷേ, ഇങ്ങ് ഡിസംബറിലും തഹ്‌രീര്‍ ചത്വരം സമരഭരിതമാണ്. സമ്പൂര്‍ണ സിവിലിയന്‍ ഭരണം അനുവദിച്ചു കിട്ടാന്‍ വേണ്ടിയാണ് സമരം. ക്രൂരമായ അടിച്ചമര്‍ത്തല്‍ പതിവു പോലെ അരങ്ങേറുന്നു. മനുഷ്യര്‍ മരിച്ചു വീഴുന്നു. തെരുവില്‍ നേടിയത് ഒരു വര്‍ഷം തികയും മുമ്പ് കൈവിട്ടു പോകുന്ന ദുരവസ്ഥയിലാണ് ഈജിപ്ത്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ കക്ഷിയിലാണ് ഇനി അവരുടെ പ്രതീക്ഷ. ബ്രദര്‍ഹുഡ് എത്രമാത്രം നട്ടെല്ലുറപ്പ് കാണിക്കുമെന്നാണ് കാണാനുള്ളത്.അടുത്ത പേജില്‍ തുടരുന്നു

അപഹരിക്കപ്പെട്ട ജനാഭിലാഷം

ടുണീഷ്യയില്‍ നിന്ന് പരന്ന മുല്ലപ്പൂ മണം മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ എത്തുമ്പോള്‍ അതിന് തീര്‍ത്തും വ്യത്യസ്തമായ മാനമാണ് കൈവന്നത്. അത് നിരായുധരുടെ സഹനമായില്ല. ആകാശത്ത് നിന്നും കടലില്‍ നിന്നും അതിശക്തര്‍ അഴിച്ചുവിട്ട ആക്രമണത്തിന്റെ പിന്‍ബലത്തിലാണ് പുതിയ ലിബിയ പിറന്നത്. ലിബിയന്‍ ജനസാമാന്യത്തിന്റെ താത്പര്യത്തേക്കാള്‍ മുഅമ്മര്‍ ഗദ്ദാഫിയെ ശിക്ഷിക്കുകയെന്ന അമേരിക്കയുടെ ചിരകാല ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ് അവിടെ നടന്നത്. ശരിയാണ്. ഗദ്ദാഫി തന്റെ സൈനിക ശേഷി പുറത്തെടുത്തിട്ടുണ്ട്. നാറ്റോ സൈന്യം രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ്, ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തന്നെ അദ്ദേഹം വിമതര്‍ക്ക് നേരെ ആക്രമണം തുടങ്ങിയിരുന്നു. ഇത് അമേരിക്കക്കും സഖ്യശക്തികള്‍ക്കും വഴിയൊരുക്കിക്കൊടുത്തു. നോ ഫ്‌ളൈ സോണ്‍ പ്രമേയവുമായി യു എന്‍ കൂട്ടിനെത്തി. ലിബിയയിലാകെ ആയുധം വിതറി.

ആദ്യം രക്ഷകനായും പിന്നെ രാക്ഷസനായും കൊണ്ടാടപ്പെട്ട മുഅമ്മര്‍ ഗദ്ദാഫിയുടെ ഗതി നേരത്തേ നിര്‍ണയിക്കപ്പെട്ടിരുന്നു. ചെറുത്ത് നിന്നുവെന്ന് മാത്രം. ഒക്‌ടോബര്‍ 20 ന് സിര്‍ത്തിലെ അഴുക്കുചാലില്‍ നിന്ന് പിടികൂടി വെടിവെച്ചു കൊന്ന്, മൃതദേഹം മിസ്‌റാത്തയിലെ ഇറച്ചിക്കടയില്‍ ദിവസങ്ങളോളം കിടത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അങ്കലാപ്പ് ലിബിയയില്‍ ഈ വര്‍ഷം വിടവാങ്ങുമ്പോഴും തുടരുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളും യു എന്നും ആഫ്രിക്കന്‍ യൂനിയനും ഒക്കെ പിന്തുണച്ചിട്ടും ഇടക്കാല പരിവര്‍ത്തന കൗണ്‍സില്‍ എന്ന ഭരണകൂടത്തിന് ഭരിക്കാനുള്ള ആത്മവിശ്വസം കിട്ടിയിട്ടില്ല. സൈനിക മേധാവിയെപ്പോലും നിശ്ചയിച്ചിട്ടില്ല.അടുത്ത പേജില്‍ തുടരുന്നു

