കണ്ണൂര്‍: ജനരക്ഷാ മാര്‍ച്ചിനിടെ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍.ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സി.പി.ഐ.എമിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്നും സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പില്‍ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്‍, നാരായണ ഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണ് സി.പി.ഐ.എമ്മിന്റെ തകര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കൊടികളില്‍ ചെഗുവരെയെ ആലേഖനം ചെയ്തിരിക്കുകയാണ് എന്നാല്‍ ചെഗുവേര ഇന്ത്യയില്‍ വന്നപ്പോള്‍ സി.പി ജോഷി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ ചെയുടെ യഥാര്‍ത്ഥ ചരിത്രം നന്നായി അറിയാമായിരുന്നതിനാല്‍ സ്വീകരിക്കാന്‍ പോയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read പ്രിയപ്പെട്ട പിണറായി നിരോധനാജ്ഞ പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും എനിക്കില്ല; അമിത്ഷാക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹമാണ് ആശങ്കപ്പെടുത്തിയത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല


കേരളത്തിന്റെ വൈവിധ്യം നിലനിര്‍ത്താനാണ് തങ്ങള്‍ യാത്ര നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ ഒരു കൊടിയും, ഒരു പാര്‍ട്ടിയും മതിയെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഹിന്ദു മഹാസഭയുടെ അധ്യക്ഷനാകുന്നതിന് മുമ്പ് സി.പി.ഐക്കാരനായിരുന്നെന്നും ചാറ്റര്‍ജിയെ ലോക്‌സഭയില്‍ എത്തിച്ചത് അവരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം മറച്ചു വെച്ച് ആര്‍ എസ് എസിനെ പഴിപറയുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നും ഏറ്റുമുട്ടലും സംഘട്ടനവും ഹരമാക്കിയ സിപിഎം അതില്‍ നിന്ന് പിന്മാറണമെന്നും കുമ്മനം തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.