സിവിലിയന്‍മാരില്‍ നിന്ന് സൈന്യത്തെ വേര്‍തിരിക്കുന്ന ഒരേയൊരു ഘടകം അവരുടെ കൈയില്‍ ആയുധമുണ്ടെന്നതും അത് ഉപയോഗിക്കാനുള്ള പരിശീലനം അവര്‍ക്ക് സിദ്ധിച്ചിട്ടുണ്ടെന്നതുമാണ്.


എസ്സേയ്‌സ്/മുസ്തഫ പി.എറയ്ക്കല്‍

ആധുനികം, പുരാതനം എന്ന വ്യത്യാസമില്ല; രാഷ്ട്രങ്ങളുടെ നിലനില്‍പ്പ് ആയുധങ്ങളുടെ ആത്മവിശ്വാസത്തിലാണ്. എത്ര പരിഷ്‌കൃതരാകുമ്പോഴും കലഹവാസന ഉണര്‍ന്നു തന്നെയിരിക്കുന്നു. കീഴടക്കാനുള്ള ത്വര കൂട്ടില്‍ നിന്നിറങ്ങി മേയാനാരംഭിക്കുമ്പോഴൊക്കെ എതിരാളിയുടെ ആയുധ ബലമാണ് മനുഷ്യനെ സമാധാന പ്രിയനാക്കുന്നത്. ഇത് ഒരേസമയം  മനുഷ്യത്വത്തിന്റെ പരിമിതിയും സാധ്യതയുമാണ്.

യുദ്ധത്തോടൊപ്പം സമാധാനത്തിന്റെയും നടത്തിപ്പുകാരായി ആയുധങ്ങള്‍ മാറുന്നുവെന്ന വിഷമ അലങ്കാരമാണ് വിടരുന്നത്. സൈന്യത്തെ സൈന്യമാക്കുന്നത് ആയുധമാണ്. സിവിലിയന്‍മാരില്‍ നിന്ന് സൈന്യത്തെ വേര്‍തിരിക്കുന്ന ഒരേയൊരു ഘടകം അവരുടെ കൈയില്‍ ആയുധമുണ്ടെന്നതും അത് ഉപയോഗിക്കാനുള്ള പരിശീലനം അവര്‍ക്ക് സിദ്ധിച്ചിട്ടുണ്ടെന്നതുമാണ്. അപ്പോള്‍ ഒരു രാഷ്ട്രത്തെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ഈ വ്യത്യാസം തകര്‍ക്കുകയെന്നതാണ്. സാധാരണ ജനങ്ങള്‍ക്ക് ആയുധം നല്‍കിയാല്‍ മതി. പരിശീലനം അവര്‍ കാലക്രമത്തില്‍ ആര്‍ജിച്ചു കൊള്ളും.

അഫ്ഗാന്‍-പാക്കിസ്ഥാന്‍ മേഖലയില്‍ സാമ്രാജ്യത്വം ഇത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സോവിയറ്റ് നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഭരണകൂടത്തെ അവസാനിപ്പിക്കാന്‍ മുജാഹിദീനുകള്‍ക്ക് ആയുധം നല്‍കുകയാണ് ചെയ്തത്. വെറുതെ ആയുധങ്ങള്‍ വിതറിക്കൊടുക്കുക തന്നെ. നജീബിനെ വിളക്കുകാലില്‍ കെട്ടിത്തൂക്കിയിട്ടും ഈ ആയുധങ്ങള്‍ ഉറയിലേക്ക് തിരികെപ്പോയില്ല. ഇന്നും അത് ചോര തേടി നടക്കുന്നു.

ഇന്ന് പക്ഷേ ഈ ആയുധങ്ങളുടെ ലക്ഷ്യം അത് വിതറിയവര്‍ തന്നെയാണ്. ബലൂചിസ്ഥാനിലും വസിറിസ്ഥാനിലും അമേരിക്ക ആളില്ലാ വിമാനങ്ങളില്‍ (ഡ്രോണ്‍) ബോംബ് വര്‍ഷിക്കുന്നത് ഈ ആയുധങ്ങളെ പ്രതിരോധിക്കാനാണ്. സിവിലിയന്‍ സമൂഹത്തില്‍ ഒഴുകിപ്പരന്ന ആയുധങ്ങള്‍ക്കിടയില്‍ അധീശത്വത്തിന്റെ പുതിയ ആയുധശേഷി പ്രദര്‍ശിപ്പിക്കാന്‍ അമേരിക്കക്ക് ആളില്ലാ വിമാനങ്ങള്‍ തന്നെ വേണ്ടി വന്നു.

