എഡിറ്റര്‍
എഡിറ്റര്‍
പുതിയ നിയമത്തിന് ദല്‍ഹി പെണ്‍കുട്ടിയുടെ പേരിടാന്‍ കഴിയില്ലെന്ന് കേന്ദ്രം
എഡിറ്റര്‍
Thursday 3rd January 2013 10:30am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ പേര് ബലാത്സംഗത്തിന് കര്‍ക്കശശിക്ഷ ഉറപ്പാക്കുന്ന നിര്‍ദിഷ്ടനിയമത്തിന് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Ads By Google

മാനഭംഗത്തിനുള്ള ശിക്ഷ കര്‍ക്കശമാക്കുന്നത് ജസ്റ്റീസ് ജെ. എസ്. വര്‍മയുടെ പേരിലുള്ള മൂന്നംഗ സമിതി പരിശോധിച്ചുവരികയാണ്. പുതിയ നിയമം വേണോ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വേണോയെന്നത് സമിതി പരിശോധിച്ച് ഈ മാസം റിപ്പോര്‍ട്ട് നല്‍കും.

അതുമാത്രമല്ല ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും നിയമത്തിന് വ്യക്തികളുടെ പേരിടാന്‍ വ്യവസ്ഥയില്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഒരു നിയമത്തിനും വ്യക്തികളുടെ പേരിട്ടിട്ടില്ല. മാനഭംഗത്തിനെതിരെയുള്ള നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഈ പെണ്‍കുട്ടി ഒരു കാരണമായതാണ്. പക്ഷെ, പേരിടാനുള്ള സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ബലാത്സംഗ ഭേദഗതിനിയമത്തിന് പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി അവരുടെ പേരിടണമെന്ന് മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

തരൂരിന്റെ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നെന്നും പെണ്‍കുട്ടിയുടെ ഓര്‍മ നിലനിര്‍ത്തുക എന് ലക്ഷ്യത്തിനായി കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്നും രക്ഷിതാക്കള്‍ ഇന്നലെ ഉത്തര്‍പ്രദേശിലെ ബലിയയില്‍ വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ പേര് പുതിയ നിയമത്തിന് നല്‍കുന്നതില്‍ മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിയും യോജിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ പേര് ഇടാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാടാണ് ഇപ്പോള്‍ പുറത്ത് വന്നത്.

Advertisement