എഡിറ്റര്‍
എഡിറ്റര്‍
കുടജാദ്രിയില്‍ നിന്നും മൊഴിയാഴത്തിലേയ്ക്ക്…
എഡിറ്റര്‍
Thursday 28th June 2012 1:54am

ഭാഗം 3

യാത്ര/ഷൗക്കത്ത്

രണ്ടാം ദിവസം ഞങ്ങള്‍ ചിത്രമൂലയിലേക്കു പോയി. അല്പം പ്രയാസമുള്ള വഴിയാണ്. മലനിരകളുടെ നനവും കുളിരും അനുഭവിച്ചുള്ള യാത്ര. ഇരുപതടിയോളം ഉയരമുള്ള ഒരു പാറയുടെ ഉച്ചിയിലാണ് ചിത്രമൂല ഗുഹ. താഴേക്കിട്ടിട്ടുള്ള ഒരു കയറില്‍ തൂങ്ങി വേണം മുകളിലെത്താന്‍. ഇവിടെ ശങ്കരാചാര്യര്‍ വര്‍ഷങ്ങളോളം തപസ്സിരുന്നിട്ടുണ്ടെന്നാണ് വിശ്വാസം. ഗുഹയിലിരുന്ന് പുറത്തേക്കു നോക്കിയാല്‍ ആകാശത്തിലിരിക്കയാണെന്നേ തോന്നൂ. ഇടത്തും വലത്തും മുമ്പിലും യാതൊരു തടസ്സവുമില്ലാതെ പരന്നു കിടക്കുന്ന ആകാശം. ഇങ്ങനെ ഒരു സ്ഥലം എങ്ങനെയാണാവോ അദ്ദേഹം കണ്ടെത്തിയത്. മൂകാംബിക ഉള്‍പ്പടെ എല്ലായിടവും കൊടുംവനമായിരുന്ന കാലത്താണ്‌ ശങ്കരാചാര്യര്‍ ഇവിടെ വന്നിട്ടുള്ളത്. ഇപ്പോള്‍പോലും ഇങ്ങനെ ഒരു സ്ഥലം കണ്ടെത്തുക പ്രയാസമാണ്. ഉള്ളുണര്‍വ്വിന്റെ വഴികളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ആ ശരീരം തനിയെ എത്തിച്ചേര്‍ന്നതാവും. ഇതിനേക്കാള്‍ നല്ലൊരു സ്ഥലം ധ്യാനത്തിനായി വേറെ എവിടെ ലഭിക്കാനാണ്.

ഞങ്ങളവിടെ ചെല്ലുമ്പോള്‍ ഒരാളവിടെ താമസിക്കുന്നുണ്ട്. കാറ്റടിക്കാതിരിക്കാന്‍ സിമന്റുചാക്കുകൊണ്ട് കുറച്ചുഭാഗം മറച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ അവിടെ കഴിയുകയെന്നത് സാഹസം തന്നെയാണ്. എത്രയോപേര്‍ ഇവിടെ വന്ന് സാധനയനുഷ്ഠിച്ച് പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു മലയാളി സ്വാമിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. പല കഥകളും അദ്ദേഹത്തെക്കുറിച്ച് പിന്നീട് കേട്ടെങ്കിലും അവിടെ ആ വിജനതയില്‍ കഴിയാനാവുകയെന്നത് അവിശ്വസനീയംതന്നെ. അസാമാന്യ ധൈര്യമുണ്ടെങ്കിലേ അതിനാവൂ. രാത്രിയില്‍ ഗുഹയ്ക്കുതാഴെ പുലി വരാറുണ്ടെന്നുകൂടി കേട്ടപ്പോള്‍ അവിടെ ഒരുദിവസം തങ്ങണമെന്ന് ഉള്ളിലുണര്‍ന്ന ചിന്ത അങ്ങനെത്തന്നെ വിഴുങ്ങി. എവിടെയിരുന്നാലും മനസ്സാണല്ലോ പ്രധാനം എന്നൊരു ദാര്‍ശനികവിചാരം ഉള്ളിലുള്ളതിനാല്‍ ആ പൂതി മുറിവേല്‍ക്കാതെത്തന്നെ മാറ്റി വയ്ക്കാനായി.

