പെരുമ്പാവൂര്‍: സിനിമാ താരം മോഹന്‍ലാല്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ആനക്കൊമ്പ് അദ്ദേഹത്തിന്റേതല്ലെന്ന് വനംവകുപ്പ് കണ്ടെത്തി.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പില്‍ ഒന്ന് തൃശൂര്‍ സ്വദേശി സി.എന്‍. കൃഷ്ണകുമാറിന്റെയും മറ്റൊന്ന് തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാറിന്റെതുമാണെന്നാണു വനംവകുപ്പ് പറയുന്നത്.

ഇവര്‍ രണ്ടുപേരും മോഹന്‍ലാലിന്റെ സുഹൃത്തുക്കളാണ്. ഇവര്‍ വിദേശത്തുപോയപ്പോള്‍ ആനക്കൊമ്പ് സൂക്ഷിക്കാനായി മോഹന്‍ലാലിനെ ഏല്‍പ്പിച്ചതാണെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ മോഹന്‍ലാലുമായുണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചു.

കോടനാട് റെയ്ഞ്ച് ഓഫീസര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.  കേസ് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു. കേസിന്റെ എഫ്.ഐ.ആര്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ലാല്‍ ഇന്ന് കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.

അതേസമയം, കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഡി.ജി.പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ മോഹന്‍ലാലിനെ ഇന്നു ചോദ്യം ചെയ്‌തേക്കും. എന്നാല്‍ എവിടെ വെച്ചാണ് ചോദ്യം ചെയ്യല്‍ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.