എഡിറ്റര്‍
എഡിറ്റര്‍
ടി.പിയെ വധിക്കാന്‍ കാരണം പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എഡിറ്റര്‍
Tuesday 26th June 2012 12:26pm

കൊച്ചി: പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2009 മുതല്‍ ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. അഡ്വക്കറ്റ് ജനറലാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്.

സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. വടകര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അത് മറച്ചുവെച്ചു, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. 2009ല്‍ ഗൂഢാലോചന നടന്നുവെന്നാണ് പറയുന്നത്. എന്നാല്‍ എപ്പോള്‍ എവിടെവെച്ച് ഗൂഢാലോചന നടന്നുവെന്ന കാര്യം റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. കോടതിയിലും ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അഡ്വ. എം.കെ ദാമോദരനാണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ ഹാജരായത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജോഷി ചെറിയാനെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജോഷി ചെറിയാനെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും അന്വേഷണ സംഘത്തിലുണ്ടെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

റിമാന്റ് റിപ്പോര്‍ട്ടില്‍ എല്ലാകാര്യവും പരാമര്‍ശിക്കേണ്ട ആവശ്യമില്ല. കേസ് ഡയറിയില്‍ വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് ഡയറി കോടതിയില്‍ ഹാജരാക്കാമെന്നും അഡ്വ.ജനറല്‍ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പിന്തുടര്‍ന്ന് അന്വേഷണം നടക്കുന്നില്ലെന്നും എ. ജി വ്യക്തമാക്കി.

Advertisement