വാഷിങ്ടണ്‍: രണ്ടു പതിറ്റാണ്ട് മുമ്പ് അന്തരീക്ഷ പഠനത്തിന് വിക്ഷേപിച്ച നാസയുടെ ഒരു കൃത്രിമോപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നു. അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്) ഉപഗ്രഹമാണ് ഭൂമിക്ക് ഭീഷണിയാവുന്നത്. ആറ് ടണ്‍ ഭാരവും ഏകദേശം ഒരു സ്‌ക്കൂള്‍ബസിന്റെ വലുപ്പവുമുണ്ട് ഈ ഉപഗ്രഹത്തിന്.

സെപ്റ്റംബര്‍ അവസാനത്തോടുകൂടി ഈ ഉപഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷത്തിലൂടെ ഭൂമിയിലെത്തുമ്പോള്‍ തന്നെ ഈ ഉപഗ്രഹം ഛിന്നഭിന്നമാകുമെങ്കിലും അതിന്റെ ചില ഭാഗങ്ങള്‍ കത്താതെ അവശേഷിക്കും.

ഈ ഉപഗ്രഹം ഇപ്പോള്‍ സ്ഥിതിചെയ്യുന്നത് ഭൂമദ്ധ്യരേഖയില്‍ നിന്നും 57 ഡിഗ്രി ചരിഞ്ഞിട്ടാണ്. അതുഗകൊണ്ടുതന്നെ 57 ഡിഗ്രി ഉത്തരഅക്ഷാംശത്തിനും 57 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിനും ഇടയില്‍ ഈ ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസയുടെ മുന്നറിയിപ്പ്. അതായത് അലാസ്‌കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇടയിലുള്ള പ്രദേശത്താണ് കൂടുതല്‍ സുരക്ഷാ ഭീഷണിയുളളത്. എന്നാല്‍ കൃത്യമായി ഏത് പ്രദേശത്ത് പതിക്കുമെന്ന് പറയാന്‍ സാധ്യമല്ല.

എന്നാല്‍, ഉപഗ്രഹം ഭൂമിയില്‍ പതിക്കുന്നതുവഴി മനുഷ്യജീവന് അപകടം സംഭവിക്കാനുളള സാധ്യത കുറവാണെന്നാണ് നാസയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്. 1950ല്‍ ബഹിരാകാശയുഗം ആരംഭിച്ചതിനുശേഷം എതെങ്കിലും ഉപഗ്രഹത്തിന്റെ ഭാഗം ഭൂമിയിലെത്തിയതുവഴി മനുഷ്യജീവനും സ്വത്തിനും നാശം സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.

750 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 3375 കോടി രൂപ) ചിലവിട്ട് നിര്‍മ്മിച്ച ഉപഗ്രഹമാണ് തകര്‍ന്ന് വീഴാന്‍ പോകുന്നത്. 1991 ലാണ് ഉപഗ്രഹം നാസ വിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ പല രാസഘടകങ്ങളെയും മനസിലാക്കാന്‍ ഈ ഉപഗ്രഹം സഹായിച്ചിട്ടുണ്ട്. ഓസോണിനെക്കുറിച്ചുള്ള ആദ്യവിവരങ്ങളുടെ അടിസ്ഥാനം ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള പഠനങ്ങളായിരുന്നു.

സംശയകരമായി എന്തെങ്കിലും വസ്തുക്കള്‍ വീണുകിടക്കുന്നത് കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുതെന്ന് നാസ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.