മൂന്നു ദിവസം കടന്നുപോയതറിഞ്ഞതേയില്ല. ക്ഷീണിച്ചവശരായി മലകയറിവരുന്നവര്‍ക്ക് ഞങ്ങള്‍ അവിലു കുഴച്ചതു കൊടുക്കും. കുടിക്കാന്‍ വെള്ളം കൊടുക്കും. മൂന്നാംദിവസമാകുമ്പോഴേക്കും ഞങ്ങളൊരു അരസ്വാമിമാരായി മാറിയിരുന്നു. അരിയെല്ലാം തീര്‍ന്നു. ഞങ്ങളോടൊപ്പം താമസിക്കുന്ന സ്വാമിയും സ്വന്തമായാണ് സാപ്പാടുണ്ടാക്കി കഴിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ സാധനയില്‍ മുഴുകി കഴിയും. വലിയ സംസാരമൊന്നുമില്ല. അവിടെയുമിവിടെയുമെല്ലാം കറങ്ങി നടന്നും കുറച്ചുനേരം പുസ്തകം വായിച്ചും പാചകംചെയ്തും ഒക്കെ ഞങ്ങളും കഴിയും. കിടപ്പെല്ലാം സര്‍വ്വജ്ഞപീഠത്തിനു വെളിയില്‍തന്നെയായി. അതാണ് സുഖം. കരടിപുലി ഭയം അങ്ങനെത്തന്നെ ഉള്ളതിനാല്‍ ഒരുതരം ധ്യാനാത്മകമായ ഉറക്കമേ ഉള്ളൂ. രാത്രിയില്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരിയുന്നതും പ്രഭാതത്തില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചന്ദ്രനസ്തമിക്കുന്നതും കിഴക്കില്‍ സൂര്യനുണരുന്നതും വൈകുന്നേരമാകുന്നതോടെ വടക്കുതെക്കായി വീശുന്ന കാറ്റിനൊപ്പം വെണ്‍മേഘങ്ങള്‍ മലനിരകളെ തഴുകി പാഞ്ഞൊഴുകുന്നതും അവയ്ക്കപ്പുറം സൂര്യന്‍ മറയുന്നതും അതേസമയത്തു തന്നെ വന്‍വലിപ്പത്തില്‍ ചുമന്നുതുടുത്തു ചന്ദ്രനുദിച്ചുയരുന്നതും അങ്ങകലെ മലനിരകളില്‍ കാട്ടുതീ പടരുന്നതും എല്ലാം കണ്ടു് ഞങ്ങളുടെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു.

ഏതായാലും കുടജാദ്രിമലയെ അടുത്തൊന്നും ഉപേക്ഷിക്കാനാവുമെന്നു തോന്നുന്നില്ല. രണ്ടുപേര്‍ക്കും ഒരേ തീരുമാനമായിരുന്നു. നാലാംനാള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കാനായി ഞങ്ങള്‍ മലയിറങ്ങാന്‍ തീരുമാനിച്ചു. ഭട്ടിന്റെ അടുത്തുനിന്ന് പ്രഭാതഭക്ഷണം കഴിച്ചു. ഞങ്ങള്‍ മുകളില്‍ കഴിയുന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉള്ളതായി തോന്നിയില്ല. ഞങ്ങളുടെ സഹവാസിയായ യോഗിയ്ക്കും ചില സാധനങ്ങള്‍ വാങ്ങിക്കണമായിരുന്നു. മഴക്കാലമാകുമ്പോള്‍ സര്‍വ്വജ്ഞപീഠമെല്ലാം ചോര്‍ന്നൊലിക്കും. അപ്പോള്‍ ഉപയോഗിക്കാനായുള്ള പ്ലാസ്റ്റിക്ല ഷീറ്റ നേരത്തെത്തന്നെ വാങ്ങിവെച്ചാല്‍ നന്നായിരുന്നെന്നു പറഞ്ഞു. ഞങ്ങളതു വാങ്ങിച്ചോളാമെന്നേറ്റു. അദ്ദേഹത്തിനു വലിയ സന്തോഷമായി.

ആത്മവിശ്വാസം കൂടിയതുകൊണ്ടാവാം മലയിറങ്ങവേ വഴിതെറ്റി. ഏതൊക്കെയോ മലകള്‍ കയറിയിറങ്ങി. നടന്നുനടന്ന് ഒരു മലയുടെ ഉച്ചിയിലെത്തും. പിന്നെ എങ്ങോട്ടേക്കും വഴിയില്ലാതാകും. താഴേക്കിറകൂക മാത്രമെ നിവൃത്തിയുള്ളൂ. മലയിലുള്ള പൊത്തുകളില്‍ കാലു കുത്തി നിരങ്ങിയിറകൂം. സൂര്യന്‍ ജ്വലിച്ചു നില്ക്കുന്നു. ചുട്ടുപൊള്ളുന്ന വെയില്‍. ദാഹിച്ചിട്ടു വയ്യ. കൈയില്‍ ആവശ്യത്തിനുള്ള വെള്ളവുമില്ല. ഉള്ളതെല്ലാം കുടിച്ചു തീര്‍ത്തു. എപ്പോള്‍വേണമെങ്കിലും തീ പടരാവുന്ന ഉണങ്ങിയ പുല്ലുകള്‍ അരയ്‌ക്കൊപ്പം വളര്‍ന്നു നില്ക്കുന്ന മലയിലൂടെയാണ് ഇറക്കം. പകല്‍ മലയില്‍ തീ പടരുന്നത് മൂന്നു ദിവസമായി കണ്ടുകൊണ്ടിരുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഭയം അതിന്റെ എല്ലാ വിറയലോടെയും ഉള്ളില്‍ നിറയുന്നുണ്ട്. രണ്ടുപേരും അതു പുറത്തു പ്രകടിപ്പിച്ചില്ലെന്നു മാത്രം. സാധകന്മാര്‍ നിര്‍ഭയരായിരിക്കണമല്ലോ!

