എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സെല്‍ഫ് റഗുലേഷന്‍ അനിവാര്യം
എഡിറ്റര്‍
Saturday 6th October 2012 2:33pm

ഏഴാംകൂലികളായാണ് പത്രപ്രവര്‍ത്തക സമൂഹം തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. ഇതിനു കാരണവുമുണ്ട്. ഇവ തുടങ്ങുന്നതിന് താരതമ്യേന ചെലവുകുറവാണെന്ന ധാരണയും വെറും കോപ്പിപേസ്റ്റ് മാത്രമാണ് ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനമെന്ന തോന്നലുമാണ് ഇവരെ അയിത്തക്കാരാക്കി നിലനിര്‍ത്തുന്നത്. സെബിന്‍ എബ്രഹാം ജേക്കബ് എഴുതുന്നു


എസ്സേയ്‌സ് / സെബിന്‍ എബ്രഹാം ജേക്കബ്


മറുനാടന്‍ മലയാളി എന്നത് ഇന്ന് ഒരു തര്‍ക്കത്തിന്റെ കൂടി പേരാണ്. കേരളത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്നതും മറുനാട്ടില്‍ കഴിയുന്ന മലയാളികളെ വായനക്കാരായി കണക്കാക്കുന്നതുമായ ഓണ്‍ലൈന്‍ മാധ്യമമായിരുന്നു അത്. ഇനീഷ്യേറ്ററും ഡെവലപ്പറും തമ്മിലുണ്ടായ ഉടമസ്ഥതാതര്‍ക്കത്തെ തുടര്‍ന്നാണ് ഈ പേര് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

തര്‍ക്കത്തിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. കേരളത്തില്‍ നിന്നു തന്നെയുള്ള മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പത്രാധിപര്‍ എന്ന നിലയില്‍ എന്റെ പരിചിന്തനം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അംഗീകാരം സംബന്ധിച്ചാണ്. ഉടമസ്ഥതാത്തര്‍ക്കം അതിന്റെ ഒരു ഭാഗം മാത്രവും.

Ads By Google

ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന നിലയില്‍ പേരെടുത്ത ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ക്രിക്കറ്റ് സംബന്ധമായ വിവരങ്ങളുടെ അക്ഷയഖനിയായ ക്രിക് ഇന്‍ഫോ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇ.എസ്.പി.എന്‍ എന്ന സ്‌പോര്‍ട്‌സ് ചാനല്‍ ക്രിക്ഇന്‍ഫോയെ വര്‍ഷങ്ങള്‍ക്കുമുമ്പ് വിലപറഞ്ഞു സ്വന്തമാക്കിയതില്‍ നിന്നുതന്നെ, അതിന്റെ പ്രാധാന്യമൂഹിക്കാം.

റെഡിഫ് പോലെ മറ്റു സേവനങ്ങളോടൊപ്പം വാര്‍ത്താധിഷ്ഠിതമായ അഭിപ്രായസ്വരൂപണവും നടത്തുന്ന സൈറ്റുകളുണ്ട്. വണ്‍ഇന്ത്യ പോലെ, വെബ്ദുനിയ പോലെ ഇന്ത്യയിലെ പ്രമുഖഭാഷകളിലെല്ലാം സ്വന്തമായി വാര്‍ത്താപോര്‍ട്ടലുകളുള്ള വമ്പന്‍ ഗ്രൂപ്പുകളുണ്ട്.

സ്‌പൈക്യാമറകളെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച തെഹല്‍ക്ക തുടങ്ങിയതുതന്നെ വെബ് പോര്‍ട്ടലായാണ്.

ഇന്ന് മലയാളത്തിലുള്ള ഓണ്‍ലൈന്‍ സ്റ്റാര്‍ട്ട് അപ്പുകളെ കുറിച്ചുള്ള അതേ ആക്ഷേപം ഒരു ദാക്ഷിണ്യവും കൂടാതെ  മാതൃഭൂമിക്കും മനോരമക്കുമെതിരെ പറയാമായിരുന്നു

ഡിജിറ്റല്‍ ക്രോണിക്ക്ള്‍ പോലെ നിലവിലുള്ള വര്‍ത്തമാനപത്രങ്ങള്‍ അവയുടെ ഭാഗമായല്ലാതെ പ്രത്യേകമായി തന്നെ തുടങ്ങിയ പോര്‍ട്ടലുകളുമുണ്ട്. ഓപ്പണ്‍ മാഗസിന്‍ ആവട്ടെ, പ്രിന്റിലെന്നപോലെ ഓണ്‍ലൈനിലും നിറസാന്നിധ്യമാണ്.

ഫസ്റ്റ്‌പോസ്റ്റ് പോലെ ഏറ്റവും ഒടുവിലായി വന്നവയുമുണ്ട്. ഇവയൊക്കെ ദേശീയമാധ്യമരംഗത്ത് രണ്ടു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. മുംബൈയിലും മറ്റും പ്രസ് ക്ലബ്ബ്അംഗത്വവും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദനീയമായ സകലവിധ സര്‍ക്കാര്‍ സൗജന്യങ്ങളും ഇവരുടെ വാര്‍ത്താപ്രവര്‍ത്തകര്‍ക്കു ലഭ്യമാണ്.