ലിബിയ ഈ ആയുധമേറിന്റെ ഏറ്റവും പുതിയ അധ്യായമാണ്. ലിബിയന്‍ അധ്യായത്തിന്റെ  ഓരോ താളിലും ചോര പുരണ്ടിരിക്കുന്നു. കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്ന് കുഴിച്ചു മൂടാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ ആ കൃത്യം സ്വയം ചെയ്തിരുന്നുവെങ്കില്‍ ലിബിയ ഇങ്ങനെ നിതാന്തമായ വേദനയില്‍ അകപ്പെടില്ലായിരുന്നു. വിമത ഗ്രൂപ്പുകള്‍ക്ക് ടണ്‍ കണക്കിന് ആയുധങ്ങള്‍ നല്‍കുകയാണ് ചെയ്തത്. ട്രിപ്പോളിയിലും ബെന്‍ഗാസിയിലും റോഡരികില്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ കുന്നുകൂടി. ആര്‍ക്കും സായുധനാകാം. മനുഷ്യരെ വകവരുത്താം. അതോടെ ലിബിയന്‍ സൈന്യം സൈന്യമല്ലാതായി. അല്ലെങ്കില്‍ തന്നെ യുദ്ധ പ്രഭുക്കളുടെ നാടായ ലിബിയയില്‍ ഓരോ ഗ്രൂപ്പിനും ഇന്ന് അത്യന്താധുനിക ആയുധങ്ങളുണ്ട്.

ഗദ്ദാഫിയെ ഭയന്ന് അടങ്ങിയിരുന്നവര്‍ ഇന്ന് എല്ലാ കെട്ടുകളും പൊട്ടിച്ചിറങ്ങിയിരിക്കുന്നു. ഗദ്ദാഫിയുടെ ‘ദുര്‍ഭരണത്തില്‍’ നിന്ന് ലിബിയന്‍ ജനത ഭരണമില്ലായ്മയുടെ കെടുതിയിലേക്കാണ് പതിച്ചിരിക്കുന്നത്. ട്രിപ്പോളി വിമാനത്താവളം ‘അല്‍ ഔഫിയ’ എന്ന തീവ്രവാദ ഗ്രൂപ്പ് പിടിച്ചെടുത്തുവെന്നാണ് ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത. ഭരണസാരഥ്യം വഹിക്കുന്ന ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ പകച്ചു പോയി. എതിര്‍ ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടു പോയ തങ്ങളുടെ കമാന്‍ഡറെ വിട്ടുകിട്ടാനാണ് വിമാനത്താവളം ഔഫിയ പിടിച്ചത്. സര്‍ക്കാര്‍ നിസ്സഹായമാണ്.

ഇനി സിറിയയാണ്. അവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന വിമത സായുധ വിഭാഗം ലക്ഷണമൊത്ത സൈന്യമായിരിക്കുന്നു. എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ അവര്‍ക്ക് ഇന്ന് സാധിക്കും. കപ്പല്‍ കണക്കിന് ആയുധങ്ങളാണ് സിറിയയിലെത്തിയത്.

ഇനി സിറിയയാണ്. അവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന വിമത സായുധ വിഭാഗം ലക്ഷണമൊത്ത സൈന്യമായിരിക്കുന്നു. എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ അവര്‍ക്ക് ഇന്ന് സാധിക്കും. കപ്പല്‍ കണക്കിന് ആയുധങ്ങളാണ് സിറിയയിലെത്തിയത്. ഹമയിലും ഹൗലയിലും ഹംസിലും ദമസ്‌കസിലുമൊക്കെ അത് ഒഴുകിപ്പരന്നിരിക്കുന്നു. കൂട്ടക്കൊലകള്‍ നിര്‍വഹിക്കുന്നത് ആരാണെന്ന് തിട്ടപ്പെടുത്താനാകാത്ത സ്ഥിതിയാണ്. ഹൗലയില്‍ ഈയിടെ നടന്ന   കൂട്ടക്കൊലയില്‍ 120 പേരാണ് മരിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ആരാണ് കൊന്നത്? സൈന്യമാണെന്ന് വിമതര്‍ ആണയിടുന്നു. അല്ല, സിറിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ എളുപ്പമാക്കാന്‍ വിമതര്‍ ചെയ്ത കൊടുംക്രൂരതയാണെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ് തീര്‍ത്തു പറയുന്നു. തര്‍ക്കമില്ലാത്ത സത്യം മരണം മാത്രമാണ്. ആര് കൊന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. രണ്ട് കൂട്ടര്‍ക്കും തുല്യമായ ഉത്തരവാദിത്വമുണ്ടെന്നാണ് അല്‍പ്പസ്വല്‍പ്പം നിഷ്പക്ഷതയുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നുവെച്ചാല്‍ സൈന്യത്തെപ്പോലെ കൊന്നൊടുക്കാനുള്ള ശേഷി വിമതര്‍ക്കുണ്ടെന്നു തന്നെ. വിമതര്‍ക്ക് ആയുധം നല്‍കണമെന്ന് ആദ്യം വാദിച്ച സഊദിക്ക് അഭിമാനിക്കാം. തീര്‍ത്തും സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പാശ്ചാത്യര്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്ക് വായ്ത്താരിയിടാന്‍ നടക്കുന്ന ഗള്‍ഫ് ഭരണാധികാരികളുടെ മുഖത്താണ് ഹൗലയിലെ കുട്ടികളുടെ ചുടുചോര വന്നുവീഴുന്നത്.

അടുത്ത പേജില്‍ തുടരുന്നു