കൂര്‍ത്ത കല്ലുകള്‍ തട്ടി കാലെല്ലാം അവിടവിടെ മുറിഞ്ഞു. എങ്ങനെയെങ്കിലും ശരിയായ വഴി കണ്ടെത്താനായെങ്കില്‍ എന്നായി പ്രാര്‍ത്ഥന. ഒന്നൊന്നര മണിക്കൂര്‍ അലഞ്ഞുതിരിഞ്ഞു കാണും. അവസാനം ഒരു മലയുടെ ഉച്ചിയിലെത്തി താഴേക്കു നോക്കിയപ്പോള്‍ ആളുകള്‍ പോകുന്നതുകണ്ടു. ദൈവമേ എന്ന് ഉള്ളില്‍നിന്നും അറിയാതെ ഒരു വിളി പുറത്തേക്കു ചാടി. കുത്തനെയുള്ള ഇറക്കമാണ്. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ താഴേക്ക് ഉരുണ്ടു വീണതുതന്നെ. ഓരോ അടിയും ശ്രദ്ധിച്ച് ഞങ്ങള്‍ ഊര്‍ന്നിറങ്ങി. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിഷപ്പാമ്പുകളുള്ള മലകളിലൊന്നാണു് കുടജാദ്രി മലകളെന്നു് പിന്നീടാണു് ഞങ്ങളറിഞ്ഞതു്. ഞങ്ങള്‍ സുരക്ഷിതത്വത്തിനായി ചവിട്ടുപടിയായി കണ്ട ഓരോ പൊത്തും വിഷപ്പാമ്പുകളുടെ ഭവനങ്ങളായിരുന്നു.

മൂകാംബികയിലെത്തി ആദ്യം സൗപര്‍ണ്ണിക നദിയില്‍ പോയി കിടന്നു. ശരീരവും ആത്മാവും കുളിരണിഞ്ഞു. തളര്‍ന്നവശരായാണ് ഞങ്ങള്‍ മൂകാംബികയിലെത്തിയത്. പുണ്യനദി എത്ര കനിവോടെയാണ് ഞങ്ങളുടെ ക്ഷീണത്തെയെല്ലാം സ്വഹൃദയത്തിലേക്കേറ്റുവാങ്ങിയത്. കുളിയും അലക്കുമെല്ലാം കഴിഞ്ഞ് ക്ഷേത്രത്തില്‍പോയി. അപൂര്‍വ്വാനുഭൂതി പ്രദാനം ചെയ്യുന്ന ക്ഷേത്രാന്തരീക്ഷമാണ് മൂകാംബികയിലേത്. വല്ലാത്തൊരു ശാന്തി ആ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രസരിച്ചു നില്ക്കുന്നുണ്ട്. ഞാനൊരു വിഗ്രഹാരാധകനല്ലാതിരുന്നിട്ടും ആ അന്തരീക്ഷത്തില്‍ കഴിയുന്നത്ര സമയം ചിലവഴിക്കാനാണ് തോന്നിയത്. ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ അങ്ങനെയാണ്. വല്ലാത്തൊരു ആകര്‍ഷണീയത അവിടം നിറഞ്ഞു നില്ക്കുന്നുണ്ടാവും. ജന്മജന്മാന്തര സൗഹൃദംപോലെ ഒരാത്മബന്ധം അങ്ങനെയുള്ള ഇടങ്ങളോടു പീന്നീട് തോന്നിയിട്ടുമുണ്ട്.

ചുട്ടുപൊള്ളുന്ന തിരുവണ്ണാമലയാണ് ഓര്‍മ്മ വരുന്നത്. രമണമഹര്‍ഷിയെപ്പോലുള്ള ഋഷീശ്വരന്മാരുടെ ജീവിതംകൊണ്ട് പരിപാവനമായ അവിടെ എത്തിപ്പെട്ടപ്പോഴെല്ലാം ധ്യാനാത്മകമായ ഒരുള്‍ശാന്തി ശരീരം മുഴുവന്‍ പടരുന്നതായാണ് അനുഭവിക്കാനായിട്ടുള്ളത്. എത്രയോ പ്രാവശ്യം പിന്നീട് അവിടെ പോയിരിക്കുന്നു. ഒരിക്കല്‍പോലും മടുപ്പനുഭവപ്പെടാത്ത ഇടങ്ങളിലൊന്നാണ് തിരുവണ്ണാമല. പിന്നെ ഹിമാലയം. പ്രകൃതിയുടെ മഹാശ്ചര്യമെന്നു പറയാവുന്ന ഒരിടം. ജീവിതം അതിരുകളില്ലാത്ത ആകാശമാണെന്നു് വീണ്ടുംവീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്ന വിശുദ്ധിയാണത്. എത്ര പ്രാവശ്യം ഹിമാലയത്തിലേക്കു പോയാലും പുതിയ യാത്ര തുടകൂമ്പോള്‍ ആദ്യമായി ഹിമാലയത്തില്‍ പോകുന്നതുപോലെയാണു് തോന്നുക. നാം ഒരിക്കല്‍ കണ്ട ഹിമാലയമാകില്ല പിന്നെ പോകുമ്പോള്‍ അനുഭവിക്കാനാകുക.

