എന്തൊക്കെയാണ് നമ്മുടെ വനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വര്‍ത്തമാനം അന്വേഷിക്കും മുന്‍പ് എന്തൊക്കെയായിരുന്നു കേരളത്തിലെ വനങ്ങള്‍ നേരിട്ട വെല്ലുവിളികള്‍, ആരായിരുന്നു വനങ്ങളുടെ ഉടമസ്ഥര്‍, അവരെങ്ങനെയാണ് വനങ്ങളെ കണ്ടത്, അതില്‍ എത്രത്തോളം നാശമുണ്ടായി, എന്നൊക്കെ അന്വേഷിക്കണം. ചരിത്രത്തില്‍ നിന്നും പാഠം പഠിച്ചാലെ നാം ശരിയായ കാഴ്ചപ്പാടില്‍ എത്തൂ. എന്നിട്ടതിപ്പോഴും തുടരുന്നുണ്ടോ എന്നറിയണം. ഇല്ലെങ്കില്‍ പുതിയ വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്നന്വേഷിക്കണം. അപ്പോഴേ സമഗ്രമായൊരു ചിത്രം കിട്ടൂ.എസ്സേയ്‌സ്/ഹരീഷ് വാസുദേവന്‍


പടിഞ്ഞാറ് നിന്ന് കിഴക്കോട്ടെയ്ക്ക് തിരിയുന്ന ഭൂമിയും വായു മണ്ഡലവും, അതിന്റെ ഏറ്റവും വേഗത്തില്‍ കറങ്ങുന്ന ഭൂമധ്യരേഖാ പ്രദേശത്ത് തെക്കുവടക്കായി ഒരു പര്‍വതനിര ഉണ്ടായാല്‍ ആ നിരയുടെ പടിഞ്ഞാറന്‍ ചെരുവില്‍ മഴ പെയ്യാനുള്ള സാധ്യത എത്രയോ കൂടുതലാണ്. അത്തരമൊരു പര്‍വതനിരയാണ് പശ്ചിമഘട്ടം. സ്വാഭാവിക വനങ്ങള്‍ ഇടതൂര്‍ന്നു വളരാനും വൈവിധ്യങ്ങള്‍ ഉടലെടുക്കാനും ഇതിലേറെ സാധ്യതയുള്ള ഒരു ഭൂപ്രദേശം ഭൂമിയില്‍ തന്നെ വിരളമാണെന്നു കാണാം.

Ads By Google

അങ്ങനെയുള്ള പശ്ചിമഘട്ടത്തിന്റെ തെക്കന്‍ അതിരില്‍ പടിഞ്ഞാറന്‍ ചെരുവിലെ ഒരു ഭൂപ്രദേശമാണ് ഇപ്പോള്‍ കേരളം എന്നറിയപ്പെടുന്നത്. വനങ്ങള്‍ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു സ്വാഭാവിക പ്രകൃതിയാണ് എന്നതാണീ പ്രദേശത്തിന്റെ അനുഗ്രഹം. പത്തിരുപതു വര്‍ഷം മനുഷ്യര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ ഏതു പ്രദേശവും വനമായി മാറാന്‍ സാധ്യതയുള്ള തരം പരിസ്ഥിതി അനുകൂല കാലാവസ്ഥയാണ് ഇവിടെയുള്ളത്. അവിടെ സംരക്ഷിത വനങ്ങള്‍ പോലും നശിക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യരുടെ നിരന്തരമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാവും. ആഗോളതാപനം പോലെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ വനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാന്‍ ‘കേരളത്തിലെ വനങ്ങളുടെ വനേതര ഉപയോഗം’ എന്ന വിഷയം എന്തുകൊണ്ടും പ്രസക്തമാണ്. അത് ഓരോന്നോരോന്നായി നമുക്ക് പരിശോധിക്കാം.

പത്തിരുപതു വര്‍ഷം മനുഷ്യര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ ഏതു പ്രദേശവും വനമായി മാറാന്‍ സാധ്യതയുള്ള തരം പരിസ്ഥിതി അനുകൂല കാലാവസ്ഥയാണ് ഇവിടെയുള്ളത്.

ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ ഇരുപതു ശതമാനമാണ് വനങ്ങള്‍. 33% എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യം ഇപ്പോഴും അകലെയാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29% വനങ്ങളാണ്. ആകെ 11309 ചതുരശ്ര കിലോമീറ്റര്‍ ആണ് വനമേഖല. അതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും 364 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ്വായി മാറ്റാനുള്ള വനവും 1837 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്ത വനവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശവും ആണ്. ചില പ്രത്യേക ജീവികളുടെയോ സസ്യങ്ങളുടെയോ വംശസംരക്ഷണം ലക്ഷ്യമിട്ട് പ്രത്യേകം സംരക്ഷിക്കേണ്ട അമൂല്യവുമായ വനപ്രദേശങ്ങളെ ദേശീയ പാര്‍ക്കുകളായി പ്രഖ്യാപിച്ചു സംരക്ഷിക്കുന്നു.