ഗദ്ദാഫി വേട്ടയുടെ കാലത്ത് കൈവന്ന ആയുധങ്ങളത്രയും ജനങ്ങളുടെ കൈയിലുണ്ട്. ചെറിയൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ മതി. ഈ ആയുധങ്ങള്‍ മുഴുവന്‍ പ്രയോഗിക്കപ്പെടും. മിസൈലുകള്‍ തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങിയുട്ടെണ്ടെന്നാണ് കേള്‍ക്കുന്നത്. അരാജകത്വത്തിന്റെ സന്തത സഹചാരിയായ സാമ്പത്തിക മുരടിപ്പിലേക്കാണ് ലിബിയ സഞ്ചരിക്കുന്നത്. വിദേശ എണ്ണക്കമ്പനികള്‍ മുഴുവന്‍ ലിബിയയില്‍ തിരിച്ചെത്തിയെന്നതാണ് ഭരണമാറ്റത്തിന്റെ പ്രത്യക്ഷ ഫലം. അങ്ങനെ ജനഹിതം അപഹരിക്കപ്പെടുകയാണ്.

ബഹ്‌റൈനില്‍ ഫെബ്രുവരിയിലാണ് പ്രക്ഷോഭം തുടങ്ങിയത്. മാര്‍ച്ചില്‍ തലസ്ഥാനമായ മനാമയില്‍ കൂറ്റന്‍ പ്രകടനം നടന്നു. എട്ടാം തീയതിയായിരുന്നു അത്. കൃത്യം പത്ത് ദിവസം പിന്നിട്ടപ്പോള്‍ സഊദിയില്‍ നിന്നും യു എ ഇയില്‍ നിന്നും പട്ടാളമെത്തി പ്രക്ഷോഭം തീര്‍ത്തും അടിച്ചമര്‍ത്തി. ശിയാ കലാപമായി പ്രക്ഷോഭത്തെ വ്യാഖ്യാനിക്കുന്നതില്‍ ഭരണകൂടം വിജയിച്ചു. ഇറാന്റെ പ്രതികരണങ്ങള്‍ ഈ പ്രചാരണത്തിന് അടിസ്ഥാനം ഉണ്ടാക്കിക്കൊടുത്തു. അമേരിക്കന്‍ താത്പര്യം അവിടെയും കാത്തുസൂക്ഷിക്കപ്പെട്ടുവെന്ന് പറയുന്നതാകും കൂടുതല്‍ ശരി. അമേരിക്കന്‍ കപ്പല്‍ പടയുടെ ഇരിപ്പിടമായി ബഹ്‌റൈന്‍ ദ്വീപ് നിലനില്‍ക്കുവോളം അവിടെ ഒരു പ്രക്ഷോഭവും നടക്കാന്‍ പോകുന്നില്ല. പ്രക്ഷോഭത്തിന്റെ പ്രതീകമായിരുന്ന പേള്‍ ചത്വരം തന്നെ പൊളിച്ച് നീക്കിയിരിക്കുന്നു. ട്രാഫിക് പ്രവാഹം സുഗമമാക്കാനാണത്രേ ചത്വരം പൊളിച്ചു നീക്കിയത്.

യമനില്‍ അലി അബ്ദുല്ല സ്വലാഹ് പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ പരുക്കേറ്റ് സഊദിയിലേക്ക് പോയതോടെ അല്‍പ്പമൊന്നടങ്ങിയ പ്രക്ഷോഭം അദ്ദേഹം തിരിച്ചു വന്നപ്പോള്‍ വര്‍ധിത വീര്യം കൈവരിച്ചിരിക്കുകയാണ്. അടുത്ത ലിബിയയായി മാറാനുള്ള വിധിയാണ് സിറിയയുടേത് എന്ന് വ്യക്തമായിരിക്കുന്നു. അമേരിക്കന്‍ സ്ഥാനപതി നേരിട്ട് നിര്‍ദേശം നല്‍കി അരങ്ങേറുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം ബലം പ്രയോഗിക്കുകയും പ്രക്ഷോഭകാരികള്‍ അക്രമസാക്തമായ വഴിയിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ രാജ്യം ആഭ്യന്തര യുദ്ധ ഭീതിയിലാണ്. യു എന്നില്‍ നിന്നും അറബ് ലീഗില്‍ നിന്നുമുള്ള ഉപരോധം തലങ്ങും വിലങ്ങും വരുന്നുണ്ട്. ബശര്‍ അല്‍ അസ്സദിനു മുമ്പില്‍ വഴികളടയുക തന്നെയാണ്. സഖ്യശക്തികള്‍ പ്രത്യക്ഷ ആക്രമണം തുടങ്ങിയെന്ന വാര്‍ത്ത മാത്രമാണ് ഇനി അവിടുന്ന് വരാനുള്ളത്.