രാത്രി എവിടെയും മുറിയെടുത്തു താമസിക്കാന്‍ തോന്നിയില്ല. ക്ഷേത്രത്തിനു വെളിയിലുള്ള തിണ്ണയില്‍ മുണ്ടുവിരിച്ചു് ഞങ്ങള്‍ കിടന്നു. കുളിര്‍പെയ്യുന്ന രാത്രി. പകല്‍ കൊടുചൂടായിരുന്നെങ്കില്‍ രാത്രി എത്ര കനിവോടോയാണു് പ്രകൃതീശ്വരി കുളിരു പകരുന്നതു്. വൈരുദ്ധ്യങ്ങളുടെ പ്രവാഹംതന്നെയാണ് ജീവിതം. അതിലൊന്നുമാത്രം സ്വീകരിച്ച് മറ്റേ പാതിയെ വിട്ടുകളയാമെന്നു വെച്ചാല്‍ അതസംഭവ്യമാണ്. പ്രകൃതിവിരുദ്ധമാണ്. സുഖത്തോടൊപ്പം കഴിഞ്ഞിട്ടുണ്ടെങ്കില്‍ ദുഃഖത്തെ അനുഭവിച്ചേ മതിയാവൂ. ജീവിച്ചുജീവിച്ച് ഈ നിഗൂഢതയറിഞ്ഞവരെല്ലാം പിന്നെ സ്ഥായിയായ സമാധാനത്തെ കൊതിച്ചിട്ടുണ്ടാവില്ല. ശരീരവും മനസ്സും ഉള്ളിടത്തോളം ഉണ്ടായി നിലനിന്ന് ഇല്ലാതായിപ്പോകുന്ന വൈകാരികതകള്‍ ലീലാവിലാസമാടി ഒഴുകിമറയുമെന്നു് അവര്‍ക്കറിയാം. എല്ലാറ്റിനും സാക്ഷിയായിരിക്കല്‍ മാത്രമാണ് സമാധാനമെന്നും അവര്‍ക്കു ബോദ്ധ്യമുണ്ടു്.

കൊതുകുകള്‍ ചെവിയില്‍ സംഗീതമുതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുണ്ടു തലയിലേക്കു വലിച്ചിട്ട് തിരിഞ്ഞുംമറിഞ്ഞും കിടന്നുറക്കമായി. വെളുക്കുന്നതിനുമുമ്പേ എഴുന്നേറ്റ് സൗപര്‍ണ്ണികയില്‍പോയി കുളിച്ചു. നല്ല തണുപ്പായിരുന്നു. തലേന്നുരാത്രി സാധനങ്ങളെല്ലാം വാങ്ങിവെച്ചതുകൊണ്ട് നേരെ ബസ്സുകയറി കുടജാദ്രിയ്ക്കു വിട്ടു. മൂകാംബികയില്‍നിന്നും കുറെദുരം താണ്ടി കാടിനു നടുവിലൊരിടത്ത് ബസ്സിറങ്ങി. ഇനി നടക്കണം. ആദ്യത്തെ ബസ്സാണ്. ആളുകള്‍ ഇറങ്ങി നടക്കുന്നതിനുമുമ്പേ കാട്ടില്‍ കയറണം. എങ്കിലേ കാടുണരുന്നത് അനുഭവിക്കാനാകൂ.

നിശ്ശബ്ദമായ വനത്തിലൂടെ മൗനമായി ഞങ്ങള്‍ നടന്നു. ഈശ്വരാ! എന്തൊരു നനവാണിത്. ആകാശത്തേക്കുയര്‍ന്നു നില്ക്കുന്ന വൃക്ഷങ്ങള്‍ കൊഴിച്ചിട്ട ഇലകളില്‍ പ്രഭാതമഞ്ഞിന്റെ നനവു പടര്‍ന്നിരിക്കുന്നു. കുഞ്ഞുകുഞ്ഞു പക്ഷികള്‍ ചിലച്ചുകൊണ്ടു പറന്നുപോകുന്നു. എവിടെയോ കുരകൂകള്‍ മരത്തില്‍നിന്നും മരത്തിലേക്ക് കൂട്ടത്തോടെ ഒഴുകിനീങ്ങൂന്ന ശബ്ദം. എല്ലാ ശബ്ദങ്ങള്‍ക്കിടയിലും കാടിനൊരു മൗനമുണ്ട്. ഹൃദയംകൊണ്ട് തൊട്ടറിയേണ്ട മൗനം. ദാ ഒരു മലയണ്ണാന്‍! എന്തൊരു ഭംഗിയാണ്. വര്‍ണ്ണംപൂശിയ നീണ്ട വാലുമായി അവന്‍ മരമുകളിലേക്കു് പാഞ്ഞുകയറി. ഇതാണ് ആദ്യം കാട്ടില്‍ കയറിയാലുള്ള അനുഗ്രഹം. അനേകതരത്തിലുള്ള കൊച്ചുകൊച്ചു ബഹുവര്‍ണ്ണ പക്ഷികളേയും മലയണ്ണാനെയുമല്ലാം അടുത്തുകാണാം. ആളുകള്‍ ബഹളമുണ്ടാക്കിത്തുടങ്ങിയാല്‍ എല്ലാവരും ഉള്‍ക്കാട്ടിലേക്ക് പിന്‍വലിയും.

