Administrator
Administrator
ബോട്ട് ഇടിച്ചു തകര്‍ത്തത് പ്രഭുദയ ചരക്കുകപ്പലെന്ന് സംശയം
Administrator
Saturday 3rd March 2012 12:53am

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കാണാതായ കപ്പല്‍ കണ്ടെത്തിയതായി സൂചന. മുംബൈ അന്ധേരിയിലെ തൊലാനി ഷിപ്പിങ് കമ്പനിയുടെ എംവി പ്രഭുദയ എന്ന ചരക്കുകപ്പലാണിതെന്നു കരുതുന്നു. ഗോവയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോയ ഇന്ത്യന്‍ കമ്പനിയായ സോമാനിയ ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്.

രാജസ്ഥാന്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തൊലാനി ഷിപ്പിങ് കമ്പനി. രോഹിത് തൊലാനിയാണ് കമ്പനി ഉടമ. പത്തുവര്‍ഷമായി സിംഗപ്പൂരിലാണു തൊലാനി. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത അഞ്ചു കപ്പലുകള്‍ ഇവര്‍ക്കുണ്ട്. ഇന്ത്യയിലെ കപ്പല്‍ വ്യവസായ രംഗത്തു വലുപ്പത്തില്‍ ആറാം സ്ഥാനമാണ് ഈ ഷിപ്പിങ് കമ്പനിക്കുള്ളത്. ജലാധി ഓവര്‍സീസ് എന്ന കമ്പനി വാടകയ്‌ക്കെടുത്ത കപ്പലില്‍ ബാഗ്ലൂര്‍ എം.ജി മൈന്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ 50,668 ടണ്‍ ഇരുമ്പയിരാണുണ്ടായിരുന്നത്.

വിശദ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനുമായി  കൊച്ചി തീരത്തടുപ്പിക്കാന്‍ കപ്പലുടമക്ക് മുംബൈയിലെ ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി.  തമിഴ്‌നാട് തീരത്ത് തടഞ്ഞിട്ട കപ്പല്‍ ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം. കൊച്ചി തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതി അന്വേഷണ സംഘം തേടിയിട്ടുണ്ട്. കപ്പല്‍ കണ്ടെത്തിയതായി ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഐ.ജി അറിയിച്ചു.

അതേസമയം, കപ്പലിടിച്ച് ബോട്ട് തകര്‍ന്ന സംഭവത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മത്സ്യത്തൊഴിലാളികളെയും ബോട്ടും കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ പിടികൂടി വിശദമായ അന്വേഷണ നടപടികളിലേക്കു കടക്കുന്നതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.സംഭവത്തെപ്പറ്റി ആലപ്പുഴ ഡി.വൈ.എസ്.പി കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. തീരസേന, നാവികസേന, പോര്‍ട്ട് അധികൃതരുമായി പൊലീസ് സംഘം ചര്‍ച്ച നടത്തി. ബോട്ട് കണ്ടെത്തുന്നതിനു ശ്രമം തുടരുന്നതായി നാവികസേന അറിയിച്ചു.

പ്രഭുദയതന്നെയാണ് അപകടമുണ്ടാക്കിയതെന്നു തീര്‍ത്തു പറയാനാവില്ലെന്നും കപ്പല്‍ പരിശോധിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ക്യാപ്റ്റനുമായി ബന്ധപ്പെട്ടു കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ക്കു ശ്രമിക്കുകയാണ് ഇന്ത്യന്‍ അധികൃതര്‍. അപകടമുണ്ടാക്കിയ അജ്ഞാത കപ്പലിന്റെ ക്യാപ്ടനെ ഒന്നാംപ്രതിയാക്കി 304(എ) വകുപ്പ് പ്രകാരമാണ് അമ്പലപ്പുഴ പോലീസിന്റെ കേസ്. സംഭവം കടലിലുണ്ടായ അപകടമാണെന്നതിനാലാണ് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്.

അപകടസമയത്ത് ഇതുവഴി കടന്നുപോയ ഒമ്പത് കപ്പലുകളെ ചുറ്റിപ്പറ്റിയായിരുന്നു,  ഇടിച്ച കപ്പലിനായി നേവിയും കോസ്റ്റ് ഗാര്‍ഡും ഷിപ്പിങ് ഡയറക്ടര്‍ ജനറലും  അന്വേഷണം നടത്തിയത്.  അന്വേഷണം മൂന്നെണ്ണത്തില്‍ കേന്ദ്രീകരിക്കുകയും ഒടുവില്‍ എം.വി. പ്രഭു ദയാലില്‍ എത്തുകയുമായിരുന്നെന്നാണ് വിവരം.

ആലപ്പുഴ അന്ധകാരനഴി മനക്കോടം ഭാഗത്ത് കടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ‘ഡോണ്‍ വണ്‍’ എന്ന ബോട്ടാണ് അജ്ഞാത കപ്പലിടിച്ച് തകര്‍ന്നത്. നീണ്ടകര ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലുണ്ടായിരുന്ന ജെസ്റ്റിന്‍, സേവ്യര്‍ എന്നിവര്‍ മരിക്കുകയും ബര്‍ണാഡ്, ക്‌ളീറ്റസ്, സന്തോഷ് എന്നിവരെ കാണാതാവുകയും ചെയ്തിരുന്നു. പരിക്കേറ്റ ജോസഫും മൈക്കിളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  നേവിയുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നത്.

Malayalam news

Kerala news in English

Advertisement