എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് മനോരമ കുടുംബം കയ്യേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
എഡിറ്റര്‍
Saturday 12th May 2012 11:37am

തിരുവന്തപുരം:  മലപ്പുറം ജില്ലയില്‍ മലയാള മനോരമ കുടുംബത്തിന്റെ തയ്യില്‍ ശാഖ കയ്യേറിയ പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പന്തല്ലൂര്‍ ക്ഷേത്രത്തിന് അവകാശപ്പെട്ട 400 ഏക്കര്‍ ഭൂമി കൈവശം വെച്ച മനോരമ കുടുംബത്തില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് ഉത്തരവ്. ഭൂമി തിരിച്ചുപിടിക്കുന്നതിന് മലപ്പുറം കലക്ടറെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തി.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും പന്തല്ലൂര്‍ ക്ഷേത്രഭൂമി മനോരമ കുടുംബം കൈവശം വെച്ചിരിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

മലപ്പുറം പന്തല്ലൂര്‍ ദേവീ ക്ഷേത്രത്തിന്റെ 700 ഏക്കറിലധികം ഭൂമി മലയാള മനോരമ ഉള്‍പ്പെട്ട കുടുംബത്തിലെ ഉന്നതര്‍ അനധികൃതമായി കൈവശം വെച്ചതിന്റെ രേഖകള്‍ നേരത്തെ വാര്‍ത്താചാനലായ ഇന്ത്യാവിഷനിലൂടെ പുറത്തുവന്നിരുന്നു.

മനോരമ കുടുംബത്തിലെ തയ്യില്‍ ശാഖയിലെ പ്രമുഖനായിരുന്ന ചെറിയാന് സാമൂതിരി രാജാവ് ഭൂമി പാട്ടത്തിനു നല്‍കുകയായിരുന്നു. 1943 സെപ്റ്റംബര്‍ നാലിന് ഒപ്പിട്ട കരാര്‍ പ്രകാരം 60 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കും പെരിന്തല്‍ മണ്ണക്കും ഇടയിലുള്ള ഭൂമിയുടെ പാട്ടക്കാലാവധി 2003ല്‍ അവസാനിച്ചിരുന്നു.

എന്നാല്‍, പാട്ടക്കാലാവധി കഴിഞ്ഞിട്ടും രേഖകളുടെ പിന്‍ബലമില്ലാതെ ഭൂമി അനധികൃതമായി കയ്യില്‍വെക്കുകയായിരുന്നു. ബാലന്നൂര്‍ പ്ലാന്റേഷന്‍ എന്ന പേരിലാണ് ഇപ്പോള്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്.

ഭൂമി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ കോടതിയെ സമീപിക്കുകയും നിരാഹാരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണ് മനോരമ കുടുംബം കൈവശം വെച്ചിരിക്കുന്നതെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

Advertisement