എഡിറ്റര്‍
എഡിറ്റര്‍
കസ്റ്റഡിയിലുള്ളവര്‍ക്കും മത്സരിക്കാം: സുപ്രീം കോടതി
എഡിറ്റര്‍
Tuesday 19th November 2013 3:10pm

supreme-court-new-2

ന്യൂദല്‍ഹി: ഇനി മുതല്‍ കസ്റ്റഡിയിലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി. മുന്‍ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു.

കസ്റ്റഡിയിലുള്ളവര്‍ക്ക് മത്സരവിലക്ക് ഏര്‍പ്പെടുത്തിയ വിധി മറികടക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ 62ാം വകുപ്പിലെ അഞ്ചാം ഉപവകുപ്പ് ഭേദഗതി ചെയ്യുന്ന ബില്‍ രാജ്യസഭയും ലോക്‌സഭയും പാസ്സാക്കിയിരുന്നു.

ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ വിധി സ്‌റ്റേ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുകയും ചെയ്താല്‍ അംഗത്വം നഷ്ടമാകില്ലെന്ന ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഭേദഗതി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂലൈ 10 നായിരുന്നു ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെടുന്ന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിക്കുന്നത്.

എന്നാല്‍ കരുതല്‍ തടങ്കലില്‍ ഉള്ളവര്‍ക്ക് മത്സരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ നേതാക്കളെ അയോഗ്യരാക്കാന്‍ പാടുള്ളൂ എന്ന് അന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.

ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ നിയമനിര്‍മാണസഭകളിലെ അംഗത്വം ഉടന്‍ നഷ്ടമാകുമെന്ന് സുപ്രീം കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

എന്നാല്‍, ജുഡീഷ്യല്‍പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുമെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisement