എഡിറ്റര്‍
എഡിറ്റര്‍
വേലുപ്പിള്ള പ്രഭാകരന്റെ മകനെ വധിച്ചത് ഏറ്റുമുട്ടലിലൂടെയല്ലെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 19th February 2013 2:34pm

കൊളംബോ: എല്‍.ടി.ടി.ഇ ക്കെതിരെ ശ്രീലങ്കന്‍  സേന നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തായി. സൈനിക നീക്കത്തിന്റെ ഭാഗമായി കുട്ടികളുള്‍പ്പെടെയുള്ളവരോട് നടത്തിയ ക്രൂരതയാണ് ചാനല്‍ 4 പുറത്തു വിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

Ads By Google

എല്‍.ടി.ടി.ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരനെ കൊന്നതിന് പിന്നാലെ പന്ത്രണ്ട് വയസുള്ള മകന്‍ ബാലചന്ദ്ര പ്രഭാകരനെയും ആക്രമണത്തിലൂടെ വധിച്ചതായാണ് സേന അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ കുട്ടിയെ തടവിലാക്കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് തെളിഞ്ഞത്.

എല്‍.ടി.ടി.ഇ ക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി ശ്രീലങ്കന്‍ സേന നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നൊന്നായി  വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ്  ചാനല്‍ ഫോര്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇതിലാണ് ബാലചന്ദ്രന്‍ പ്രഭാകരനെ തടവില്‍പാര്‍പ്പിച്ച ദൃശ്യങ്ങളുള്ളത്. ഈ ചെറിയ കുട്ടി സൈന്യത്തിന്റെ കസ്റ്റഡിയിലിരുന്നു പലഹാരം കഴിക്കുന്നതും മറ്റുമാണ് ഫോട്ടോയിലുള്ളത്.

ഇതേ സാഹചര്യത്തില്‍ നിന്നു തന്നെ ഏറ്റവും അടുത്തു നിന്നാണ് ഈ കുട്ടിയുടെ നെഞ്ചിന് നേരെ നിറയൊഴിച്ചതെന്നും ചാനല്‍ 4 അവകാശപ്പെടുന്നു.  ഈ കുട്ടിയുടെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വേലുപ്പിള്ള പ്രഭാകരനും മകനും കൊല്ലപ്പെട്ടതായാണ് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നത്.

എല്‍.ടി.ടി.ഇ ക്കെതിരായ അക്രമണങ്ങള്‍ക്കു ശേഷം ബാലചന്ദ്രന്‍ പ്രഭാകര്‍ നെഞ്ചില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ഇതേ ക്യാമറയില്‍ നിന്നും തന്നെയാണ് കുട്ടിയെ തടവില്‍ പാര്‍പ്പിച്ചത് ചിത്രീകരിച്ചതെന്നും ഡോക്യുമെന്ററി പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതോടെ ബാലചന്ദ്രനെ തടവിലാക്കിയ ശേഷം പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. 2009 ല്‍ ശ്രീലങ്കയിലെ തമിഴ് ചെറുത്തുനില്‍പ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മുമ്പ് എടുത്തതാണ് ഈ ചിത്രങ്ങളെന്ന് ചാനല്‍ അധികൃതര്‍ അവകാശപ്പെട്ടു.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ചാനല്‍ ഫോറിന്റെ നോ വാര്‍ സോണ്‍, കില്ലീംങ് ഫീല്‍ഡ്‌സ് ഓഫ് ശ്രീലങ്ക എന്ന ഡോക്യുമെന്റിയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഈ ഡോക്യുമെന്ററി അടുത്ത മാസം ജനീവയില്‍ യു.എന്‍ മനുഷ്യവകാശ കൗണ്‍സില്‍ യോഗം ചേരുന്ന അതേ സമയം പ്രദര്‍ശിപ്പിക്കുമെന്ന് ചാനല്‍ അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായി കടുത്ത നടപടികളിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം.

Advertisement