രാജ്യത്തുള്ള ആകെ 98 ദേശീയ പാര്‍ക്കുകളില്‍ 6 എണ്ണം കേരളത്തിലാണ്.  ഇത് കൂടാതെ 16 വന്യജീവി സങ്കേതങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ പറമ്പിക്കുളം, പെരിയാര്‍ എന്നീ വന്യജീവി സങ്കേതങ്ങള്‍ കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ ആണ്. സാങ്കേതികാര്‍ഥത്തില്‍ വലിയ നേട്ടം അവകാശപ്പെടാന്‍ ഇല്ലെങ്കിലും പാരിസ്ഥിതികമായ പ്രത്യേകത കൊണ്ടും അപൂര്‍വ്വത കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാണ് കേരളത്തിലെ വനങ്ങള്‍.

എന്തൊക്കെയാണ് നമ്മുടെ വനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വര്‍ത്തമാനം അന്വേഷിക്കും മുന്‍പ് എന്തൊക്കെയായിരുന്നു കേരളത്തിലെ വനങ്ങള്‍ നേരിട്ട വെല്ലുവിളികള്‍, ആരായിരുന്നു വനങ്ങളുടെ ഉടമസ്ഥര്‍, അവരെങ്ങനെയാണ് വനങ്ങളെ കണ്ടത്, അതില്‍ എത്രത്തോളം നാശമുണ്ടായി, എന്നൊക്കെ അന്വേഷിക്കണം. ചരിത്രത്തില്‍ നിന്നും പാഠം പഠിച്ചാലെ നാം ശരിയായ കാഴ്ചപ്പാടില്‍ എത്തൂ. എന്നിട്ടതിപ്പോഴും തുടരുന്നുണ്ടോ എന്നറിയണം. ഇല്ലെങ്കില്‍ പുതിയ വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്നന്വേഷിക്കണം. അപ്പോഴേ സമഗ്രമായൊരു ചിത്രം കിട്ടൂ.

ഒരല്‍പം വന ചരിത്രം

ഇപ്പോള്‍ വനങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിന് ആണ്. കേരളം രൂപീകരിക്കുന്നതിനു മുന്‍പ് വനങ്ങള്‍ അന്നത്തെ ബ്രിട്ടീഷ് അധീനതയിലോ രാജാക്കന്മാരുടെയും നാട്ടുപ്രമാണിമാരുടെയും നാട്ടുകാരുടെയും അധീനതയിലോ ആയിരുന്നു. വനത്തില്‍ ഇഷ്ടമുള്ളതെന്തും ചെയ്യാന്‍ അവര്‍ക്ക് അധികാരം ഉണ്ടായിരുന്നു. കൃഷിക്കായും വനവിഭവങ്ങള്‍ ശേഖരിക്കാനായും ആവശ്യമുള്ളയിനം തടി വെട്ടിയെടുക്കാനും വനങ്ങളെ ഉപയോഗിച്ചു.

ഇടുക്കി, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി തേയില തോട്ടങ്ങള്‍ക്കായി വിട്ടു നല്‍കി. നിലമ്പൂരും മറ്റും ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമുള്ള തേക്ക് തടികള്‍ വളര്‍ത്താന്‍ നൂറു കണക്കിന് ഏക്കര്‍ വനം വെട്ടിയിറക്കി തോട്ടങ്ങളാക്കി. 1907 ലാണ് കൂപ്പുലേല വ്യവസ്ഥ ആരംഭിക്കുന്നത്. കൂടുതല്‍ വനങ്ങളിലെയ്ക്ക് തേക്ക് തോട്ടം വ്യാപിപ്പിക്കപ്പെട്ടു. തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും തേക്ക് തോട്ടങ്ങള്‍ വര്‍ധിപ്പിച്ചത് വഴി മണ്ണൊലിപ്പും വനത്തിനു ഗുരുതരമായ രീതിയില്‍ ശോഷണവും സംഭവിച്ചിട്ടുണ്ട് എന്ന് വനഗവേഷണ കേന്ദ്രത്തിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു.

