എഡിറ്റര്‍
എഡിറ്റര്‍
ഒരു ചിരിമതി എല്ലാം മറക്കാന്‍
എഡിറ്റര്‍
Friday 3rd August 2012 2:18pm

ഒരു പുഞ്ചിരിയിലൂടെ എല്ലാവേദനയില്‍ നിന്നും മോചനം ലഭിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. പുഞ്ചിരിയുടെ വകഭേദങ്ങള്‍ പഠിച്ചെടുത്ത യു.എസ്സിലെ മനശാസ്ത്രജ്ഞരാണ് ഇങ്ങനെ പറയുന്നത്. മനസ്സ് എത്ര വിഷമിക്കുന്ന സമയമായാലും ഒന്നുപുഞ്ചിരിച്ചാല്‍ മതി നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തില്‍ താഴുമെന്നാണ് പറയുന്നത്.

പുഞ്ചിരിക്കുന്നതിലൂടെ ശരീരം ആയാസരഹിതമാകും. മനസ്സില്‍ സന്തോഷം നിറയും. ഇനി പുഞ്ചിരിക്കാന്‍ പോലും കഴിയാത്തത്ര വിഷമത്തിലാണ് നമ്മളെന്നു കരുതുക അങ്ങനെയെങ്കില്‍ പണിപ്പെട്ടെങ്കിലും ചിരിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Ads By Google

മനസ്സില്‍ സന്തോഷമില്ലെങ്കിലും മുഖത്തെ പുഞ്ചിരി ശരീരത്തെ ശാന്തമാക്കുമെന്നാണ് പറയുന്നത്. വാക്കുകള്‍ക്ക് അപ്പുറത്തായുള്ള സന്തോഷത്തെ സൂചിപ്പിക്കുന്ന പുഞ്ചിരി ശരീരത്തിന്റെ എല്ലാപ്രശ്‌നങ്ങളും ഇല്ലാതാക്കുന്ന ഒറ്റമൂലിയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പുഞ്ചിരി ശരീരത്തിന് സ്വാന്തനമാകുന്നതിന്റെ രഹസ്യം സംബന്ധിച്ച ആദ്യ ശാസ്ത്രീയപരീക്ഷണമാണ് ഇവര്‍ നടത്തിയത്.

അതിനായി മിഡ് വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് 169 പേരെ തിരഞ്ഞെടുത്തു. അതിന് ശേഷം അവര്‍ക്ക് പരിശീലനം നടത്തി. പിന്നെയായിരുന്നു പരീക്ഷണം. തിരഞ്ഞെടുത്തവരെ മൂന്ന് സംഘമാക്കി തിരിച്ച് ഓരോ സംഘത്തിനും വ്യത്യസ്തമുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ പഠിപ്പിച്ചു. തുടര്‍ന്ന് ശാസ്ത്രജ്ഞര്‍ ഇവരുടെ ഹൃദയമിടിപ്പും അവരുടെ മനക്ലേശത്തിന്റെ തോതും അളന്നു.

ഈ പരീക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ പുഞ്ചിരി നമ്മുടെ ശരീരസ്ഥിതിയെ സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. മുഖത്ത് പുഞ്ചിരി ഇല്ലാത്തവരുടെ ഹൃദയമിടിപ്പ് കൂടുകയും പുഞ്ചിരിക്കുന്നവരുടെ ഹൃദയമിടിപ്പ് കുറഞ്ഞ് മനസ്സിന്റെ ക്ലേശാവസ്ഥയില്‍ നിന്നും മുക്തിനേടിയതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Advertisement