Kudajadriഇപ്പോള്‍ പുലിഭയമൊക്കെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കാടനുഭവിച്ച് ശാന്തമായാണ് യാത്ര. വെള്ളം കുടിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഒന്നിച്ചിരിക്കുക. സലിംക്ക കാടിനുള്ളിലേക്കു കയറിപ്പോകും. പിന്നെ വഴിയിലേക്കു കയറി വരും. യാതൊരു തിരക്കുമില്ലാതെയാണ് യാത്ര. കാടിനു നടുവിലുള്ള തങ്കപ്പേട്ടന്റെ ചായക്കടയില്‍നിന്നും പുട്ടും പഴവും ചായയും കഴിച്ചു. എത്രയോ വര്‍ഷങ്ങളായി തങ്കപ്പേട്ടനും കുടുംബവും യാത്രികര്‍ക്കെല്ലാം അത്താണിയായി ഇവിടെ കഴിയുന്നു. കുടജാദ്രിമല കയറുന്നവര്‍ക്കെല്ലാം ഇവിടുത്തെ പുട്ടും പഴവും പഥ്യമാണ്. കാടിനു നടുവില്‍ ചായക്കടയ്ക്കു വെളിയിലിട്ടിരിക്കുന്ന ബഞ്ചിലിരുന്ന് അലസമായി ചായ കുടിച്ചിരിക്കുകയെന്നത് അനിര്‍വ്വചനീയമായ ഒരു ശാന്തി തന്നെയാണ്. ഞങ്ങള്‍ മലമുകളില്‍ വാസമുറപ്പിച്ചതെല്ലാം അദ്ദേഹം അറിഞ്ഞിരിക്കുന്നു. കുറച്ചുനേരം കുശലം പറഞ്ഞിരുന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


അവിടിവിടെയായി  കാണുന്ന ഉള്‍വഴികളിലെല്ലാം ഞങ്ങള്‍ കയറിയിറങ്ങും. ഒരു കുഞ്ഞരുവിയില്‍ എന്തോ ഇളകി മറിയുന്നതു കണ്ട് ഞങ്ങള്‍ അങ്ങോട്ടു നടന്നു. കുറെ നീര്‍ക്കോലിപ്പാമ്പുകള്‍ വെള്ളത്തില്‍ കിടന്ന് നൃത്തം വയ്ക്കുന്നു. ജലോപരിതലത്തില്‍ കാക്കത്തൊള്ളായിരം മഞ്ഞയും വെള്ളയും നിറത്തിലുള്ള കുഞ്ഞു പൂമ്പാറ്റകള്‍ പാറിപ്പറക്കുന്നു. ആ അലൗകിക നിര്‍വൃതിയില്‍ മുഴുകി ഞങ്ങളിരുന്നു. കാട്ടില്‍ വീണുകിട്ടുന്ന അനുഗ്രഹങ്ങളാണിതൊക്കെ. നമുക്കായി ഇവള്‍ കരുതി വെച്ചിട്ടുള്ള വാത്സല്യങ്ങള്‍ എന്തൊക്കെയാണെന്നു് അനുഭവിച്ചേ അറിയാനാകൂ. ഓരോരുത്തരും ഏതേതു പാത്രമായാണോ വരുന്നത് അതിനനുസരിച്ച് അവള്‍ കനിഞ്ഞരുളും. തുറന്ന ഹൃദയവുമായി വരുന്നവര്‍ക്ക് നിറഞ്ഞ ഹൃദയവുമായി കാടിറങ്ങാം. യാതൊരു ലോഭവുമില്ലാതെ ആ മാതൃവാത്സല്യം ചുരന്നുകൊണ്ടേയിരിക്കുന്നുണ്ട്.

ഭട്ടിന്റെയടുത്ത് കുറച്ചുനേരമേ ഇരുന്നുള്ളൂ. തട്ടുതട്ടായി കിടക്കുന്ന മലനിരകളിലേക്ക് മനസ്സിനെ അലയാന്‍വിട്ട് അമ്പലത്തിണ്ണയില്‍ വിശ്രമിച്ചു. സര്‍വ്വജ്ഞപീഠത്തിലെത്താന്‍ ധൃതിയായി. ഭട്ടിന്റെ വീട്ടില്‍നിന്നും മുകളിലേക്കുള്ള കയറ്റം അല്പം കുത്തനെയാണ്. മെല്ലെയേ പോകാനാവൂ. എത്രയും പെട്ടന്ന്‌ അങ്ങെത്തണമെന്നുള്ള ധൃതികൊണ്ട് നടത്തത്തിന് ഇത്തിരി വേഗത കൂട്ടി. കുറച്ചു ദൂരമേ ആ ആവേശം നീണ്ടുനിന്നുള്ളൂ. മലയില്‍ നമ്മുടെ ആവേശങ്ങളൊന്നും വിലപ്പോവില്ല. അതിനു് ഒരു താളമുണ്ട്. കയറ്റത്തിന്റെയും ശരീരത്തിന്റെയും താളം യോജിക്കണം. ആ ഗതി തെറ്റിയാല്‍ നെഞ്ചിടിപ്പു കൂടും. പിന്നെ കിതച്ചുകിതച്ച് ഒരിടത്തിരിക്കും. ഒരേ താളത്തില്‍ കയറുന്നവരെല്ലാം നമ്മെ കടന്നുപോകും. പെട്ടെന്നെത്തണമെങ്കില്‍ സാവധാനം നടക്കണം. അതാണ് മലയിലെ നിയമം. കുറെ വെള്ളം കുടിച്ച് അവിടെയിരുന്നു. പിന്നെ സാഹസത്തിനൊന്നും മുതിര്‍ന്നില്ല. പഴയപടി ശാന്തനായി യാത്ര തുടര്‍ന്നു.

