എഡിറ്റര്‍
എഡിറ്റര്‍
ശ്രീനാരായണ ഗുരു ദൈവമാണോയെന്നത് അക്കാദമിക് വിഷയം:സുപ്രീം കോടതി
എഡിറ്റര്‍
Friday 1st March 2013 12:50am

ന്യൂദല്‍ഹി: ശ്രീനാരായണ ഗുരു ദൈവമാണോയെന്ന കാര്യം അക്കാദമിക് വിഷയം മാത്രമാണെന്ന് സുപ്രിംകോടതി. ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉചിതമായ നിലപാടെടുക്കുമെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു.

Ads By Google

ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ നിയമസഭാംഗമായി സത്യപ്രതിഞ്ജ ചെയ്ത ജെ.എസ്.എസ് എം.എല്‍.എ ഉമേഷ് ചള്ളിയിലിന്റെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇങ്ങിനെ പറഞ്ഞത്.

ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച വാദവും പ്രതിവാദവും ഇപ്പോള്‍ പ്രസക്തമല്ലെന്നും, സത്യപ്രതിഞ്ജ മാറ്റി ചൊല്ലി ഉമേഷ് ചള്ളിയില്‍ ഭരണഘടനാ ചുമതലകള്‍ നിര്‍വഹിച്ച സാഹചര്യത്തില്‍ ഈ വിഷയത്തല്‍ ഇടപെടുന്നില്ല.

ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭരണഘടനാപരമായ കാര്യങ്ങള്‍ ഉചിതമായ കേസുകളില്‍ ആവശ്യമായ സമയത്ത് പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്‍, ഖലീഫുള്ള എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ്ബാബു, ഉമേഷ് ചള്ളിയിലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വര റാവു, അഡ്വ. റോയ് എബ്രഹാം, എസ്.എന്‍.ഡി.പി.ക്കുവേണ്ടി അഡ്വ. എ.എന്‍. രാജന്‍ബാബു, ജി. ഹരികുമാര്‍ എന്നിവരും ഹാജരായി.

കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും 2001ല്‍ ആണ് ജെഎസ്എഫിനെ പ്രതിനിധീകരിച്ച് ഉമേഷ് ചള്ളിയില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. അന്ന് ശ്രീനാരായണ ഗുരുവിന്റെ പേരിലായിരുന്നു അദ്ദേഹം സത്യപ്രതിഞ്ജ ചെയ്തത്.

എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജിയെ തുടര്‍ന്ന് ഈ വിഷയത്തില്‍ കോടതി ഇടപെടുകയായിരുന്നു. എന്നാല്‍ ഭരണഘടനാപരമായി ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചൊല്ലാനാകില്ലെന്നും എം.എല്‍.എയുടെ സത്യപ്രതിജ്ഞ റദ്ദാക്കുന്നതായും കോടതി അറിയിച്ചു.

ഇതേ തുടര്‍ന്ന് അദ്ദേഹം സത്യപ്രതിജ്ഞ മാറ്റി ചൊല്ലിയിരുന്നു. ഈ വിഷയം വിവാദമായ സാഹചര്യത്തില്‍  ഹൈക്കോടതി വിധി ശരിവെക്കുന്ന തരത്തില്‍ സുപ്രിംകോടതി ഇടപെട്ടിരുന്നു.

ശ്രീ നാരായണ ഗുരു ദൈവമാണോ എന്നും, ഗുരു എങ്ങനെയാണ് ദൈവം ആകുന്നത് എന്നും സുപ്രീം കോടതി ചോദിച്ചിരുന്നു, വിശ്വാസികളുടെ താല്‍പര്യങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഭരണഘടനാപരമായ പ്രശ്‌നമായതിനാല്‍ പ്രതികരിക്കേണ്ടി വന്നതാണെന്നും ,ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാനാണ് ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നതെന്നും കോടതി വിശദീകരിച്ചിരുന്നു.

പിന്നീട് ഹൈക്കോടതി വിധിക്കെതിരെ ഉമേഷ് ചള്ളിയില്‍ സുപ്രിംകോടതിയെ നിയമപരമായി തന്നെ സമീപിക്കുകയായിരുന്നു. ശ്രീനാരായണഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്നും, കാരണം ശ്രീനാരായണ ഗുരു ദൈവമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും, എസ്.എന്‍.ഡി.പി  യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു.

അജ്ഞത കൊണ്ടാണ് ഗുരു ദൈവമല്ലെന്ന് പറയുന്നതെന്നും ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ലെന്ന് പറയില്ലെന്നും വിശ്വാസത്തിനെതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Advertisement