തിരുവനന്തപുരം:മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കില്‍ മോണോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ടം 2015 ജൂണില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായി കമ്പനി രൂപവത്കരിക്കും. മൂന്നു മാസത്തിനകം പദ്ധതിയെക്കുറിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കും. മോണോ റെയില്‍ പദ്ധതിയുടെ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് ചര്‍ച്ചയില്‍ ഇ ശ്രീധരന്‍ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.

Subscribe Us:

അതേസമയം കോഴിക്കോട് മോണോറയില്‍ പദ്ധതി പ്രായോഗികമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ വ്യക്തമാക്കി. മോണോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ ഇ. ശ്രീധരന്‍ സര്‍വ്വേയുടെ ഭാഗമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

പദ്ധതിയുടെ ആദ്യഘട്ടമായി മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയുള്ള 13 സ്ഥലങ്ങളാണ് ആദ്യം പരിശോധന നടത്തിയത്. വിദഗ്ധ സംഘം മോണോറെയില്‍ പദ്ധതിയുടെ റൂട്ട് പരിശോധിച്ചു. ജില്ലാ കലക്ടര്‍ പി.ബി സലിമും റവന്യു പൊതുമരാമത്ത് ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ഒറ്റത്തൂണില്‍ നിര്‍മ്മിക്കുന്ന മോണോറെയില്‍ ആദ്യഘട്ട പദ്ധതിക്കു 970 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ മേഖലയില്‍ നേരത്തേ പ്രാഥമിക പഠനം നടത്തിയതാണ്.

പൊതുമരാമത്ത് വകുപ്പാണ് മോണോ റയില്‍ പദ്ധതി നടപ്പാക്കുന്നത്. 35 കിലോമീറ്ററില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ മൊത്തം ചെലവ് 1,500 കോടി രൂപയാണ്.


Malayalam News

Kerala News In English