പോകുന്ന വഴിയില്‍ അഗസ്ത്യതീര്‍ത്ഥത്തില്‍ ഒരു കുളി പാസ്സാക്കി. മലയിറകൂമ്പോള്‍ വെള്ളമെടുക്കാനുള്ള കാന്‍ തീര്‍ത്ഥത്തിനടുത്തു വെച്ചിരുന്നു. രണ്ടു കാനിലും വെള്ളം നിറച്ചു. എല്ലാംകൂടി നല്ല ഭാരമായി. ഒരുവിധം ഗണപതിഗുഹയിലെത്തി. ചത്തുപോകുമെന്നു കരുതി. ഇടയ്ക്കു്  കാലുതെന്നി വഴുക്കി വീഴേണ്ടതായിരുന്നു. ഭാഗ്യത്തിനു് വേരില്‍ കാലുടക്കി. അല്ലെങ്കില്‍ എല്ലാംകൂടി താഴെയെത്തിയേനെ. സലിംക്ക നല്ല ബാലന്‍സോടെയാണ് നടക്കുന്നത്. ഒരു കൈയില്‍ കാന്‍. മറ്റെ കൈയില്‍ പലവ്യഞ്ജനം. എന്നേക്കാള്‍ കൂടുതല്‍ സലിംക്കയുടെ കൈയിലാണെങ്കിലും ഒന്നും കൈയിലില്ലാത്ത മട്ടിലാണ് ആളുടെ നടപ്പ്. ഞാന്‍ എല്ലാ ഭാരവും താങ്ങി നടക്കുന്ന കഴുതയെപ്പോലെയും. എനിക്ക് ദേഷ്യം വന്നു. പക്ഷെ ആരോടു പ്രകടിപ്പിക്കാനാണ്.

എന്നാല്‍ പോകുകയല്ലേ എന്നു പറഞ്ഞ് സലിംക്ക എഴുന്നേറ്റു. ‘നിങ്ങള്‍ നടന്നോളൂ. ഞാന്‍ പിന്നാലെ വരാം.’ കോപമടക്കി സൗമ്യമായി ഞാന്‍ പറഞ്ഞു. ഒരു കരുണയുമില്ലാതെ ആള്‍ മല കയറിപ്പോയി. എനിക്കു സങ്കടം വന്നു. ക്ഷീണമാണെങ്കില്‍ ഇരിക്കാം. നമുക്കൊന്നിച്ചു പോകാമെന്നു പറയുമെന്നാണു് ഞാന്‍ കരുതിയത്. കുരങ്ങന്‍ മരത്തില്‍നിന്നും മരത്തിലേക്ക് പാഞ്ഞൊഴുകുന്നതുപോലെയാണ് ആളുടെ പോക്ക്. എനിക്കാണെങ്കില്‍ പത്തടി മുന്നോട്ടുവെച്ചാല്‍ ഇരുപതു നെഞ്ചിടിപ്പെങ്കിലും കഴിയുന്നവരെ അനങ്ങാതെ നില്ക്കണം. അത്രയ്ക്കു നല്ല ആരോഗ്യമാണ്. എന്തു ചെയ്യാനാണ്. ജന്മദോഷം. അത്രതന്നെ.

ഒരുവിധം സര്‍വ്വജ്ഞപീഠത്തിലെത്തി. ഒരാഴ്ചമുമ്പ് വീടണഞ്ഞപോലെ സലിംക്ക അവിടെ ഉലാത്തുന്നുണ്ട്. ഞങ്ങള്‍ ഒന്നിച്ചാണ് മല കയറിയതെന്ന് ഓര്‍ക്കാനേ വയ്യ. ഒരു ക്ഷീണവുമില്ലല്ലോ ഈശ്വരാ ഈ മനുഷ്യന്! ഞാന്‍ ഉള്ളില്‍ പിറുപിറുത്തു. കഞ്ഞിയും പയറും ഒന്നിച്ചിട്ടു വേവിച്ചു. അച്ചാറും ഉണ്ടായിരുന്നു. ഇപ്പോള്‍ അടുപ്പു കത്തിക്കുന്നതില്‍ അല്പം പ്രാവീണ്യമൊക്ക കരസ്ഥമാക്കിയിട്ടുണ്ട്. നെഞ്ചു നിവര്‍ത്തിയിരിക്കാന്‍ ആകെയുള്ള അവസരമാണിത്. കഞ്ഞി വയ്ക്കാനറിയില്ല. ഒരിക്കലേ ചായ ഉണ്ടാക്കിയുള്ളൂ. കയ്ചിട്ടു് വായയില്‍ വയ്ക്കാന്‍ കൊള്ളില്ലായിരുന്നു. കയ്പു മാറ്റാന്‍ കുറെ പഞ്ചസാര വാരിയിട്ടു. അതു് ചായയെ ആകെ വിരസമാക്കി. പിന്നെ പാചകത്തിനു് എന്നെ പ്രോത്സാഹിപ്പിച്ചില്ല. വെള്ളം കൊണ്ടുവരലും വിറകു പെറുക്കലും അടുപ്പു കത്തിക്കലുമായി എന്റെ ജോലി. പിന്നെ ശാപ്പാടടിക്കലും. രുചികരമായി സലിംക്ക ഭക്ഷണമുണ്ടാക്കും.

