Administrator
Administrator
ചാര്‍മിനാര്‍ പരിസരത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്നതിന് തെളിവ്‌
Administrator
Thursday 22nd November 2012 9:35am

ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ ചാര്‍മിനാറുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെ ചാര്‍മിനാറിനോട് ചേര്‍ന്ന് ആരാധനാലയം ഒന്നും ഉണ്ടായിരുന്നില്ലെന്നതിന് ചിത്രസഹിതമുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.  അമ്പലമുണ്ടായിരുന്നെന്ന് ഒരുവിഭാഗവും ഇല്ലെന്ന് മറുവിഭാഗവും വാദിക്കുമ്പോള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നത് ഇന്ത്യയുടെ പൈതൃകമായ ചാര്‍മിനാറാണ്‌.

420 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനടുത്ത് നടക്കുന്ന ഹിന്ദു ആരാധനാലയ നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുകയാണ്.  ചാര്‍മിനാറിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വൈഷ്ണവി ദേവിയുടെ പേരിലുള്ള ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ നിയമസാധുത എന്താണെന്ന് ചോദിച്ചാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

Ads By Google

1951 മുതല്‍ ഇസ്‌ലാം മതത്തിന്റെ പൈതൃകത്തിന്റെ ഭാഗമായ ചാര്‍മിനാറിന്റെ സംരക്ഷണ ഉത്തരവാദിത്തം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ്. എന്നാല്‍ ഹൈദരാബാദിന്റെ പൈതൃകത്തിന്റെ ഭാഗമായി കണ്ട് ചാര്‍മിനാറിനെ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്ന വാദം നിലനില്‍ക്കവെയാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍.

വാഹനങ്ങള്‍ കത്തിച്ചും കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഈ പ്രതിഷേധ സമരത്തിന്റെയെല്ലാം മുന്നണിയില്‍ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(MIM) എന്ന സംഘടനയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സംഘടന ചാര്‍മിനാറിനോട് ചേര്‍ന്ന് നടക്കുന്ന ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തും കേന്ദ്രത്തിലും നല്‍കിപ്പോന്ന പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്.

ചാര്‍മിനാറിന്റെ പാരമ്പര്യഘടനയെ തകര്‍ക്കും എന്ന് പറഞ്ഞുകൊണ്ട് മാത്രമല്ല സംഘര്‍ഷങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ ആളുകള്‍ക്കിടയിലെ വികാര ശൂന്യതയുടേയും പാരമ്പര്യത്തെ ദുരുപയോഗം ചെയ്യുന്നതിന്റെയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന്റെയും ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. രാഷ്ട്രീയ താത്പര്യത്തിനും വര്‍ഗീയ വത്ക്കരണത്തിനും വേണ്ടി ചരിത്രത്തിന്റെ ഭാഗമായ ചാര്‍മിനാറിനെ ദുരുപയോഗം ചെയ്യുകയാണ്.

ഹിന്ദു വിശ്വാസികള്‍ ഭാഗ്യലക്ഷ്മി ക്ഷേത്രമെന്ന് പറഞ്ഞ് കാണിക്കുന്ന ഫോട്ടോയ്ക്ക് ചാര്‍മിനാറിനോളം പഴക്കമില്ല. ഫോട്ടോഗ്രാഫിന്റെ മുകളില്‍ ഇത് പകര്‍ത്തിയ കാലമോ തിയതിയോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന കാറുകളുടെ ചിത്രത്തില്‍ നിന്നും ഏതാണ്ട് 60 വര്‍ഷത്തിന്റെ പഴക്കം മാത്രമേ ആ ചിത്രത്തിനുള്ളു എന്ന് മനസിലാകും. ആ ചിത്രത്തില്‍ ക്ഷേത്രത്തിന്റേതായ യാതൊരു രൂപവും കാണാന്‍ കഴിയുന്നുമില്ല.

അതില്‍ നിന്ന് തന്നെ ക്ഷേത്രനിര്‍മ്മാണം തുടങ്ങിയത് വളരെ അടുത്ത കാലത്താണ് എന്നത് വ്യക്തമാണ്. ഭാഗ്യലക്ഷ്മി ക്ഷേത്രത്തെ ചൊല്ലിയോ ചാര്‍മിനാറിനെ ചൊല്ലിയോ ഇതിന് മുന്‍പൊന്നും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ ഹിന്ദു ആരാധനാലയത്തിന്റെ വ്യാപ്തിയെ കുറിച്ച് പഠിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് തെറ്റുപറ്റിയെന്നുവേണം മനസിലാക്കാന്‍.