ബാക്കി ജില്ലകളില്‍ വനങ്ങള്‍ വെട്ടി മറ്റു സ്വകാര്യ തോട്ടങ്ങള്‍ക്കും അനുവാദം നല്‍കി. 1942ല്‍ 9600 ഹെക്ടര്‍ വനഭൂമി നെല്‍കൃഷിക്ക് പാട്ടത്തിനു നല്‍കിയത് വിചിത്രമായ മറ്റൊരു തീരുമാനം ആയിരുന്നു. അത് വനത്തിനു ഗുരുതരമായ ദോഷം ഉണ്ടാക്കിയെങ്കിലും പാട്ടത്തിനു നല്‍കുന്ന രീതി തുടര്‍ന്നു. പിന്നീട് ഈ ഭൂമി പതിച്ചു നല്‍കാന്‍ പാട്ടക്കാരില്‍ നിന്നും സമ്മര്‍ദം ഉണ്ടാകുകയും ചില ഭൂമിയൊക്കെ അപ്രകാരം നഷ്ടപ്പെടുകയും ചെയ്തു. 1940 നു ശേഷം വനവിഭവത്തെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ സര്‍ക്കാര്‍ തുടങ്ങുകയും അവയ്ക്ക് ചുളുവിലയ്ക്ക് വനവിഭവങ്ങള്‍ നല്‍കുകയും ചെയ്യാന്‍ തുടങ്ങി. അതിനായി കൂടുതല്‍ വനഭൂമി മുള കൃഷിക്കായി നശിപ്പിക്കപ്പെട്ടു.

മറ്റുഭൂമി എന്നതുപോലെ വനങ്ങളും മനുഷ്യ ഉപയോഗത്തിനുള്ള ഉത്പാദനോപാധി ആയാണ് മാറി മാറി വന്ന ഭരണകൂടം വനഭൂമിയെയും ഉപയോഗിച്ചത്. അതേ കാഴ്ചപ്പാട് തന്നെ ജനങ്ങള്‍ക്കും കിട്ടി.  നാട്ടുപ്രമാണിമാരുടെയും ബ്രിട്ടീഷുകാരുടെയും വക നായാട്ട് വനങ്ങളില്‍ പതിവായിരുന്നു. ചുരുക്കത്തില്‍ നായാട്ട്, മരംവെട്ട്, തോട്ടവല്‍ക്കരണം, ഇതായിരുന്നു മറ്റെല്ലാ വനങ്ങളും എന്ന പോലെ കേരളത്തിലെ വനങ്ങളും നേരിട്ട പ്രശ്‌നങ്ങള്‍. ഇതില്‍ മൂന്നിലും പൊതുജനങ്ങളേക്കാള്‍ പങ്കുവഹിച്ചത് വനങ്ങളുടെ ഉടമകള്‍ തന്നെ ആണെന്നുള്ള കാര്യം സ്മരണീയമാണ്. കയ്യേറ്റം മാത്രമാണ് അന്ന് ജനങ്ങള്‍ ചെയ്തു പോന്ന കുറ്റം.

കേരളം രൂപീകൃതമായ ശേഷം 1971ല്‍ സ്വകാര്യവന ദേശസാല്‍ക്കരണ പതിച്ചുനല്‍കല്‍ നിയമം കൊണ്ടുവരികയും മുഴുവന്‍ സ്വകാര്യവനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കുകയും ചെയ്തത് വനസംരക്ഷണത്തിലെ ഒരു സുപ്രധാന ഏടാണ്. എന്നാല്‍ അത് വനം സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ആയിരുന്നില്ല. ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുക എന്നതായിരുന്നു നിയമത്തിന്‍െ തന്നെ ഉദ്ദേശം. നൂറു കണക്കിന് ഏക്കര്‍ അങ്ങനെ പതിച്ചു നല്‍കിയെങ്കിലും ആയിരക്കണക്കിന് ഏക്കര്‍ ഇപ്പോഴും പതിച്ചു നല്‍കാതെ സംരക്ഷിച്ചു പോന്നത് വനത്തിനു ഗുണമായി മാറി എന്നത് ചരിത്രം.

മറ്റുഭൂമി എന്നതുപോലെ വനങ്ങളും മനുഷ്യ ഉപയോഗത്തിനുള്ള ഉത്പാദനോപാധി ആയാണ് മാറി മാറി വന്ന ഭരണകൂടം വനഭൂമിയെയും ഉപയോഗിച്ചത്. അതേ കാഴ്ചപ്പാട് തന്നെ ജനങ്ങള്‍ക്കും കിട്ടി.