ഒരു ദിവസം ഞങ്ങള്‍ ചിത്രമൂലയില്‍ താമസിക്കാന്‍ തീരുമാനിച്ചു. കിടക്കാനുള്ള ചാക്കുമായി ഞങ്ങളിറങ്ങി. അവിടം താമസിച്ചിരുന്നയാള്‍ മൂകാംബികയ്ക്കു പോയിരുന്നു. കാറ്റടിയേല്‍ക്കാതിരിക്കാനുള്ള മറയൊക്കെ ഉണ്ടായിരുന്നതിനാല്‍ ഇരിക്കാന്‍ സൗകര്യമായി. വൈകുന്നേരമായതോടെ ഭൂമിയില്‍നിന്നുതന്നെ വേര്‍പ്പെട്ടപോലെയാണ് തോന്നിയത്. ആകാശത്തിലെവിടെയോ ഇരിക്കുന്നപോലെ. പാറയിലൂടെ ഊര്‍ന്നു വരുന്ന ജലധാരയുടെ നേര്‍ത്ത ശബ്ദമൊഴിച്ചാല്‍  എങ്ങും മഹാമൗനം. വെണ്‍മേഘങ്ങള്‍ മയങ്ങുന്ന മലനിരകള്‍ അനന്തതയോളം പരന്നു കിടക്കുന്നു. ശാന്തി അതിന്റെ എല്ലാ ആഴത്തോടുംകൂടി ഞങ്ങളെ പൊതിഞ്ഞു. ആകാശത്തു നക്ഷത്രങ്ങള്‍ വിരിഞ്ഞത് പൊടുന്നനെയാണ്. നക്ഷത്രങ്ങള്‍ക്കിടയില്‍ മറ്റു രണ്ടു നക്ഷത്രങ്ങളെപ്പോലെ ഞങ്ങളും ആകാശവാസികളായി. ഒന്നുമുരിയാടാതെ ഞങ്ങളിരുന്നു. പാതിരവരെ ആ മൗനാനുഭൂതി നുകര്‍ന്ന് ഞങ്ങളിരുന്നു കാണും. കാറ്റിന്റെ ഹൂങ്കാരമെല്ലാം പിന്നീടെപ്പോഴോ ആണ് ചെവിയില്‍ വന്നു വീണത്‌ . ഉറങ്ങിപ്പോയതറിഞ്ഞതേയില്ല.

ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞ ഏറ്റവും അനുഗൃഹീതമായ രാത്രികളിലൊന്നായിരുന്നു അത്. വര്‍ഷങ്ങള്‍ക്കുശേഷം ഞാനിതെഴുതുമ്പോഴും ഇന്നലെയെന്നപോലെ ആ രാത്രി എന്നെ വന്നു പുല്കുന്നുണ്ട്. പിന്നീടു് എത്രയോ പ്രാവശ്യം കുടജാദ്രി മലയിലും ചിത്രമൂലയിലും പോയി. പൗരാണികസ്പര്‍ശമുള്ള ഔന്നത്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനുള്ള വശ്യത ഈയിടത്തിനുണ്ടെന്നത് അവിടെ സന്ദര്‍ശിച്ചവരുടെയെല്ലാം അനുഭവമാണ്. ജീവിതത്തിന്റെ നിഗൂഢതകളിലേക്ക് നമ്മെ നയിച്ചുകൊണ്ടു പോകാനുള്ള കാടിന്റെ ശക്തി ഇവിടെയാണു് ആദ്യമനുഭവിച്ചത്.

കാടിനെക്കുറിച്ചു പറയുമ്പോള്‍ ആരണ്യകമാണ് ഓര്‍മ്മ വരുന്നത്. പിന്നീടെപ്പോഴോ ആണ് ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ എഴുതിയ ആരണ്യകം എന്ന ബംഗാളി നോവല്‍ വായിച്ചത്. കാടിന്റെ സൂക്ഷ്മസ്പന്ദനങ്ങളെ ഗ്രന്ഥകാരന്‍ വിവരിക്കുന്നത് ശ്വാസം വിടാതെയാണ് പലവുരു വായിച്ചത്. അതു വായിക്കുമ്പോഴെല്ലാം എന്നോ അനുഭവിച്ച കുടജാദ്രിയുടെ ഹൃദയസ്പന്ദനം അകതാരിലിരുന്ന് നാദമുതിര്‍ക്കും. ഗ്രന്ഥകാരനോട് എന്തെന്നില്ലാത്ത കൃതജ്ഞത തോന്നും. നമുക്കു പറയാനുള്ളത് വള്ളിപുള്ളി തെറ്റാതെ മറ്റൊരാള്‍ പറയുന്നതായേ അതു വായിക്കുമ്പോള്‍ തോന്നിയിട്ടുള്ളൂ. നമ്മുടെ ഉള്ളിലിരുന്നു വീര്‍പ്പുമുട്ടുന്ന വാക്കുകള്‍ നമുക്കായി ഗ്രന്ഥകാരന്‍ മൊഴിയുമ്പോള്‍ വല്ലാത്തൊരാശ്വാസം. ഉള്ളൊഴിഞ്ഞഒപോലെ. അതെഴുതിയത് നാം തന്നെയെന്നപോലൊരനുഭവം. ഒരുപക്ഷെ ആസ്വാദനം അതിന്റെ ആഴത്തില്‍ സംഭവിക്കുക ഇങ്ങനെയാകും. വായനക്കാരനും ഗ്രന്ഥകര്‍ത്താവും ഒരാളായി മാറുന്ന അപൂര്‍വ്വത ഒരനുഗ്രഹംതന്നെയാണ്.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. നാടും വീടും മറന്നു. ഞങ്ങള്‍ ശരിക്കും കാട്ടുവാസികളായി. അവിടെ വരുന്നവര്‍ക്ക് കുട്ടി സ്വാമികളായി. പത്തുദിവസം കടന്നുപോയത് നിമിഷങ്ങള്‍ പോലെയാണ്. അരിയും പയറും തീര്‍ന്നപ്പോഴാണ് മലയിറകൂന്നതിനെക്കുറിച്ച് ആലോചിച്ചത്. വീട്ടില്‍നിന്നും മൂന്നു ദിവസമെന്നു പറഞ്ഞിറങ്ങിയതാണ്. ഈയിടെയായി വീട്ടുകാര്‍ക്ക് വലിയ ആധിയൊന്നുമില്ല. ഇനി നേരായ വഴിയിലേക്ക് വരില്ലെന്ന് അവരുറപ്പിച്ച മട്ടാണ്. പോയാല്‍ പോയി, വന്നാല്‍ വന്നു എന്ന മട്ടിലാണ് പെരുമാറ്റം. എന്തു ചെയ്യാനാണ്. ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയി. അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒരു ജീവിതം അസാദ്ധ്യമാണ്. എന്നാല്‍പിന്നെ എങ്ങനെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നു ചോദിച്ചാല്‍ അന്നുമില്ല മറുപടി, ഇന്നുമില്ല.

