വാഷിങ്ടണ്‍: ആകാശ ഗംഗയില്‍ ആറിലൊന്ന് നക്ഷത്രങ്ങള്‍ക്കും ഭൂമിയുടെ വലുപ്പമുള്ള ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഹാര്‍വാര്‍ഡിലെ സ്മിത് സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഫ്രാന്‍സ്വ ഫ്രെസിനും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. 1,700 കോടി ഗ്രഹങ്ങള്‍ക്ക് ഭൂമിയുടെ വലുപ്പമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Ads By Google

ഇനി ഈ ഗ്രഹങ്ങളെ കണ്ടെത്താനുള്ള ദൗത്യത്തിലാണ് ശാസ്ത്രജ്ഞര്‍.  854 ഗ്രഹങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിനുപുറമേ ഗ്രഹമാണെന്ന് സംശയിക്കുന്ന 2,740 ഗോളങ്ങളെ കൂടി കെപ്ലര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതില്‍ 262 എണ്ണത്തിന് ഭൂമിക്ക് സമാനമായ സാഹചര്യമുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 1700 കോടി ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തോട് ഏറെ അടുത്തിരിക്കുന്നതിനാല്‍ ഭൂമിയിലേതിന് സമാനമായ സാഹചര്യമുണ്ടാകാനുള്ള സാധ്യത കുറവാണ്.

സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാള്‍ കുറവാണെന്നും അതിനാല്‍ തന്നെ കടുത്ത ചൂടായിരിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഗാലക്‌സിയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോയെന്ന് ദൗത്യവുമായി ചെന്ന കെപ്ലര്‍ പേടകമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. 2009 ലാണ് കെപ്ലര്‍ വിക്ഷേപിച്ചത്.