ഓണ്‍ലൈന്‍ ഏഴാംകൂലികള്‍

കേരളത്തിലേക്കു വരുമ്പോള്‍ സ്ഥിതി മാറുന്നു. പലപ്പോഴും ഏഴാംകൂലികളായാണ് പത്രപ്രവര്‍ത്തക സമൂഹം തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. ഇതിനു കാരണവുമുണ്ട്. ഇവ തുടങ്ങുന്നതിന് താരതമ്യേന ചെലവുകുറവാണെന്ന ധാരണയും വെറും കോപ്പിപേസ്റ്റ് മാത്രമാണ് ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനമെന്ന തോന്നലുമാണ് ഇവരെ അയിത്തക്കാരാക്കി നിലനിര്‍ത്തുന്നത്. കേബിള്‍ ടിവിയും ഇന്റര്‍നെറ്റ് കണക്ഷനും മെനക്കെടാന്‍ രണ്ടു പേരുമുണ്ടെങ്കില്‍ ആര്‍ക്കും ഓണ്‍ലൈനില്‍ പത്രം തുടങ്ങാം എന്നാണ് പൊതുധാരണ.

ഈ ധാരണയ്ക്ക് വഴിവച്ചത് മുഖ്യധാരാപത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ തന്നെയാണെന്നതാണു വസ്തുത. ദീപിക, കേരളകൗമുദി എന്നീ ദിനപത്രങ്ങളായിരുന്നു, കേരളത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ രംഗത്തു ചുവടുറപ്പിച്ച വര്‍ത്തമാനപത്രങ്ങള്‍.

മംഗളവും മാതൃഭൂമിയും മനോരമയുമൊക്കെ പിന്നാലെയാണെത്തിയത്. ഇവയുടെയൊക്കെ തുടക്കകാലത്തെ രീതി പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇന്ന് മലയാളത്തിലുള്ള ഓണ്‍ലൈന്‍ സ്റ്റാര്‍ട്ട് അപ്പുകളെ കുറിച്ചുള്ള അതേ ആക്ഷേപം ഒരു ദാക്ഷിണ്യവും കൂടാതെ ഇവയ്‌ക്കെതിരെയും പറയാമായിരുന്നു.

സൈബര്‍ സ്റ്റുഡിയോയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍. അതില്‍ വരുന്ന വാര്‍ത്തകള്‍ നോക്കി തത്സമയമുള്ള മണ്ടന്‍ പരിഭാഷകള്‍. അതുതിരുത്തപ്പെടുന്നത് അരമണിക്കൂറെങ്കിലും കഴിഞ്ഞായിരിക്കും. അതിനോടകം ഒരു സൈറ്റില്‍ വന്ന പരിഭാഷ മറ്റൊരു പത്രത്തിന്റെ വെബ്‌പേജിലും ചില്ലറ മിനുക്കുപണികളോടെ എത്തിയിട്ടുണ്ടാവും. രാഷ്ട്രദീപിക ഓണ്‍ലൈനായിരുന്നു പലപ്പോഴും ഏറ്റവും അപ്‌ഡേറ്റഡ്.

ഓണ്‍ലൈന്‍ സാധ്യതകള്‍ കണ്ടറിഞ്ഞ് കലാകൗമുദി ഗ്രൂപ്പ് അവരുടെ പ്രസിദ്ധീകരണങ്ങളെല്ലാം സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കി. വെള്ളിനക്ഷത്രത്തിന്റെ ഓണ്‍ലൈനിലും മറ്റും നല്‍കിയ ഡസണ്‍കണക്കിനു ഫോട്ടോകളും സ്‌റ്റോറികളും അപ്‌ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കകം ഫ്രീ ടു ഓള്‍ ആയ മിറര്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ കേസെടുക്കുമെന്ന ഭീഷണിയും മറ്റും പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല.

ഇതിനുമൊക്കെ എത്രയോ ശേഷമാണ് വെബ്ബില്‍ സോഷ്യല്‍ മീഡിയകള്‍ ചുവടുറപ്പിക്കുന്നത്. ഇഗ്രൂപ്‌സ്, യാഹൂഗ്രൂപ്‌സ്, ഗൂഗിള്‍ ഗ്രൂപ്‌സ് തുടങ്ങിയ മാസ് മെയിലിങ് ലിസ്റ്റുകള്‍, ബ്ലോഗിങ് പ്ലാറ്റ്‌ഫോമുകളായ ബ്ലോഗ്‌സ്‌പോട്ട്, വേര്‍ഡ്പ്രസ്, ടംബ്ലര്‍, മൈക്രോ ബ്ലോഗിങ് ക്ലയന്റായ ട്വിറ്റര്‍, ഐഡന്റിക്ക, ഫോട്ടോ ഷെയറിങ് സൈറ്റുകളായ ഫഌക്കര്‍, 500px, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഓര്‍ക്കുട്ട്, ഫേസ്ബുക്, ഗൂഗിളിന്റെ പൂട്ടിപ്പോയ ബസ്, വേവ്, ഇപ്പോള്‍ നിലവിലുള്ള പ്ലസ്, എന്നിങ്ങനെ നിരവധി സേവനങ്ങള്‍ മലയാളികള്‍ കൂട്ടത്തോടെ ഉപയോഗപ്പെടുത്താനാരംഭിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Advertisement