കുടജാദ്രി മലയിലെ ദിവസങ്ങള്‍ ജീവിതത്തിനൊരു ലക്ഷ്യമുണ്ടാക്കിത്തന്നതുപോലെയാണ് തോന്നിയത്. സുനിശ്ചിതമായ തീരുമാനത്തോടെയാണ് മലയിറങ്ങിയത്. അതുവരെ കുഴഞ്ഞുമറിഞ്ഞു കിടന്നിരുന്ന ബോധത്തില്‍ എന്തോ ഒരുറപ്പ് സംഭവിച്ചതുപോലെ. ഭയക്കാനായി ഒന്നുമില്ല; ധൈര്യമായി മുമ്പോട്ടു നടന്നോളൂ എന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നതുപോലെ. അന്നു തുടങ്ങിയതാണ് യാത്ര. ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്നാണ് ഇപ്പോഴറിയുന്നത്. അതുതന്നെയാണ് അന്ന് കാട്ടിലിരുന്നറിഞ്ഞതും. നാം വിചാരിക്കുന്നതുപോലെ മാറ്റി മറിക്കാവുന്നതല്ല ജീവിതമെന്നും അതിന് അതിന്റേതായ വഴികളുണ്ടെന്നും അതോടൊപ്പം വിനീതരായി ഒഴുകുക മാത്രമെ നാം ചെയ്യേണ്ടതുള്ളുവെന്നും പലരില്‍നിന്നും അറിഞ്ഞു. അപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും; ഇതുതന്നെയല്ലേ അന്നു കുടജാദ്രി മലയിലിരുന്നു ഞങ്ങള്‍ പരസ്പരം പങ്കുവെച്ചതു്.

ജീവിതാനുഭവങ്ങളില്‍ നവീനത്വമനുഭവിക്കാനായാല്‍ ജീവിതത്തിന് രസമുണ്ടാകും. കാരുണ്യവും സ്നേഹവും നിറഞ്ഞ ഹൃദയവും സദാ ഉണര്‍ന്നിരിക്കുന്ന ജിജ്ഞാസുവായ ഒരുള്ളവും കാര്യങ്ങളെ നിസ്സാരമായെടുക്കാനുള്ള മനോഭാവവും അല്പം സരസതയും വലിയ നിലപാടുകളൊന്നുമില്ലാത്ത അയഞ്ഞൊരു ജീവിതദര്‍ശനവും കൈമുതലായുണ്ടെങ്കില്‍ കാട്ടുവാസംപോലെത്തന്നെ നാട്ടുവാസവും വലിയ ഹാനിയില്ലാതെ നയിച്ചുകൊണ്ടുപോകാവുന്നതാണെന്ന്‌ തോന്നുന്നു. ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കാടുവാസം ഏവര്‍ക്കും ഒരവസരമായേക്കും. കാടിന്റെ ഹൃദയസ്പന്ദനവുമായി പാരസ്പര്യപ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്ക് ആ അയവു നല്കുന്ന ഊഷ്മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല്‍ ആരുമല്ലെന്നറിയലാണെന്ന് അറിയാന്‍ കാടുപോലൊരു ഉപനിഷത്തില്ല. അതു വായിക്കാനായി ഒരിക്കലെങ്കിലും കാട്ടിലേക്കു പോകണം.. ഒരിക്കലെങ്കിലും….

(അവസാനിച്ചു)

കുടജാദ്രിയില്‍ നിന്നും മൊഴിയാഴത്തിലേയ്ക്ക്… (ഭാഗം 1)

കുടജാദ്രിയില്‍ നിന്നും മൊഴിയാഴത്തിലേയ്ക്ക്…(ഭാഗം 2)

 

Advertisement