എന്തൊക്കെ ബലഹീനതകളുണ്ടെങ്കിലും ഈ പ്രക്ഷോഭങ്ങള്‍ ദീര്‍ഘ കാലം അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തോട് ചങ്ങാത്തം പുലര്‍ത്തുന്നവര്‍ക്കുമുള്ള കൃത്യമായ താക്കീതാണ്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഊര്‍ജം പ്രദാനം ചെയ്യാന്‍ ഈ തെരുവുകള്‍ക്ക് സാധിക്കും. അതുതന്നെയാണ് 2011ന്റെ സുകൃതം.അടുത്ത പേജില്‍ തുടരുന്നു


അബത്താബാദിന്റെ പ്രശസ്തി മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തെളിഞ്ഞ കാലാവസ്ഥയിലുമായിരുന്നു. സൈനിക പരിശീലന സ്ഥാപനങ്ങളുടെ കേന്ദ്രമാണ് ഖൈബര്‍ പ്രവിശ്യയിലെ ഈ പട്ടണം. പെട്ടെന്നാണ് അബത്താബാദ് വാര്‍ത്തകളുടെ ഹൃദയമായത്. 2011 മെയ് രണ്ടിന് അബത്താബാദില്‍ വെച്ച് ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിക്കുകയായിരുന്നു. പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റായതിനാല്‍ ലോകം ഇന്നും അത് വിശ്വസിക്കുന്നു. മൃതദേഹം ആരും കണ്ടിട്ടില്ല. തെളിവുകളൊന്നും ആരും ചോദിച്ചില്ല, ആര്‍ക്കും കൊടുത്തിട്ടുമില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അക്രമാസക്ത അമേരിക്കന്‍ പൗരത്വം സൂക്ഷിക്കുന്നവര്‍ക്കും അമേരിക്കയോട് ആരാധനാ മനോഭാവം സൂക്ഷിക്കുന്ന എല്ലാവര്‍ക്കും പുതിയൊരു ലോകം സാധ്യമാക്കിയ സംഭവവമാണ് ഉസാമ വധം. ആകെ ലോകത്തെ കാണുമ്പോള്‍ ആ നിരീക്ഷണത്തില്‍ തരിമ്പ് പോലും ശരിയില്ലെങ്കിലും പാക്കിസ്ഥാനില്‍ വലിയ ഭൂകമ്പങ്ങള്‍ക്ക് അബത്താബാദ് പ്രഭവ കേന്ദ്രമായെന്നത് യാഥാര്‍ഥ്യമാണ്.

വര്‍ഷാന്ത്യത്തോടടുക്കുമ്പോള്‍ കൂടുതല്‍ വലിയ തുടര്‍ ചലനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഇരയാവുകയാണ്. പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ കസേര പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഉസാമ കൊല്ലപ്പെട്ടയുടന്‍ “എന്നെയിതാ അട്ടിമറിക്കാന്‍ പോകുന്നു, രക്ഷിക്കണേ” എന്ന് കരഞ്ഞ് കൊണ്ട് അദ്ദേഹം അമേരിക്കക്ക് അയച്ച അപേക്ഷ(മെമോ) പുറത്തായതാണ് പുറത്ത് പറഞ്ഞ് കേള്‍ക്കുന്ന കാരണം. ഉസാമ വധത്തിന് ശേഷം സൈനിക നേതൃത്വവും സിവിലിയന്‍ സര്‍ക്കാറും മുമ്പെന്നെത്തേക്കാളും അകന്നുവെന്നതാണ് ആന്തരികമായ സത്യം. അബത്താബാദില്‍ നടന്നതൊക്കെ സൈന്യത്തിന്റെ അറിവോടെയാണെന്ന് പ്രധാനമന്ത്രി യൂസുഫ് റാസ് ഗീലാനി കരുതുന്നു. ഉസാമയെ ഒളിപ്പിച്ചുവെച്ചു വെച്ചതിന്റെ അപഖ്യാതിയില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താമായിരുന്ന അവസരം സൈന്യം കളഞ്ഞ് കുളിച്ചുവെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞിരുന്നുവെന്ന് വിളിച്ച് പറഞ്ഞ് സൈനിക നേതൃത്വം മറുശരമയക്കുന്നു.