1977-80 കാലഘട്ടത്തിലാണ് പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കശുമാവ് കൃഷിക്ക് പാട്ടത്തിനു നല്‍കുന്നത്. അതിന്റെ പേര് ‘പശ്ചിമഘട്ട വികസന പദ്ധതി’ എന്നായിരുന്നു. വികസനമെന്നാല്‍ വനം വെട്ടി മനുഷ്യന് ആവശ്യമുള്ളത് ചെയ്യുക എന്നതാണെന്ന തെറ്റായ ധാരണയായിരുന്നു സര്‍ക്കാരിനെക്കൊണ്ട് അന്നത് ചെയ്യിച്ചത്. എന്നാല്‍ 1980 വനസംരക്ഷണ നിയമം ഇന്ത്യയില്‍ നടപ്പായത്തോടെ വനഭൂമി സംരക്ഷിക്കെണ്ടതാണെന്നും ഏതെങ്കിലും വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും വന്നു. എന്നാല്‍ അതിനു ശേഷവും വനം വകുപ്പിന്റെ മൗനാനുവാദത്തോടെ പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്തു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കേന്ദ്രാനുമതി കൂടാതെ വനേതര പ്രവര്‍ത്തനം നടത്തരുതെന്ന നിയമം നിലനില്‍ക്കെ വനം കണ്‍സര്‍വെറ്റര്‍മാരും ഡി.എഫ്.ഓ മാരും സര്‍ക്കാര്‍ സെക്രട്ടറിമാരും വനേതര പ്രവര്‍ത്തികള്‍ സാധൂകരിച്ചു നല്‍കി.

ചരിത്രം കടന്നു വര്‍ത്തമാനത്തിലേക്ക്

ആരാണ് ഏറ്റവുമധികം വനം നശിപ്പിക്കുന്നത്? മൃഗങ്ങള്‍ ആവാന്‍ ഏതായാലും വഴിയില്ല. സാധാരണ ജനങ്ങളാണോ? വീരപ്പന്മാരെപ്പോലെ ചില കാട്ടുകള്ളന്മാര്‍ ആണോ? അതോ അതാതു സമയത്തെ സര്‍ക്കാരാണോ?

എന്റെ അഭിപ്രായത്തിലും അനുഭവത്തിലും ഏറ്റവുമധികം കാട് നശിപ്പിക്കപ്പെടുന്നത് അതതു കാലത്തെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ്. ഭൂമി ഉണ്ടായ കാലം മുതല്‍ പരിണാമത്തിനു വിധേയമായി ജീവന്റെ അനുസ്യൂതപ്രവാഹം ഉറപ്പുവരുത്തുന്ന ഗര്‍ഭപാത്രമാണ് വനങ്ങളെന്നും കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ട അവയോരോന്നും അമൂല്യമാണെന്നും ഒരിക്കല്‍ നശിച്ചാല്‍ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ഒന്നൊന്നിനോട് ബന്ധിച്ച് ജീവിക്കുന്ന നൂറു നൂറു ജീവിവര്‍ഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും അവയുടെ ജീവന്റെ നിലനില്‍പ്പാണ് മനുഷ്യ ജീവന്റെ അടിസ്ഥാനമെന്നും അതിനാല്‍ത്തന്നെ വനങ്ങള്‍ അപ്പടി സംരക്ഷിക്കേണ്ടതാണെന്നും പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും തിരിച്ചറിവുള്ള വര്‍ത്തമാന കാലത്തും ഒരു നൂറ്റാണ്ട് കാലം മുന്‍പത്തെ ഉപഭോഗയുക്തിയാണ് ഇപ്പോഴത്തെയും സര്‍ക്കാരിന്റെ വനം നയത്തില്‍ കാണുന്നത്.

മാറാത്ത ഈ വികലമായ കാഴ്ചപ്പാടാണ് വനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ ബഹിസ്പുരണങ്ങള്‍ ഓരോ വനമേഖലയിലും പട്ടയ മേളകളായും കയ്യേറ്റങ്ങള്‍ ആയും ഇക്കോ ടൂറിസമായും വന്‍കിട ജലസേചന പദ്ധതികള്‍ ആയും നാം കാണുന്നു എന്നേയുള്ളൂ. ഈ സംരക്ഷണ കാഴ്ചപ്പാട് ശീലിച്ചിട്ടില്ലാത്ത വ്യക്തികള്‍ നടത്തുന്ന ഒറ്റപ്പെട്ട വനനശീകരണവും ഇതെല്ലം അറിയാവുന്ന, വനങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള സര്‍ക്കാര്‍ നടത്തുന്ന വ്യാപകമായ വനനശീകരണവും ഒരിക്കലും ഒരേ തുലാസില്‍ തൂക്കാന്‍ ആവില്ല, നിഷ്പക്ഷനായ ഒരു അന്വേഷിക്ക്. തെറ്റായ വനം നയം എന്ന കേരളത്തിലെ വനങ്ങള്‍ നേരിടുന്ന ഈ വെല്ലുവിളി എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
അടുത്ത പേജില്‍ തുടരുന്നു