ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭം നടന്ന ഭട്ട-പാര്‍സൗള്‍ പ്രദേശങ്ങളില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയതായി ദേശീയ വനിത കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇത് നോയ്ഡ സംഭവവികാസങ്ങള്‍ക്ക് പുതിയ വഴിത്തിരിവാകുകയാണ്.

കര്‍ഷക കലാപത്തെയും തുടര്‍ന്നുനടന്ന പോലീസ് അടിച്ചമര്‍ത്തലിനെ പറ്റിയും നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ദേശീയ വനിതാകമ്മീഷന്‍ വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 10-12 പോലീസുകാര്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതിനു ശേഷം അവരെ ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെയ് പന്ത്രണ്ടിനായിരുന്നു വനിതാ കമ്മീഷന്‍ നോയ്ഡ സന്ദര്‍ശിച്ചത്. പോലീസ്സുകാര്‍ ഗ്രാമങ്ങല്‍ ചുറ്റി നടന്ന് ഗ്രാമീണരെ പീഢിപ്പിക്കുകയാണെന്നും സ്ത്രീകളെ വീട്ടില്‍ നിന്നും വലിച്ചിറക്കി അസഭ്യം പറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളുടെ കരിഞ്ഞ ശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് അധികാരികള്‍ എഫ്.ഐ.ആര്‍ തയാറാക്കാത്തതെന്ന് ചോദ്യമുന്നയിക്കുകയും ചെയ്യുന്നുണ്ട്.

രാഹുല്‍ ഗാന്ധിയും നോയ്ഡയിലേക്കുള്ള തന്റെ വിവാദ സന്ദര്‍ശനത്തിനൊടുവില്‍ കര്‍ഷകരുടെ കരിഞ്ഞ ശരീരങ്ങള്‍ കണ്ടിരുന്നതായി പരാമര്‍ശിച്ചിരുന്നു.

യമുനാ എക്‌സ്പ്രസ് വേ പദ്ധതിക്കെതിരെയാണ് കര്‍ഷകര്‍ ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കലാപം നടത്തുന്നത്.