ഏതായാലും പ്രധാനമന്ത്രി ഗീലാനി സൈന്യത്തെ അനുനയിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ നാറ്റോ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതില്‍ ശക്തമായ അമേരിക്കന്‍ വിരുദ്ധ പ്രതികരണത്തിന് ഗീലാനി മുതിരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഉസാമയില്ലാത്ത പാക്കിസ്ഥാനെ അമേരിക്ക മെല്ലെ കൈയൊഴിയുകയാണ്. ലോകം എത്ര മാറിപ്പോയി. താലിബാനുമായി ചര്‍ച്ചയാകാമെന്നാണല്ലോ ഇപ്പോള്‍ അമേരിക്ക പറയുന്നത്. ഇന്ത്യക്ക് അഫ്ഗാനില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുകി അവിടെ കാലൂന്നുകയെന്ന പോംവഴിയിലാകും അമേരിക്ക ഇനി എത്തിച്ചേരുക.അടുത്ത പേജില്‍ തുടരുന്നു

ചില തിരിച്ചറിവുകള്‍

കടന്നു പോകുന്ന വര്‍ഷത്തിന്റെ പ്രതീകമാകാന്‍ യോഗ്യതയുള്ള മറ്റൊരിടം ഫുക്കുഷിമയാണ്. ജപ്പാനിലെ ഹോന്‍ഷു ദ്വീപിലെ നഗരമാണ് ഫുക്കുഷിമ. മാര്‍ച്ച് 11ന് ജപ്പാന്‍ തീരത്ത് വന്‍ നാശം വിതച്ച സുനാമിയിലും ഭൂചലനത്തിലും ഫുക്കുഷിമയിലെ ആണവനിലയം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. നാല് റിയാക്ടറുകള്‍ അപ്പാടെ പ്രവര്‍ത്തനരഹിതമായി. ആണവ ചോര്‍ച്ചയില്ലെന്ന് തുടക്കത്തില്‍ കണക്കുകള്‍ നിരത്തിയ നിലയത്തിന്റെ നടത്തിപ്പുകാര്‍(ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി) പിന്നീട് തിരുത്തി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ നിരന്തരം ആത്മവിശ്വാസം കുത്തിവെച്ചിട്ടും തിരിച്ചു വരാന്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പാലിലും അരിയിലും വരെ വികിരണം കണ്ടെത്തിയാല്‍ പിന്നെന്തു ചെയ്യും.

ഒടുവില്‍ ഈ സത്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. ആണവോര്‍ജത്തെ ആശ്രയിക്കുന്നതിന് ബദല്‍ കണ്ടെത്താന്‍ ജപ്പാന്‍ നയപരമായി തീരുമാനമെടുത്തു. ആണവ പദ്ധതികള്‍ ഒന്നും സുരക്ഷിതമല്ലെന്ന് ജപ്പാന്‍ ലോകത്തിന് മുന്നില്‍ കുമ്പസരിക്കുകയും ചെയ്തു. ആസ്‌ത്രേലിയപ്പോലുള്ള രാജ്യങ്ങള്‍ ഇന്ന് ജപ്പാന്റെ വഴിയിലാണ്. പക്ഷേ ഈ തിരിച്ചറിവിലെത്തിച്ചേരാന്‍ ചെര്‍ണോബലിനോട് സാമ്യപ്പെടുത്താവുന്ന ദുരന്തം വേണ്ടി വന്നു. എന്നിട്ടും കൂടംകുളത്തിന് വേണ്ടി വാശി പിടിക്കുന്ന ഇന്ത്യയെയാണ് വര്‍ഷാന്ത്യത്തില്‍ കാണുന്നത്. തിരിച്ചറിവുകള്‍ക്ക് ദുരന്തം തന്നെ വേണമെന്നായിരിക്കുന്നു.അടുത്ത പേജില്‍ തുടരുന്നു