ഏതാണ്ട് ഇതേ ഒരു വിഷയം തന്നെയായിരുന്നു ഹൈദരാബാദിലെ അതിര്‍ത്തി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഗോല്‍ഖോണ്ട കോട്ടയുടേയും കാര്യത്തില്‍ സംഭവിച്ചതും. ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്മാരകങ്ങളാണ് ഗോല്‍ഖോണ്ടയും ചാര്‍മിനാറും. ചാര്‍മിനാറിനകത്ത് ഏതാണ്ട് 2000 ത്തോളം കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) ഇതിനെ പ്രതിരോധിക്കാന്‍ അന്നും തയ്യാറായിരുന്നില്ല.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിന് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു. അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തുന്നതിനെതിരെ നിയമപരമായി നോട്ടീസ് നല്‍കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അവരെ അവിടെനിന്ന് ഒഴിപ്പിക്കാനും കെട്ടിടനിര്‍മാണം നിര്‍ത്തിവെപ്പിക്കാനും നീക്കം ചെയ്യാനും സംസ്ഥാനസര്‍ക്കാരിന്റെ സഹായമില്ലാതെ സാധ്യമല്ല. ഞങ്ങള്‍ക്ക് വേണ്ടത്ര മാനവവിഭവശേഷിയോ ഫോഴ്‌സോ ഇല്ലെന്നാണ് എ.എസ്.ഐയുടെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.

42 സംരക്ഷിത സ്മാരകങ്ങളാണ് എ.എസ്.ഐയുടെ ലിസ്റ്റില്‍ ഉള്ളത്. അതില്‍ അഞ്ച് എണ്ണം ഇപ്പോള്‍ കാണാനില്ല. അനുരാധ റെഡ്ഡി കണ്‍വീനറായ INTACH കേന്ദ്രകമ്മിറ്റിയുടെ പ്രതിനിധിയായി ഈ 42 സ്മാരകങ്ങളിലും നടത്തിയ സര്‍വേയില്‍ നിന്നും മല്‍ക്കാഗിരി ഫോര്‍ട്ടും ചരിത്രപരമായ സ്മാരകമായി നിലനിര്‍ത്തേണ്ടതെന്ന് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇത് ഒരു കമ്പനി ലീസിന് എടുത്തിരിക്കുകയാണ്. അതിനുള്ളില്‍ ഇപ്പോള്‍ പുതിയ മന്ദിരങ്ങളൊക്കെ വന്നുകഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുജനത്തിന് ഇതിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.

ചാര്‍മിനാറിന് സമീപം ഏതാണ്ട് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചെന്ന് കരുതുന്ന ബാദ്ഷാഹി അനുര്‍ഖാന (ഇമാം ഹുസൈന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ചത്) ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊസൈക്ക് ടൈല്‍വര്‍ക്കില്‍ നിര്‍മിച്ച സ്മാരകമാണ്. ഇത് സംരക്ഷിച്ചുപോരുകയെന്നത് അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. എന്നാല്‍ ഇതിനടുത്തായി വ്യാപാരസ്ഥാപനങ്ങളും കടകളും വന്നു. അതിനാല്‍ തന്നെ ആളുകള്‍ കൂടുതലായി വന്നുപോകുന്ന സ്ഥലമായി ഇത് മാറുകയും അനുര്‍ഖാനയുടെ സംരക്ഷണത്തിന് ഇത് തടസമായി മാറുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ചരിത്ര സ്മാരകങ്ങളുടെ സമീപത്തായി കടകളും വാണിജ്യ സ്ഥാപനങ്ങളും നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. എന്നാല്‍ വ്യാപാരികളും എം.ഐ.എം പാര്‍ട്ടിയും ഇതിനെതിരെ രംഗത്തെത്തി. ഇന്ന് ഈ സ്മാരകം സംരക്ഷിച്ചുപോരുന്നത് പോലീസിന്റെ സഹായത്തോടെയാണ്. ഇവിടെ ഇത് സംരക്ഷിക്കപ്പെടേണ്ട സ്മാരകമന്ദിരമാണെന്ന തരത്തിലുള്ള ഒരു ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല.

ഇതുപോലെ തന്നെ സംരക്ഷിക്കേണ്ട ഗണത്തില്‍ പെട്ട പഴയ പള്ളികളും മറ്റും ആരും തിരിഞ്ഞുനോക്കാതെ കിടക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ചരിത്രത്തിന്റെ ഭാഗമായതും തലമുറകളിലൂടെ കൈമാറ്റം ചെയ്ത് പോകണ്ടതുമായ ഇത്തരം അനവധി ചരിത്ര സ്മാരകങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. മുഷീര്‍ബാദ് പള്ളിയും ഇതിലൊന്നാണ്.

