ganja-shirt

 

കഞ്ചാവു ചെടിയുടെ ചിത്രമുള്ള ടീഷര്‍ട്ട് കടയില്‍ വില്‍പനയ്ക്ക് വച്ചതിന് തിരുവനന്തപുരത്ത് കടയുടമയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ.

പാളയത്താണ് സംഭവം നടന്നത്. കന്റോണ്‍മെന്റ് പോലീസ് റെയ്ഡിനു ശേഷമാണ് കടയുടമകളായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലോ വെയ്‌സ്റ്റ് പാന്റ്‌സ് ധരിച്ച് നടന്നിരുന്ന യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടിച്ചിരുന്നതും ഓര്‍ക്കുന്നുണ്ടല്ലോ.

എന്ത് വസ്ത്രം ധരിയ്ക്കണമെന്ന് ഇനി ഭരണകൂടം തീരുമാനിച്ചു കൊള്ളും. നമ്മള്‍ ആ യൂണിഫോം വാങ്ങി അണിഞ്ഞാല്‍ മാത്രം മതിയാവും.

കഞ്ചാവിന്റെ ചിത്രമുള്ള വസ്ത്രങ്ങള്‍ പ്രചാരത്തിലാവുന്നതോടെ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുമെന്നാണ് നാര്‍ക്കോട്ടിക് സെല്ലിന്റെ കണ്ടെത്തല്‍. ഈ നിഗമനത്തില്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കഞ്ചാവു മണത്ത് പോലീസുകാര്‍ ടെക്‌സ്‌റ്റെയ്ല്‍ ഷോപ്പുകള്‍ റെയ്ഡ് ചെയ്ത് നടക്കുന്നത്.

നേരത്തേ ജമൈക്കന്‍ സംഗീതകാരന്‍ ബോബ് മാര്‍ലിയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ പുതുതലമുറയെ നശിപ്പിയ്ക്കുമെന്ന് ചില മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെയുള്ള സന്മാര്‍ഗികള്‍ അവകാശപ്പെട്ടിരുന്നു. അതിനെതിരെ സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ മോശമല്ലാത്ത രീതിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ബോബ് മാര്‍ലിയുടെ ചരിത്രവും രാഷ്ട്രീയവും അറിയാത്തതിനാലാണ് ഇത്തരത്തില്‍ പ്രതികരിയ്ക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ഉച്ചത്തില്‍ സോഷ്യല്‍മീഡിയ വഴി ചോദിച്ചു.

ഇതേ അവസ്ഥയായിരുന്നു ലോ വെയ്‌സ്റ്റ് പാന്റ്‌സിന്റെ കാര്യത്തിലും സംഭവിച്ചിരുന്നത്. അടിവസ്ത്രം വെളിയില്‍ കാണുന്നുവെന്നും അത് നിര്‍മ്മലമായ സദാചാരാന്തരീക്ഷത്തെ കൊഞ്ഞനം കുത്തുന്നുവെന്നൊക്കെയാണ് അന്ന് മാന്യരായ ഒരു പക്ഷം അഭിപ്രായപ്പെട്ടിരുന്നത്.

ഇക്കാരണം പറഞ്ഞ് എത്ര ചെറുപ്പക്കാരെയാണ് പോലീസുകാര്‍ പൊതുജനമദ്ധ്യത്തില്‍ തൊലിയുരിച്ചു കളഞ്ഞത്. അവര്‍ കണ്ണടിപ്പിയ്ക്കുന്ന തെറി പരസ്യമായി വിളിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമായാണ് ഇപ്പറഞ്ഞ മാന്യപക്ഷം കണക്കാക്കി പോരുന്നത്.

ബോബ് മാര്‍ലിയ്‌ക്കെതിരെയുള്ളത് ആരോപണങ്ങളാണ്. ഈ ആരോപണങ്ങള്‍ വച്ചാണ് അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ക്ക് വിലക്ക് കല്‍പിയ്ക്കുന്നത്.

അങ്ങനെയാണെങ്കില്‍ മാതാ അമൃതാനന്ദമയിയ്‌ക്കെതിരെയുള്ള ‘ആരോപണങ്ങളില്‍’ വെറിപൂണ്ട് അവരുടെ ഫോട്ടോ പതിച്ച മോതിരം വില്‍പന നടത്തുന്നവരെ സര്‍ക്കാര്‍ കണ്ടുകെട്ടുമോ ആവോ.

ഇനിയിപ്പോള്‍ പ്രതിഷേധത്തിന്റെ കെട്ടു പൊട്ടി സോഷ്യല്‍ മീഡിയ വളപ്പില്‍ നിന്നും പുറത്ത് വന്ന് കഞ്ചാവിന്റെ ചിത്രമുള്ള ടീഷര്‍ട്ടും ലോവെയ്‌സ്റ്റ് പാന്റ്‌സുമണിഞ്ഞ് ചെറുപ്പക്കാര്‍ ഒരു സമരം നടത്തുന്നതിന്റെ സാധ്യത കൂടി വിലയിരുത്താം.

അങ്ങിനെയൊരു സമരം വന്നാല്‍ വിജയത്തിനും പരാജയത്തിനുമപ്പുറം അത് അവകാശലംഘനങ്ങള്‍ക്കെതിരെയുള്ള ഒരു ചോദ്യമാവും ഉയര്‍ത്തുക.