വലിയ പ്രതിസന്ധികള്‍ക്ക് കാത്തുനില്‍ക്കാതെ കരുതലോടെയുള്ള മാറ്റത്തിന് തയ്യാറാകുന്ന ക്യൂബയാണ് പോയ വര്‍ഷത്തെ ഏറ്റവും ആവേശകരമായ കാഴ്ച. ഏപ്രില്‍ 16 മുതല്‍ 19 വരെ ഹവാനയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ധീരമായ തീരുമാനങ്ങളാണ് കൈകൊണ്ടത്. രണ്ട് തലങ്ങളാണ് പരിഷ്‌കരണ രേഖക്കുള്ളത്. ഭരണപരവും സാമ്പത്തികവും. പ്രസിഡന്റ് പോലുള്ള പ്രധാനപദവികള്‍ വഹിക്കുന്നവരുടെ പരമാവധി കാലാവധി പത്ത് വര്‍ഷമായി നിജപ്പെടുത്തി. ഫിഡല്‍ കാസ്‌ട്രോ, സഹോദരന്‍ റൗള്‍ കാസ്‌ട്രോ എന്നിവരില്‍ നിന്ന് രാജ്യം മുന്നോട്ട് പോകുന്നുവെന്ന ശക്തമായ സന്ദേശമാണിത്. ഉത്പാദന ഉപാധികളുടെ പൊതു ഉടമസ്ഥതയെന്ന സാമ്പത്തിക തത്വത്തെ ക്യൂബയും കൈയൊഴിഞ്ഞു.

സ്വകാര്യ സ്വത്തിന് വില്‍പ്പനാവകാശം അനുവദിക്കും. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കും. റേഷന്‍ താഴേ തട്ടില്‍ മാത്രമായി പരിമിതപ്പെടുത്തും. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ സാവധാനം പിന്‍വാങ്ങും. കരുതലോടെയാണ് ക്യൂബ നീങ്ങുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തടവുകാര്‍ക്ക് പൊതു മാപ്പ് നല്‍കിയപ്പോള്‍ ചാരപ്രവര്‍ത്തനത്തിന് ജയിലിലായ യു എസ് പൗരന്‍ പട്ടികയിലുണ്ടായിരുന്നില്ല. അതേക്കുറിച്ച് റൗള്‍ കാസ്‌ട്രോ പറഞ്ഞത് ഇങ്ങനെയാണ്: “സാമ്രാജ്യത്വത്തിന്റെ ചതികള്‍ ക്യൂബ തിരിച്ചറിയുന്നു”. മാറുമ്പോഴും ഈ തിരിച്ചറിവ് സൂക്ഷിക്കാന്‍ ഈ രാജ്യത്തിന് സാധിക്കുന്നത് പ്രതീക്ഷ നല്‍കുന്നു.

സ്വയം മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങി വരാനിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരം നല്‍കിയ മറ്റൊരു രാജ്യം മ്യാന്‍മര്‍ ആണ്. അവിടെ പ്രസിഡന്റ് തീന്‍ സീന്‍ പട്ടാളഭരണകൂടത്തിന്റെ പിന്തുണയോടെ വലിയ പരിഷ്‌കരണങ്ങള്‍ക്ക് തുൂടക്കം കുറിച്ചിരിക്കുന്നു. പ്രതിഷേധിക്കാനും പ്രതകരിക്കാനും സ്വാതന്ത്ര്യമുള്ള അര്‍ഥവത്തായ ജനാധിപത്യന് സാധ്യതയുള്ള രാജ്യമായി മ്യാന്‍മര്‍ മാറുകയാണ്. ആംഗ് സാന്‍ സൂകി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കേട്ടത്.അടുത്ത പേജില്‍ തുടരുന്നു

മാറുന്ന ഭീകരതാ നിര്‍വചനങ്ങള്‍

ജൂലൈയിലായിരുന്നു അത്. സമാധാനത്തിന്റെയും സ്വസ്ഥതയുടെയും വിളനിലമെന്ന് പേര്‍ കൊണ്ട നോര്‍വേയില്‍. തലസ്ഥാനമായ ഓസ് ലോയിലും അവധിക്കാല വിനോദം ആസ്വദിക്കാന്‍ നഗരവാസികള്‍ പോകുന്ന ഉടോയോ ദ്വീപിലും ഭീകരാക്രണം നടന്നു. ഓസ് ലോയില്‍ ബോംബ് പൊട്ടിയതാണെങ്കില്‍ ഉടോയോ ദ്വീപില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന ക്യാമ്പ് നടക്കുന്നിടത്തേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു ഭീകരന്‍.