ഇത്തരത്തിലുള്ള 150 ഓളം ചരിത്ര സ്മാരകളാണ് ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡവലപമെന്റ് അതോറിറ്റിയുടെ കൃത്യമായ ഇടപെടല്‍ ഇല്ലാത്തത് മൂലം അസ്ഥിര സ്ഥിതിയില്‍ നില്‍ക്കുന്നത്. സ്‌പെഷ്യല്‍ ബില്‍ഡിങ് നിയമപ്രകാരം ഈ സ്മാരകങ്ങളെല്ലാം യഥാക്രമം വ്യവസ്ഥപ്പെടുത്തുകയും ഹെറിറ്റേജ് കോണ്‍സര്‍വേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവയുടെയൊക്കെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുമാണ്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ലെന്നതാണ് വലിയ യാഥാര്‍ത്ഥ്യം.

ഹൈദരാബാദ് കോര്‍പ്പറേഷന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം ചാര്‍മിനാറിനടുത്ത് ഒരു സ്വാകാര്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരുന്നത് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ചാര്‍മിനാറിന്റെ നിരോധിത മേഖലയില്‍ ഒരു ഷോപ്പിങ് കോംപ്ലക്‌സോ മറ്റോ വരികയാണെങ്കില്‍ ഹെറിറ്റേജ് കോണ്‍സര്‍വേഷന്‍ കമ്മിറ്റിയോട് ചോദിക്കാതെ തന്നെ അവര്‍ അതിനെ ചോദ്യം ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യേണ്ടതാണ്. ചാര്‍മിനാറിനടുത്ത് കൂടി നടന്ന് പോകുന്ന കാല്‍നട യാത്രക്കാര്‍ക്ക് കൂടി 2000 വരെ വിലക്കുണ്ടായിരുന്നു.

മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(MIM) ആവശ്യപ്പെടുന്ന പ്രധാനകാര്യങ്ങളില്‍ ഒന്ന് ചാര്‍മിനാറിന്റെ സംരക്ഷണമാണ്. പാരമ്പര്യ സ്മാരകങ്ങളുടെ കൂട്ടത്തില്‍ ചാര്‍മിനാറിനെ സംരക്ഷിച്ച് പോരേണ്ടതിന്റെ ആവശ്യകത വലുതാണെന്ന് എം.ഐ.എം പ്രസിഡന്റും പാര്‍ലമെന്റ് മെമ്പറുമായ അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.  ഇസ്‌ലാമിന്റെ പാരമ്പര്യമൂലം കാത്തുപോരുന്ന നഗരത്തിലെ സ്മാരകങ്ങള്‍ സംരക്ഷിക്കണം. ഓരോ സ്മാരകങ്ങളും കാത്തുപോരേണ്ട ഉത്തരവാദിത്തമുണ്ട്. ഇത്തരത്തിലുള്ള പാരമ്പര്യമൂല്യങ്ങളെ ബാധിക്കാത്ത രീതിയിലുള്ള ഒരു വികസനത്തെയും എതിര്‍ക്കില്ല. ചരിത്രസ്മാരകങ്ങളുടെ സംരക്ഷണം മാത്രമാണ് ലക്ഷ്യമിടുന്നത്. – അദ്ദേഹം പറഞ്ഞു.

ഹെറിറ്റേജ് കോണ്‍സര്‍വേഷന്‍ കമ്മിറ്റിയിലെ അംഗമായ സജാദ് ഷാഹിദ് പറയുന്നത് ഇങ്ങനെയാണ്. രാജ്യത്തെ പാരമ്പര്യസ്മാരകങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ലോകത്തിലേക്കും വെച്ച് രണ്ടാം സ്ഥാനമാണ് ഹൈദരാബാദിനുള്ളത്. അതിനാല്‍ തന്നെ ഈ സമ്പന്നമായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കേണ്ട കടമയും നമുക്കുണ്ട്. എന്നാല്‍ ഇതൊക്കെ സംരക്ഷിച്ച് പോരാന്‍ ആദ്യ നാളുകളില്‍ കാണിക്കുന്ന ഉത്സാഹം പിന്നീട് അധികാരപ്പെട്ടവരില്‍ നിന്നും നഷ്ടമാകുന്നു. ആസൂത്രണത്തിലെ പിഴവാണ് ഇതിന് പ്രധാന കാരണം. ഇതിന് നിയമത്തെ ആശ്രയിക്കുന്ന രീതിയിലുളള ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നതിന്റെ സൂചനാപരമായ തെളിവാണ് ചാര്‍മിനാര്‍.

Advertisement