പതിവു പോലെ ആദ്യം കുറെ സംഘടനകളുടെ പേര് വന്നു. ഒടുവില്‍ യഥാര്‍ഥ ഭീകരനെ പിടിച്ചു. പിടി കൊടുത്തു എന്ന് പറയുന്നതാണ് ശരി. ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക് എന്ന ക്രിസ്ത്യന്‍ വലതുപക്ഷ ഭീകരനാണ് കൃത്യം നടത്തിയത്. ഒട്ടും കുറ്റബോധമില്ല ബ്രീവിക്കിന്. കമ്യൂണിസ്റ്റുകളെയും മുസ് ലിംകളെയും കൊന്ന് തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാള്‍. ഗൂഢമാണ് ബ്രീവിക്കിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍. അവര്‍ പൊതു സമൂഹത്തിലുണ്ട്. തിരിച്ചറിയാനാകത്തവിധം. പാശ്ചാത്യ നാടുകളാണ് അവരുടെ ലക്ഷ്യം. ഭീകരതയുടെ നിര്‍വചനം മാറുകയാണ്.

തകര്‍ച്ച തന്നെ, തകര്‍ച്ച

സംയുക്ത കറന്‍സിയെന്ന ആശയത്തിന്റെ അന്ത്യം നിശ്ചയിക്കപ്പെട്ട വര്‍ഷമാണ് കടന്ന് പോകുന്നത്. യൂറോപ്യന്‍ യൂനിയന്‍ എന്ന സംവിധാനത്തിലെ ഏച്ചുകെട്ടുകള്‍ മുഴുവന്‍ വെളിപ്പെട്ടു വരുന്നു. ഗ്രീസില്‍ നിന്ന് തുടങ്ങി ഇറ്റലി വഴി പോര്‍ച്ചുഗലിലും സ്‌പെയിനിലും എത്തി നില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് എന്ത് പരിഹാരമെന്ന് തേടി ഇ യുവിലെ ശക്തന്‍മാര്‍ ഒരുമിച്ചിരുന്നപ്പോഴൊക്കെ അടിയായിരുന്നു. ഡോളറിന് ബദലാകുന്നത് പോയിട്ട് എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് യൂറോ.
സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങള്‍ പഴയത് പോലെ ഫലിക്കാതെ വന്നിരിക്കുന്നുവെന്ന പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്തകളാണ് പോയ വര്‍ഷം ഫലസ്തീനില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും കേട്ടത്. ഫലസ്തീന്‍ ഐക്യത്തിന്റെ വഴിയിലെത്തിയിരിക്കുന്നു. യുനസ്‌കോ ആസ്ഥാനത്ത് ഫലസ്തീന്‍ കൊടി ഉയര്‍ന്നിരിക്കുന്നു. എല്ലാ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലും കമ്പോള സാമ്പത്തിക നയം ചോദ്യം ചെയ്യപ്പെടുന്നു. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കുതിച്ച് അത് സ്വയം പരാജയം സമ്മതിക്കുന്നു. “തൊഴും തോറും തൊഴിക്കുകയും തൊഴിക്കും തോറും തൊഴുകയും ചെയ്യുക” യെന്ന ഏകാധിപത്യം ഇനി നടക്കില്ലെന്ന് തന്നെയാണ് പാഠം.

കടപ്പാട് :സിറാജ്

musthafaerrakkal@yahoo.co.in

99% ഒരു ശതമാനത്തിനെതിരെ

‘ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കുക’

ഇസ്ലാമിസത്തില്‍ നിന്ന് പോസ്റ്റ് ഇസ്ലാമിസത്തിലേക്കോ?